ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 62 ലക്ഷം കോടിയായി

Photo: freepik.com
Photo: freepik.com

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) യുടെ കണക്കു പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 62 ലക്ഷം കോടി രൂപയായി. 13 ശതമാനമാണ്  വളര്‍ച്ച. 2023 മാര്‍ച്ചിലെ 54.62 ലക്ഷം കോടി രൂപയില്‍നിന്ന് 2024 മാര്‍ച്ചില്‍ 61.57 ലക്ഷം കോടിയായാണ് ആസ്തി ഉയര്‍ന്നത്. 

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍(എല്‍ഐസി)ആണ് കൂടുതല്‍ തുക കൈകാര്യം ചെയ്യുന്നത്. മൊത്തം ആസ്തിയുടെ 72 ശതമാനമാണ് എല്‍ഐസിയുടെ വിഹിതം. അതേസമയം ഒരു വര്‍ഷത്തിനിടെ എല്‍ഐസിയുടെ വിഹിതത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി. 

ഐആര്‍ഡിഎഐയുടെ 2024 മാര്‍ച്ചിലെ കണക്ക് പ്രകാരം എല്‍ഐസി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എയുഎം) 44.23 ലക്ഷം കോടി രൂപയാണ്. സ്വകാര്യ മേഖലയിലെ മൊത്തം വിഹിതമാകട്ടെ 17.33 ലക്ഷം കോടിയും. 3.85 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന എസ്ബിഐ ലൈഫ് ആണ് രണ്ടാമത്. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫിനെ പിന്തള്ളി എച്ച്ഡിഎഫ്‌സി ലൈഫ് മൂന്നാമതെത്തി. 2.87 ലക്ഷം കോടിയാണ് എച്ച്ഡിഎഫ്‌സിയുടെ എയുഎം. ഐസിഐസിഐയുടേത് 2.86 ലക്ഷം കോടിയുമാണ്. 

മാക്‌സ് ലൈഫ്(1.47 ലക്ഷം കോടി), ബജാജ് അലയന്‍സ് ലൈഫ് (1.07 ലക്ഷം കോടി), ടാറ്റ എഐഎ ലൈഫ്(96,000 കോടി), ആദിത്യ ബിര്‍ള സണ്‍ലൈഫ് (85,800 കോടി), കൊട്ടക് മഹീന്ദ്ര ലൈഫ്(79,200 കോടി), പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ (47,400 കോടി) എന്നിങ്ങനെയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി. രാജ്യത്ത് ആകെയുള്ള 25 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 18 കമ്പനികളുടെ ആസ്തിയില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തി. എല്‍ഐസിയുടെ എയുഎം 3.80 ലക്ഷം കോടി  രൂപ വര്‍ധിച്ചു. എസ്ബിഐ ലൈഫും എച്ച്ഡിഎഫ്‌സി ലൈഫും യഥാക്രമം 79,700 കോടി രൂപയുടെയും 50,100 കോടി രൂപയുടെയും വര്‍ധന രേഖപ്പെടുത്തി.  

Content Highlights: Life insurance sector shows 13% growth, with total assets under management reaching ₹62 trillion.