ക്ലെയിം വൈകിയതിന്റെ പേരിൽ ഇൻഷുറൻസ് തുക തടയാനാകില്ല: എസ്ബിഐ 5 ലക്ഷം നൽകണം

പ്രതീകാത്മക ചിത്രം| Photo: AFP
പ്രതീകാത്മക ചിത്രം| Photo: AFP

നാഗ്പുർ: ഭർത്താവിന്റെ മരണത്തെത്തുടർന്ന് ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കാൻ ആറുവർഷം വൈകിയെങ്കിലും ഭാര്യക്ക് അഞ്ചുലക്ഷം രൂപ നൽകണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നാഗ്പുർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. പെട്ടെന്നുള്ള വിയോഗത്തിന്റെ മാനസികാഘാതത്തിൽനിന്ന് കരകയറാൻ സമയമെടുക്കുന്നതു സ്വാഭാവികമാണെന്നും 90 ദിവസത്തെ ക്ലെയിം കാലാവധിപറഞ്ഞ് ബാങ്കിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് അറിയിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു സ്ഥാപനത്തിന് 90 ദിവസത്തെ ക്ലെയിം ഒരു കവചമായി ഉപയോഗിക്കാൻ കഴിയില്ല. പരാതിനൽകിയ തീയതിയായ 2019 സെപ്റ്റംബർ അഞ്ചുമുതൽ ആറുശതമാനം വാർഷികപലിശയോടെ അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് തുക നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ഉത്തരവിട്ടു.

നാഗ്പുർ ട്രൈ ജങ്ഷൻ കന്റോൺമെന്റ് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്ന ഭർത്താവ് 2013 സെപ്റ്റംബറിൽ വാഹനാപകടത്തിൽ മരിച്ചു. ഡെബിറ്റ് കാർഡ് ഉടമകൾക്ക് അഞ്ചുലക്ഷംരൂപവരെ ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന വിവരം ബാങ്ക് തന്നെയോ ഭർത്താവിനെയോ അറിയിച്ചിരുന്നില്ലെന്ന് ഭാര്യ പരാതിയിൽ പറഞ്ഞു. 2019 മാർച്ച് 26-നാണ് ഇവർ ക്ലെയിമിനായി ബാങ്കിനെ സമീപിച്ചത്. രേഖകൾ നൽകിയിട്ടും ബാങ്ക് തീരുമാനമെടുക്കാതെ വന്നതോടെയാണ് തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്.

മാസ്റ്റർകാർഡ് ക്ലാസിക് വിഭാഗം ഡെബിറ്റ് കാർഡിന് ഇൻഷുറൻസ് പരിരക്ഷ ബാധകമല്ലെന്നും 90 ദിവസത്തിനകം ക്ലെയിം നൽകിയില്ലെന്നുമാണ് ബാങ്കിന്റെ വാദം. ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഇൻഷുറൻസ് വിവരം പ്രത്യേകം നൽകാറില്ലെന്നും ബാങ്ക് പറഞ്ഞു. മറ്റ് ഡെബിറ്റ് കാർഡുകൾക്ക് ഫീസ് ഈടാക്കാതെ ഇൻഷുറൻസ് നൽകുമ്പോൾ മാസ്റ്റർകാർഡ് ക്ലാസിക് ഒഴിവാക്കിയതിനു വ്യക്തമായ രേഖയോ നിബന്ധനയോ ബാങ്ക് ഹാജരാക്കിയില്ല. സമാന സാഹചര്യത്തിൽ ഉപഭോക്താക്കളോട് വ്യത്യസ്തസമീപനം സ്വീകരിക്കുന്നത് സേവനത്തിലെ ന്യൂനതയും അനീതിയുമാണ്.

ഇൻഷുറൻസ് വിവരം ഉപഭോക്താവിനെയോ അവകാശികളെയോ അറിയിച്ചതിനു തെളിവില്ല. അറിഞ്ഞിരുന്നെങ്കിൽ അവർ ആവശ്യമായ നടപടി സ്വീകരിക്കുമായിരുന്നു. മാനസിക വേദനയ്ക്കും വ്യവഹാര ചെലവുകൾക്കുമായി 10,000 രൂപ അധികമായി നൽകാനും ബാങ്കിനോട് ഉത്തരവിട്ടു.

Content Highlights: Consumer court ruled that insurance claims cannot be rejected solely due to a 90-day filing delay., Mental trauma and lack of awareness are valid grounds for delay in filing., Banks are obligated to inform debit card holders about insurance coverage benefits., SBI ordered to pay Rs 5 lakh with 6% annual interest plus litigation costs., Discriminatory application of insurance policies across different card types is considered a service deficiency.