ബജറ്റിൽ മുൻഗണന അടിസ്ഥാന സൗകര്യത്തിനും ക്ഷേമത്തിനും

ബജറ്റ് അവതരിപ്പിക്കാനായി മുഖ്യമന്ത്രി വി.ഡി സതീശൻ കൻ്റോൺമെൻ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങുന്നു.
ബജറ്റ് അവതരിപ്പിക്കാനായി മുഖ്യമന്ത്രി വി.ഡി സതീശൻ കൻ്റോൺമെൻ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങുന്നു.

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിതനയം യാഥാർഥ്യമാക്കുന്നതിന് ബജറ്റിൽ തുടക്കമിടും.

കേരളത്തെ തുറമുഖനഗരമാക്കാനുള്ള 'മിഷൻ സമുദ്ര' പദ്ധതി പ്രഖ്യാപിക്കും. സംസ്ഥാനത്തെ വ്യോമയാനഹബ്ബാക്കാനുള്ള പദ്ധതികൾക്കും തുടക്കംകുറിക്കും. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകും.

പെൻഷൻപ്രായം ഉയർത്തില്ല. സർക്കാർജീവനക്കാർക്ക് രണ്ടുശതമാനം ഡി.എ. പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. ക്ഷേമപെൻഷൻ 2000-ത്തിൽനിന്ന് 3000 ആക്കുമെന്നാണ് യു.ഡി.എഫ്. വാഗ്ദാനം. ഇത് ഘട്ടംഘട്ടമായി നടപ്പാക്കാൻ ഈ ബജറ്റിൽത്തന്നെ ആദ്യവർധന പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇന്ദിരാഗാരന്റിയിൽ ഉൾപ്പെടെ പെൺകുട്ടികൾക്ക് മാസം 1000 രൂപ സഹായവും പ്രഖ്യാപിച്ചേക്കും.