മുത്തൂറ്റ് എംക്രെഡ് എം.ഡി. മാത്യു മുത്തൂറ്റിനും സി.ഇ.ഒ. പി.ഇ. മത്തായിക്കും പുരസ്കാരം

കൊച്ചി: മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ (മുൻപ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) മുൻനിര നേതൃത്വത്തിന് അംഗീകാരം. നാലാമത് പ്രോഫിറ്റ് ടസ്കർ സമ്മിറ്റ് - ബ്രാൻഡ് കേരളം കോൺക്ലേവ് 2026-ലാണ് ഈ പുരസ്കാരങ്ങൾ സമ്മാനിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അവാർഡുകൾ സമ്മാനിച്ചു.
മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് 'മോസ്റ്റ് പ്രോമിസിങ് എൻട്രപ്രണർ അവാർഡ്' കരസ്ഥമാക്കി. നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്ഥാപനത്തിന്റെ പാരമ്പര്യം വരുംതലമുറകളിലേക്ക് കൈമാറുന്നതിനൊപ്പം ബിസിനസ് വിപുലീകരണത്തിനും പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും ധനകാര്യ സേവനമേഖലയിൽ കമ്പനിയുടെ സ്ഥാനം കൂടുതൽ ഭദ്രമാക്കുന്നതിനും അദ്ദേഹം നൽകിയ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനുള്ള അംഗീകാരമാണിത്.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ഇ. മത്തായി 'ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ കരിയർ എക്സലൻസ് അവാർഡ്' നേടി. ധനകാര്യമേഖലയിൽ അഞ്ചുപതിറ്റാണ്ടിലേറെ മാതൃകാപരമായ പ്രവർത്തനപരിചയമുള്ള അദ്ദേഹം, 2019-ൽ സി.ഇ.ഒ. ആയി ചുമതലയേറ്റതുമുതൽ മുത്തൂറ്റ് എംക്രെഡിന്റെ തന്ത്രപ്രധാനമായ പരിവർത്തനത്തിന് ചുക്കാൻ പിടിച്ചു. കമ്പനിയുടെ പ്രവർത്തനം മികവുറ്റതാക്കുന്നതിനും മികച്ച ഉപഭോക്തൃ സേവനത്തിനും സുസ്ഥിരമായ ബിസിനസ് വളർച്ചയ്ക്കും അദ്ദേഹത്തിന്റെ ദീർഘകാല അനുഭവസമ്പത്ത് കരുത്തായി.
എഫ്.വൈ.ബി.ബി., ദി പ്രോഫിറ്റ് ന്യൂസ്, ഐ.സി.ടി.ഇ.പി. കൗൺസിൽ എന്നിവർ സംയുക്തമായാണ് പ്രോഫിറ്റ് ടസ്കർ സമ്മിറ്റ് സംഘടിപ്പിച്ചത്. കേരളത്തിന്റെ സാമ്പത്തിക സാധ്യതകൾ, നിക്ഷേപ അവസരങ്ങൾ, ഭാവി വളർച്ച എന്നിവ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനായി വ്യവസായ പ്രമുഖരും സംരംഭകരും വിവിധ പങ്കാളികളും ഈ ഉച്ചകോടിയിൽ പങ്കെടുത്തു.
Content Highlights: Muthoot MCred MD Mathew Muthoot won the Most Promising Entrepreneur Award., CEO P.E. Mathai received the Lifetime Achievement in Career Excellence Award., Awards were presented at the 4th Profit Tusker Summit - Brand Kerala Conclave 2026.