ഐആർസിടിസിയുടെ പരിഷ്‌കരിച്ച വെബ്‌സൈറ്റ് വഴി ഇനി വേഗത്തിൽ, എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

ഐആർസിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് ജൂലായ് 15ന് പുറത്തിറക്കും. യാത്രക്കാരുടെ പരാതികൂടി പരിഹരിച്ചായിരിക്കും പുതിയ വെബ്‌സൈറ്റ് അവതരിപ്പിക്കുക. തത്കാൽ ബുക്കിങ് സമയത്തുണ്ടാകുന്ന സാങ്കേതിക തടസ്സം കുറയ്ക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ വെബ്‌സൈറ്റ് തകരാറിലാകാതിരിക്കാൻ സർവർശേഷി വർധിപ്പിച്ചതോടൊപ്പം റെയിൽവെയുടെ പാസഞ്ചർ റിസർവേഷൻ സംവിധാനം പൂർണമായും നവീകരിച്ചു.
സവിശേഷത | നിലവിലെ സംവിധാനം | അപ്‌ഗ്രേഡ് ചെയ്ത സംവിധാനം |
|---|---|---|
മിനിറ്റിൽ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകൾ | 32,000 | 1.5 ലക്ഷത്തിലധികം |
മിനിറ്റിൽ സാധ്യമായ അന്വേഷണങ്ങൾ | 4 ലക്ഷം | 40 ലക്ഷത്തിലധികം |
പുതിയ വെബ്‌സൈറ്റ് വന്നാൽ ബുക്കിങ് സമയത്തുണ്ടാകുന്ന സാങ്കേതിക തടസ്സം, പണമിടപാട് പരാജയപ്പെടൽ എന്നിവയ്ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ആഗോളതലത്തിൽ ഉപയോഗിക്കുന്ന ആധുനിക ബുക്കിങ് പ്ലാറ്റ്‌ഫോമുകൾക്ക് സമാനമായ നിലവാരത്തിലാണ് വെബ്‌സൈറ്റ് നവീകരിച്ചിട്ടുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾതന്നെ മുൻകൂട്ടി നിശ്ചയിച്ച സീറ്റുകൾക്ക് പകരം യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടാകും. വിവിധ തീയതികളിലെ ടിക്കറ്റ് നിരക്കുകൾ താരതമ്യം ചെയ്ത് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അവസരമുണ്ടാകും. സ്ലീപ്പർ, എസി 3 ടയർ, എസി 2 ടയർ തുടങ്ങി എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരൊറ്റ സ്‌ക്രീനിൽ കാണാം. ഓരോ ക്ലാസിനുംവേണ്ടി പ്രത്യേകം തിരയേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. ബുക്കിങ് വേഗത്തിലാക്കാൻ ആവർത്തിച്ചുള്ള കാപ്ച വെരിഫിക്കേഷനും പരസ്യങ്ങളും പോപ്പ്-അപ്പുകളും കുറച്ചിട്ടുമുണ്ട്. വിദ്യാർഥികൾ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്കുള്ള യാത്രാ ഇളവുകൾ ഏകീകൃത സംവിധാനത്തിലൂടെ ലഭ്യമാകും.
Content Highlights: Launch of upgraded IRCTC booking portal on July 15., Enhanced server capacity to handle peak-time traffic., Improved seat selection and unified fare comparison., Reduced technical glitches and simplified payment processes., Streamlined concession system for students, disabled, and patients.