നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരിവിറ്റഴിക്കാൻ സർക്കാർ

Representative image|photo:CANVA
Representative image|photo:CANVA

മുംബൈ: നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളിൽ ഉടമകളുടെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കണമെന്ന സെബി നിബന്ധന പാലിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയിലെ ഓഹരികളാണ് വിറ്റഴിക്കുക.

ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓഹരി വിൽപ്പനയാകും ആദ്യം നടക്കുകയെന്നാണ് സൂചന. ക്യു.ഐ.പി. മാതൃകയിൽ തിരഞ്ഞെടുത്ത നിക്ഷേപകസ്ഥാപനങ്ങൾക്ക് ഓഹരി കൈമാറിക്കൊണ്ടായിരിക്കുമിത്. ഇത്തരത്തിൽ 5,000 കോടി രൂപ വരെ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. വിപണിയിൽ അനുകൂലസാഹചര്യം വിലയിരുത്തി മാർച്ചിനു മുൻപ് ഓഹരി വിൽപ്പന പൂർത്തിയാക്കാനാണു നീക്കം. നിലവിൽ ബാങ്കിൽ 92.44 ശതമാനം ഓഹരികളാണ് സർക്കാരിനുള്ളത്. ഇത് 75 ശതമാനമായി കുറയ്ക്കേണ്ടതുണ്ട്. 2025 -26 സാമ്പത്തികവർഷം ബാങ്കിന്റെ 2.17 ശതമാനം ഓഹരികൾ 1,419 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു.

സെൻട്രൽ ബാങ്കിൽ സർക്കാരിന് 81.19 ശതമാനം പങ്കാളിത്തമുണ്ട്. 2025, 26 വർഷങ്ങളിലായി 8.08 ശതമാനം ഓഹരികൾ വിറ്റഴിച്ചശേഷമാണിത്. അന്ന് 2,666 കോടി രൂപയായിരുന്നു സമാഹരിച്ചത്. യൂകോ ബാങ്കിൽ 90.95 ശതമാനവും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 93.85 ശതമാനവും ഓഹരികളാണ് സർക്കാരിനുള്ളത്. 2025-ൽ യൂകോ ബാങ്ക് 2,000 കോടിയും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 1,219 കോടിയും ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ ഓഹരി വിൽപ്പന പൂർത്തിയാക്കി സർക്കാർ ഓഹരി പങ്കാളിത്തം 80 ശതമാനത്തിലേക്കു കുറച്ചുകൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും സർക്കാർവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതിനിടെ രണ്ടു പൊതുമേഖല ബാങ്കുകൾകൂടി സ്വകാര്യവത്കരിക്കാനുള്ള സാധ്യതകൾ സർക്കാർ വീണ്ടും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഐ.ഡി.ബി.ഐ. ബാങ്ക് സ്വകാര്യവത്കരണം അവസാനഘട്ടത്തിലേക്കു കടന്നതിനു പിന്നാലെയാണ് വീണ്ടും ബാങ്ക് സ്വകാര്യവത്കരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുന്നത്. എന്നാൽ, ഇതേക്കുറിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല.

Content Highlights: Central government plans to sell stakes in four public sector banks to meet SEBI's 75% promoter holding norm., Banks involved are Central Bank of India, UCO Bank, Punjab and Sind Bank, and Indian Overseas Bank., Indian Overseas Bank is expected to lead the stake sale via QIP aiming to raise up to Rs 5,000 crore., The stake sales are targeted to be completed before March of the current financial year.