ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ വൻ ക്രമക്കേട്: ഓഹരിയിൽ 20% തകർച്ച

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഢ് ശാഖയിൽ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ 590 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഇതേ തുടർന്ന് ബാങ്കിന്റെ ഓഹരി വിലയിൽ 20 ശതമാനം ഇടിവ് നേരിട്ടു.
തട്ടിപ്പിന് കൂട്ടുനിന്ന ജീവനക്കാരെ ബാങ്ക് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എംപാനൽ ലിസ്റ്റിൽനിന്ന് ഹരിയാണ സർക്കാർ ബാങ്കിനെ നീക്കം ചെയ്യുകയും ചെയ്തു. ഫോറൻസിക് ഓഡിറ്റിനായി കെപിഎംജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ ബാങ്കിന്റെ അറ്റാദായം 503 കോടി രൂപയായിരുന്നു. തട്ടിപ്പ് തുക ഇതിനേക്കാൾ കൂടുതലാണ്. ക്രമക്കേട് നടന്ന സാഹചര്യത്തിൽ ബാങ്കിന്റെ മൂലധനം ഇതിലേക്ക് മാറ്റിവെയ്‌ക്കേണ്ടിവരും. ഇത് അറ്റാദായത്തെ ബാധിക്കുകയും ചെയ്യും. വിപണിയിൽ തിരിച്ചടി നേരിടാനണ്ടായ കാരണവും ഇതുതന്നെ.
ബാങ്കിന്റെ പ്രവർത്തന ലാഭം മെച്ചപ്പെട്ടിട്ടുള്ളതിനാൽ ഈ ആഘാതം ഉൾക്കൊള്ളാൻ ബാങ്കിന് സാധിക്കുമെന്നും ബാങ്കിന്റെ മൊത്തം നിക്ഷേപമായ 2.82 ലക്ഷം കോടി രൂപയിൽ ഹരിയാണ സർക്കാരിന്റെ നിക്ഷേപം 0.5 ശതമാനം മാത്രമാണെന്നും എംഡിയും സിഇഒയുമായ വൈദ്യനാഥൻ വ്യക്തമാക്കി.
തട്ടിപ്പിന്റെ വ്യാപ്തി
- ആദ്യം 490 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ 100 കോടി രൂപ കൂടി കണ്ടെത്തുകയായിരുന്നു.
- ഹരിയാണ സർക്കാരിന്റെ വകുപ്പുകളിലൊന്ന് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാനും ഫണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റാനും ശ്രമിച്ചപ്പോഴാണ് അക്കൗണ്ട് ബാലൻസിലെ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടത്.
- ക്ലയന്റിൽ നിന്ന് ലഭിച്ചതെന്ന് അവകാശപ്പെടുന്ന ഡെബിറ്റ് നിർദ്ദേശങ്ങളും ചെക്കുകളും ഉപയോഗിച്ച് ബാങ്ക് ജീവനക്കാർ പുറത്തുള്ള ഗുണഭോക്താക്കളിലേക്ക് പണം കൈമാറുകയായിരുന്നു. പത്ത് വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ഇത്രയും വലിയ ക്രമക്കേട് ആദ്യമായാണെന്ന് ബാങ്ക് മാനേജ്മെന്റ് പറയുന്നു.
സർക്കാർ നീക്കം
- ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എയു സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവയെ ഹരിയാണ സർക്കാർ ബിസിനസ് ഇടപാടുകളിൽ നിന്ന് ഒഴിവാക്കി.
- ഇനിമുതൽ സർക്കാർ ഫണ്ടുകൾ ഈ ബാങ്കുകളിൽ നിക്ഷേപിക്കില്ല. സർക്കാർ അക്കൗണ്ടുകൾ തുടങ്ങുന്നതിന് ദേശീയസാൽകൃത ബാങ്കുകൾക്ക് മുൻഗണന നൽകും. സ്വകാര്യ ബാങ്കുകൾക്ക് പ്രത്യേക അനുമതി വേണമെന്നും സർക്കാർ ഉത്തരവിട്ടു.
- ഹരിയാണ സർക്കാരിന്റെ നടപടി ബാധിച്ചെങ്കിലും തങ്ങളുടെ ബാങ്കിൽ തട്ടിപ്പുകളൊന്നും നടന്നതായി സൂചനയില്ലെന്ന് എയു സ്‌മോൾ ഫിനാൻസ് ബാങ്ക് വ്യക്തമാക്കി. മുൻകരുതൽ നടപടിയായി ചില ജീവനക്കാരെ അവധിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചെറുകിട ബാങ്കുകൾക്ക് തിരിച്ചടി
സ്വകാര്യ ബാങ്കുകളിലെ സർക്കാർ നിക്ഷേപങ്ങളുടെ സൂക്ഷ്മപരിശോധന കാര്യക്ഷമമാക്കാൻ നീക്കംതുടങ്ങിയിട്ടുണ്ട്. ഇതോടെ ഇടക്കാലയളവിൽ സർക്കാർ നിക്ഷേപങ്ങൾ സ്വകാര്യ ബാങ്കുകളിൽ നിന്ന് പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റിയേക്കാം. സാമ്പത്തിക ആഘാതം മറികടക്കാൻ ബാങ്കിന് സാധിക്കുമെന്ന് മാനേജ്മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും സർക്കാർ അക്കൗണ്ടുകൾ നഷ്ടപ്പെടുന്നത് വിശ്വാസ്യതയെയും ഭാവിയിലെ നിക്ഷേപ സമാഹരണത്തെയും ബാധിക്കും.
Content Highlights: Major fraud at IDFC First Bank`s Chandigarh branch involving Rs 590 crore, leading to a 20% stock price crash. Haryana govt removed bank from its panel.