പുതിയ കേന്ദ്ര ടാക്‌സ് നിയമ ഭേദഗതി: ഫെബ്രുവരി 13ന് കടകള്‍ അടച്ചിടാന്‍ വസ്ത്ര വ്യാപാരികള്‍

തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാര്‍  എം.എസ്.എം.ഇ സ്ഥാപനങ്ങളെ സഹായിക്കാന്‍ കൊണ്ടുവന്ന 43(B)h നിയമഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് കേരള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.2023 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഫിനാന്‍സ് ആക്ടിലെ 43 (ബി) എ ച്ച് നിയമ ഭേദഗതി പ്രകാരം വ്യാപാരികള്‍ ചെറുകിട സൂക്ഷമ (MSME) വിഭാഗത്തില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ 15 ദിവസത്തിനുള്ളിലും പ്രത്യേക കരാര്‍ ഉണ്ടെങ്കില്‍ 45 ദിവസത്തിനുള്ളിലും പേയ്‌മെന്റ് കൊടുത്തു തീര്‍ക്കണമെന്നും അല്ലാത്ത പക്ഷം വര്‍ഷ അവസാനം അത്തരം തുകകള്‍ ഉല്‍പ്പന്നം വാങ്ങിയ കടക്കാരന്റെ വരുമാനമായി കണക്കാക്കി 32% ടാക്‌സ് ഈടാക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ മൊത്തം വ്യാപാര മേഖലക്കും താങ്ങാനാവാത്ത പ്രത്യാഘാതങ്ങള്‍ ഈ പുതിയ നിയമം വഴി ഉണ്ടാകും. വ്യാപാരികള്‍ക്കോ ചെറുകിട വ്യവസായികള്‍ക്കോ ഉപകാരമില്ലാത്ത ഈ നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് KTGA കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര MSME മന്ത്രി, ടെക്‌സ്‌റ്റൈല്‍ മിനിസ്റ്റര്‍ എന്നിവര്‍ക്കും കേരളം ധനകാര്യ വകുപ്പ് മന്ത്രിക്കും കേരളം എംപി മാര്‍ക്കും അടിയന്തിര നടപടി ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീകാന്ത്, സംസ്ഥാന ഭാരവാഹികളായ ഷാനവാസ്, എം.എന്‍. ബാബു, നവാബ് ജാന്‍, ജൗഹര്‍, ബാപ്പു,  ഷെരീഫ്, ജുനൈദ്, നിസാമുദീന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍ സ്വാഗതവും സജീവ് നന്ദിയും പറഞ്ഞു.
 

Content Highlights: New Clause (H) of Section 43B with Applicable Date & Effect