മലയാളി കമ്പനിയായ ഐഡി ഫ്രഷിൽ 1,500 കോടിയുടെ ബ്രിട്ടീഷ് നിക്ഷേപം

കൊച്ചി: മലയാളി സംരംഭകൻ പി.സി. മുസ്തഫയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യോത്പന്ന കമ്പനിയായ ‘ഐഡി ഫ്രഷ് ഫുഡി’ൽ ഓഹരി സ്വന്തമാക്കി ബ്രിട്ടീഷ് നിക്ഷേപക സ്ഥാപനമായ അപാക്‌സ് പാർട്‌ണേഴ്‌സ്. നേരത്തേ നിക്ഷേപിച്ച പ്രേംജി ഇൻവെസ്റ്റ്, ടിപിജി ന്യൂക്വസ്റ്റ് എന്നീ നിക്ഷേപക സ്ഥാപനങ്ങളുടെ പക്കലുള്ള ഓഹരിയിൽ ഒരു വിഹിതമാണ് അപാക്‌സ് സ്വന്തമാക്കുന്നത്. ഇതിനുപുറമേ, പുതിയ ഓഹരിയായി കമ്പനിയിലേക്കും കുറച്ചു തുക എത്തും.
എത്ര ശതമാനം ഓഹരിയാണ് സ്വന്തമാക്കിയതെന്നോ എത്ര തുകയാണ് നിക്ഷേപിക്കുന്നതെന്നോ ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഏതാണ്ട് 30-35 ശതമാനം ഓഹരികൾക്കായി 1,500 കോടിയിലേറെ രൂപയാണ് അപാക്‌സ് ചെലവഴിച്ചതെന്നാണ് സൂചന. ഇടപാട് അനുസരിച്ച് കമ്പനിക്ക് ഏതാണ്ട് 4,500 കോടിയിലേറെ രൂപയാണ് മൂല്യം കണക്കാക്കുന്നത്.
വയനാട് ചെന്നലോട് സ്വദേശിയായ പി.സി. മുസ്തഫയും നാല് ബന്ധുക്കളും ചേർന്ന് ബെംഗളൂരുവിലും പരിസരങ്ങളിലും നൂതനമായ പായ്ക്കിങ്ങിൽ വൃത്തിയുള്ള ഇഡ്ഡലി-ദോശമാവ് വിറ്റുകൊണ്ട് 2005-ലാണ് ഐഡി ഫ്രഷിന് തുടക്കമിടുന്നത്. ഇന്ന് പൊറോട്ട, ഫിൽറ്റർ കോഫി, ബട്ടർസ്റ്റിക്, ബ്രെഡ്, പനീർ, തൈര് തുടങ്ങിയ വിഭവങ്ങളുമായി ഭക്ഷ്യോത്പന്ന വിപണിയിലെ മുൻനിര ബ്രാൻഡായി മാറിയിട്ടുണ്ട് ഐഡി ഫ്രഷ്. ഗൾഫ് ഉൾപ്പെടെ വിദേശ വിപണികളിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 681 കോടി രൂപയായിരുന്നു വിറ്റുവരവ്. അടുത്ത സാമ്പത്തിക വർഷത്തോടെ ഇത് 1,100-1,200 കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 2027 അവസാനത്തോടെ, പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നടത്തി ഓഹരികൾ സ്റ്റോക് എക്സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയുണ്ട്.
അപാക്‌സിന്റെ നിക്ഷേപം കമ്പനിയുടെ വളർച്ചയ്ക്ക് വേഗം കൂട്ടാനും ഉത്പന്നനിരയും വിപണിയും വിപുലീകരിക്കാനും സഹായിക്കുമെന്ന് ഐഡി ഫ്രഷിന്റെ സ്ഥാപകനും ഗ്ലോബൽ സിഇഒയുമായ പി.സി. മുസ്തഫ പറഞ്ഞു.
Content Highlights: Malayali-founded ID Fresh Food receives over ₹1,500 Cr investment from British firm Apax Partners. IPO planned for 2027. Learn more about this major funding round.