ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതി: ബ്രിട്ടന് മുന്നറിയിപ്പുമായി ടാറ്റ

#Money Desk
Photo: Gettyimages
Photo: Gettyimages

ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതി ബ്രിട്ടനെ ഡംപിങ് കേന്ദ്രമാക്കുമെന്നും തൊഴിലവസരങ്ങൾ കുറയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി ടാറ്റ.

ചൈന, ഇന്ത്യ, വിയറ്റ്‌നാം എന്നിവിടങ്ങളിൽനിന്ന് നികുതിയില്ലാത്ത ഇറക്കുമതി ക്വാട്ട വർധിപ്പിച്ച സാഹചര്യത്തിലാണ് ടാറ്റയുടെ മുന്നറിയിപ്പ്. പുതിയ വ്യവസ്ഥ പ്രകാരം വിയറ്റ്‌നാമിൽനിന്നുള്ള ഇറക്കുമതി 51,000 ടണ്ണിൽനിന്ന് 1,74,000 ടണ്ണായി വർധിപ്പിച്ചു. ഇന്ത്യയുടേതാകട്ടെ 98,000 ടണ്ണിൽനിന്ന് 1,25,000 ടണ്ണായും ഉയർത്തി. ഈ പരിധിക്ക് പുറത്തുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവയാണ് ഈടാക്കുക.

യുകെയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാതാക്കളായ ടാറ്റ അവിടത്തെ ലാവൻഡർ പ്ലാന്റിൽ പ്രതിവർഷം 6,00,000 ടൺ ഗാൽവനൈസ്ഡ് സ്റ്റീൽ ഉത്പാദിപ്പിക്കുന്നുണ്ട്. അതായത്, ഇന്ത്യക്കും വിയറ്റ്‌നാമിനും മാത്രമായി യുകെയുടെ വാർഷിക ഉത്പാദനത്തിന്റെ പകുതിയോളം താരിഫ് ഇല്ലാത്ത ഉരുക്ക് കയറ്റുമതി ചെയ്യാൻ കഴിയും.

അതുകൊണ്ടുതന്നെ നിലവിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തിയില്ലെങ്കിൽ യുകെയിലെ ടാറ്റയുടെ നിലനില്പുതന്നെ പ്രതിസന്ധിയിലാകും. മറ്റ് വിപണികളിൽനിന്ന് തിരിച്ചുവിടുന്ന വില കുറഞ്ഞ ഉരുക്കിന്റെ ഡമ്പിങ് ഗ്രൗണ്ടായി യുകെ മാറുമെന്നും ആഭ്യന്തര നിർമാണത്തെ അത് ബാധിക്കുമെന്നും ടാറ്റ പറയുന്നു.

യൂറോപ്യൻ യൂണിയൻ പോലുള്ള മറ്റ് വിപണികൾ യുകെയിൽനിന്നുള്ള താരിഫ് രഹിത ക്വാട്ട കുറയ്ക്കുകയാണ്. അതേസമയം, യുകെയാകട്ടെ ഇറക്കുമതി ഉദാരമാക്കുന്നതിനാൽ മറ്റ് വിപണികളിൽനിന്ന് ഒഴിവാക്കുന്ന വില കുറഞ്ഞ സ്റ്റീൽ രാജ്യത്തെത്തുന്നതിന് കാരണമാകും. സ്റ്റീൽ വ്യവസായം അസ്ഥിരമാകുന്നതോടെ ആയിരക്കണക്കിന് തൊഴിലവസങ്ങൾ നഷ്ടമാകുമെന്നും ടാറ്റ മുന്നറിയിപ്പ് നൽകുന്നു.

Content Highlights: Increased tax-free steel import quotas for India and Vietnam threaten UK production., Tata warns that the UK risks becoming a dumping ground for cheap global steel., Potential for massive job losses in the UK steel manufacturing sector., Disparity between UK's liberal import policies and restrictive EU quotas.