ലൈഫ് ഇൻഷുറൻസ് പോളിസികളുടെ ഏജൻസി കമ്മിഷന് നിയന്ത്രണം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ലൈഫ് ഇൻഷുറൻസ് പോളിസികളുടെ എജൻസി കമ്മിഷന് നിയന്ത്രണ നിർദേശവുമായി ഇൻഷുറൻസ് നിയന്ത്രണ ഏജൻസി ഐ.ആർ.ഡി.എ.ഐ. പോളിസിയുടെ പെയ്മന്റ് കാലയളവനുസരിച്ച് വ്യത്യസ്ത നിരക്കു കൊണ്ടുവരുന്നതിനുള്ള കരടു നിർദേശമാണ് ഐ.ആർ.ഡി.എ. ഐ. മുന്നോട്ടുവെച്ചിരിക്കുന്നത്.

കാലാവധി കൂടിയ പോളിസികളിൽ വിതരണക്കാർക്ക് ആദ്യവർഷം ഉയർന്ന കമ്മിഷൻ ലഭിക്കും. അഞ്ചുവർഷത്തിൽത്താഴെയാണ് പ്രീമിയം കാലയളവെങ്കിൽ ആദ്യവർഷം വിതരണസ്ഥാപനങ്ങൾക്ക് അഞ്ചു ശതമാനവും ഏജന്റുമാർക്ക് 6.5 ശതമാനവുമാകും കമ്മിഷൻ നിരക്ക്. അഞ്ചുവർഷ കാലാവധിയിൽ ഇത് യഥാക്രമം പത്തുശതമാനവും 12.5 ശതമാനവുമാകും. ആറു മുതൽ എട്ടുവർഷം വരെ കാലയളവിൽ സ്ഥാപനങ്ങൾക്ക് 14 ശതമാനവും ഏജന്റുമാർക്ക് 17.5 ശതമാനവുമാണു നിരക്ക്. ഒൻപതു വർഷത്തിനിത് യഥാക്രമം 18 ശതമാനം, 22.5 ശതമാനം, പത്തു വർഷത്തിന് യഥാക്രമം 20 ശതമാനം, 25 ശതമാനം എന്നിങ്ങനെ വരുന്നു.

ഒറ്റ പ്രീമിയം ഉത്പന്നങ്ങൾക്കും നികുതിയിളവുകളുള്ള പോളിസികൾക്കും കുറഞ്ഞ കമ്മിഷനാണ് കരടിൽ നിർദേശിക്കുന്നത്. വ്യക്തിഗത സേവിങ്‌സ് പോളിസികൾക്ക് ആദ്യവർഷ കമ്മിഷൻ സ്ഥാപനങ്ങൾക്ക് ഒരു ശതമാനവും ഏജന്റുമാർക്ക് രണ്ടു ശതമാനവുമാണ് ശുപാർശ ചെയ്യുന്നത്. ഏജന്റുമാർക്കും വിതരണക്കാർക്കും ഇൻഷുറൻസ് നൽകുന്ന പെയ്മന്റുകളെല്ലാം കമ്മിഷന്റെ പരിധിയിലായിരിക്കുമെന്നും ഐ.ആർ.ഡി.എ. ഐ. വ്യക്തമാക്കുന്നു. ഇതുവരെ പത്തു ശതമാനം മുതൽ 35 ശതമാനം വരെയായിരുന്നു കാലാവധിക്കനുസരിച്ചുള്ള കമ്മിഷൻ നിരക്ക്. പുതിയ നിർദേശത്തിൽ പരമാവധി 25 ശതമാനം വരെയാണ് വ്യവസ്ഥ ചെയ്യുന്നത്.

Content Highlights: IRDAI introduced draft proposals to regulate and cap life insurance agency commissions based on payment tenure., Higher first-year commissions are proposed for long-term policies, with lower rates for short-term and single-premium products., Maximum commission rates are capped at 25 percent under the new regulations, compared to previous rates ranging up to 35 percent.