വിപണിമൂല്യം ഉയർന്നു: ലോകത്തെ അഞ്ചാമത്തെ വലിയ ടെലികോം കമ്പനിയായി ജിയോ

#Money Desk
പ്രതീകാത്മക ചിത്രം | Photo: AI Generated Image
പ്രതീകാത്മക ചിത്രം | Photo: AI Generated Image

ലോകത്തിലെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ ലിസ്റ്റഡ് ടെലികോം കമ്പനിയായി ജിയോ പ്ലാറ്റ്‌ഫോംസ് മാറി. ഏഷ്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായും ജിയോ ഉയർന്നു. ഏഷ്യൻ വിപണിയിൽ ചൈന മൊബൈലിന് തൊട്ടുപിന്നിലാണ് ജിയോയുടെ സ്ഥാനം.

ബ്ലൂംബെർഗിന്റെ കണക്കുപ്രകാരം 13,700 കോടി ഡോളറാണ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ വിപണിമൂല്യം. 22,000 കോടി ഡോളർ മൂല്യമുള്ള ചൈന മൊബൈലിന് തൊട്ടുപിന്നിലായി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ലിസ്റ്റഡ് ടെലികോം കമ്പനിയാണ് ജിയോ പ്ലാറ്റ്‌ഫോംസ്.

കമ്പനി

വിപണി മൂല്യം

(ബില്യൺ ഡോളർ)

ചൈന മൊബൈൽ

220

വെരിസോൺ

182

ടി-മൊബൈൽ

158

എടി ആൻഡ് ടി

141

ജിയോ പ്ലാറ്റ്‌ഫോംസ്

137

ഡോയിച്ചെ ടെലികോം

136

ഭാരതി എയർടെൽ

128

ഏഷ്യൻ വിപണിയിലെ മുൻനിരക്കാരായ ചൈന മൊബൈലും ജിയോ ഉൾപ്പെടെയുള്ള മറ്റ് ഏഷ്യൻ ടെലികോം ഓപ്പറേറ്റർമാരും തമ്മിൽ വിപണിമൂല്യത്തിൽ പ്രകടമായ അന്തരം നിലനിൽക്കുന്നുണ്ട്. എങ്കിലും വേഗത്തിൽ വളരുന്ന ഇന്ത്യൻ ഡിജിറ്റൽ മേഖലയുടെ പിൻബലത്തിൽ ഏഷ്യൻ വൻകരയിലെ പ്രമുഖ ശക്തിയായി ഉയരാൻ ജിയോയ്ക്ക് സാധിച്ചു.

ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളിയായ ഭാരതി എയർടെലിനെക്കാൾ ഉയർന്ന മൂല്യത്തോടെ ആഭ്യന്തര വിപണിയിൽ ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു.

രാജ്യത്തെ മൊത്തം കമ്പനികളുടെ പട്ടികയെടുത്താൽ വിപണിമൂല്യത്തിൽ രണ്ടാമത്തെ വലിയ കമ്പനിയാണ് ജിയോ. 15.62 ലക്ഷം കോടി രൂപ മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഒന്നാമത്. ബുധനാഴ്ചയിലെ വ്യാപാരം അവസാനിക്കുമ്പോഴത്തെ നിലവാരപ്രകാരം 13.05 ലക്ഷം കോടി രൂപയാണ് ജിയോയുടെ വിപണിമൂല്യം. മൂന്നാമതുള്ള ഭാരതി എയർടെലിന്റെ മൂല്യമാകട്ടെ 12.16 ലക്ഷം കോടി രൂപയുമാണ്. 10.57 ലക്ഷം കോടിയുമായി എച്ച്.ഡി.എഫ്.സി. ബാങ്ക് നാലാമതുമാണ്.

ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിക്ഷേപകരുടെ എണ്ണത്തിലും ജിയോതന്നെയാണ് മുന്നിൽ. 79.8 കോടി ഓഹരി ഉടമകളാണ് നിലവിൽ കമ്പനിക്കുള്ളത്. ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന്റെ 61.2 ലക്ഷം എന്ന റെക്കോഡാണ് ജിയോ മറികടന്നത്.

Content Highlights: Jio Platforms is now the world's 5th most valuable listed telecom company with a valuation of $137 billion., It stands as Asia's 2nd largest telecom company, just behind China Mobile., Jio holds the top position in the domestic market, surpassing rival Bharti Airtel., Jio leads listed companies in investor count with 79.8 crore shareholders, breaking previous records.