നിർമാണമേഖലയിൽ 2,000 തൊഴിലവസരങ്ങളുമായി ജസ്പെയ്ഡ്

കൊച്ചി: റിയൽ എസ്റ്റേറ്റ്, കൃഷി, ടൂറിസം, നിർമാണം എന്നീ മേഖലകളെ സംയോജിപ്പിച്ച് കേരളത്തിൽ പുതിയ പദ്ധതികൾ വികസിപ്പിക്കാനൊരുങ്ങി കൊച്ചി ആസ്ഥാനമായ ജസ്പെയ്ഡ് ഇന്റർനാഷണൽ. റിസോർട്ട്, വില്ലകൾ, ഫ്ളാറ്റുകൾ, കൃഷി, ഇന്റഗ്രേറ്റഡ് ഫാമിങ്, ഫാം ടൂറിസം എന്നീ മേഖലകളെ പരസ്പരം ബന്ധിപ്പിച്ചുള്ള പദ്ധതികളാണ് കമ്പനി ആവിഷ്കരിക്കുന്നത്. ഇതുവഴി 2,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
വിദ്യാഭ്യാസം, ഭക്ഷ്യോത്പാദനം, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ചെയർമാൻ ഡോ. നിസാർ അബൂബക്കറും മാനേജിങ് ഡയറക്ടർ നിഷാദ് അബൂബക്കറും അറിയിച്ചു.
റിയൽ എസ്റ്റേറ്റ് മേഖലയെ കെട്ടിടനിർമാണത്തിലും ഭൂമി കൈമാറ്റത്തിലുംമാത്രം പരിമിതപ്പെടുത്താതെ കൃഷി, വിനോദസഞ്ചാരം, സംരംഭകത്വം എന്നിവയുമായി ബന്ധിപ്പിച്ച് കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി നേതൃത്വം വ്യക്തമാക്കി.
പ്രകൃതിയോടുചേർന്ന് ആഡംബരവാസം
ജസ്പെയ്ഡിന്റെ പ്രധാന പദ്ധതികളിലൊന്നാണ് വയനാട് പുൽപ്പള്ളിയിൽ 11 ഏക്കറിൽ വികസിപ്പിക്കുന്ന ‘കേവ് ഫോറസ്റ്റ്’. ഗുഹാമാതൃകയിലുള്ള 150 കോട്ടേജുകൾ അടങ്ങുന്ന പദ്ധതി ഗ്രാമീണ ആവാസവ്യവസ്ഥയിൽ ആഡംബരവും സ്വകാര്യതയും സമന്വയിപ്പിക്കുന്നു.
സ്വകാര്യ സ്വിമ്മിങ് പൂളും വെള്ളച്ചാട്ടവും ഓരോ കോട്ടേജിലും ഉൾപ്പെടുന്നുണ്ട്. ഇൻഫിനിറ്റി പൂൾ, കൺവെൻഷൻ സെന്റർ, ക്ലബ് ഹൗസ്, ജിം, ഓഡിറ്റോറിയങ്ങൾ, മിനി സൂ, ഡി.ജെ. ഹാൾ, ആയുർവേദ വെൽനെസ് സ്പാ, ട്രീ ഹൗസുകൾ, ആർട്ട് ഗാലറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ആദ്യഘട്ടത്തിലെ 84 കോട്ടേജുകളുടെ താക്കോൽദാനം 2027 ജനുവരിയിൽ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ നിഷാദ് അബൂബക്കർ പറഞ്ഞു.
റിസോർട്ടിനൊപ്പം ഫാം ഫോറസ്റ്റും
കേവ് ഫോറസ്റ്റിലെ അതിഥികൾക്ക് മികച്ച ഭക്ഷണവും കൃഷിയുമായി ബന്ധപ്പെട്ട നേരിട്ടുള്ള അനുഭവവും നൽകുക എന്ന ലക്ഷ്യത്തോടെ വയനാട് പാടിച്ചിറയിൽ 12 ഏക്കറിൽ സാൻഡൽവുഡ് ഫാം ഫോറസ്റ്റ് എന്ന പദ്ധതിയും ഒരുങ്ങുന്നു. ഇന്റഗ്രേറ്റഡ് ഫാമിങ്, ഫാം ടൂറിസം എന്നിവ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം.
കാക്കനാട്ട് ഫ്രാഗ്രന്റ് ഹെവൻ; കോഴിക്കോട്ട് ഗ്രീൻ മൗണ്ടെയ്ൻ
കൊച്ചി, കാക്കനാട്ട് ‘ഫ്രാഗ്രന്റ് ഹെവൻ’ എന്ന പേരിൽ 100 വില്ലകളുടെ പദ്ധതി നടപ്പിലാക്കും. 13 ഏക്കറിൽ ഒരുക്കുന്ന പദ്ധതിയിൽ ഓരോ വില്ലയ്ക്കും മൂന്നുകോടിയോളമാണ് വില. സ്കൂൾ അടക്കമുള്ള അനുബന്ധ സൗകര്യങ്ങളോടെയിരിക്കും നിർമാണം.
കോഴിക്കോട് അടിവാരത്ത് ‘ഗ്രീൻ മൗണ്ടെയ്ൻ’ എന്ന പേരിൽ വില്ലകളും ഫ്ളാറ്റുകളും ഉൾപ്പെടുന്ന സമഗ്ര വികസനപദ്ധതിയും കമ്പനി മുന്നോട്ടുവെയ്ക്കുന്നു. ടൂറിസം, അഡ്വഞ്ചർ ആൻഡ് ഫൺ പാർക്ക്, ഫാം ടൂറിസം, ഇന്റഗ്രേറ്റഡ് ഫാമിങ് എന്നിവയുമായി ബന്ധിപ്പിച്ചുള്ള വികസനമാണ് ഇവിടെ നടപ്പാക്കുകയെന്ന് കമ്പനി അറിയിച്ചു.
Content Highlights: Jaspaid International is launching integrated real estate, agriculture, and tourism projects in Kerala., The initiative will generate 2,000 new job opportunities in the construction and related sectors., Key projects include Cave Forest in Wayanad, Fragrant Haven in Kakkanad, and Green Mountain in Kozhikode.