എച്ച്.എം.ടി. വാച്ചുകൾ തരംഗമാകുന്നു: ബെംഗളൂരുവിൽ പുതിയ പ്ലാന്റ്; പ്രതിമാസം 25,000 വാച്ചുകൾ ലക്ഷ്യം

ഡിമാൻഡ് കൂടിയതോടെ അടുത്ത മാർച്ചോടെ ഉത്പാദനം വർധിപ്പിക്കാൻ എച്ച്.എം.ടി. ഇതിനായി ബെംഗളൂരു ജലഹള്ളിയിൽ നിർമാണപ്ലാന്റ് സ്ഥാപിക്കും. അടുത്തിടെ വിപണിയിലെത്തിയ കന്നഡിഗ എഡിഷൻ ഉൾപ്പെടെയുള്ള മോഡലുകൾക്ക് ലഭിച്ച ജനപ്രീതിയാണ് കാരണം. ഉത്പാദനശേഷിയെക്കാൾ കൂടുതൽ ആവശ്യം വിപണിയിൽ ഉണ്ടായതാണ് പുതിയ പ്ലാന്റ് തുടങ്ങാൻ പ്രേരിപ്പിച്ചത്. പഴക്കംചെന്ന പൊതുമേഖലാസ്ഥാപനങ്ങളിലൊന്നായ എച്ച്.എം.ടി. വർഷങ്ങളായി നഷ്ടത്തിലായിരുന്നു.
നിലവിൽ ശരാശരി 13,000 വാച്ചുകളാണ് കമ്പനി നിർമിക്കുന്നത്. പുതിയ പ്ലാന്റുകൂടി പ്രവർത്തനസജ്ജമാകുന്നതോടെ ഉത്പാദനശേഷി 25,000-ത്തിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാന്റിനായി ഇതിനകം കെട്ടിടമൊരുക്കിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ പ്രവർത്തനം തുടങ്ങാനാണ് പദ്ധതി.
കാലങ്ങളായി ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച ബ്രാൻഡാണ് എച്ച്.എം.ടി. ന്യായമായ വിലയും ദീർഘകാലം ഈടുനിൽക്കുന്നതുമാണ് വാച്ചുകൾ എന്നതാണ് എച്ച്.എം.ടി.യുടെ നേട്ടമായി വിലയിരുത്തുന്നത്. ജെൻ സി ഉൾപ്പെടെയുള്ള പുതുതലമുറ ഉപഭോക്താക്കൾക്കിടയിലും ബ്രാൻഡിനോട് താത്പര്യം വർധിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള എച്ച്.എം.ടി.യുടെ ഷോറൂമുകൾ വഴിയും ഇ-കൊമേഴ്സ് സൈറ്റുകൾ വഴിയുമാണ് നിലവിൽ വിൽപ്പന; പ്രത്യേകിച്ച് ബെംഗളൂരു നഗരത്തിൽ. ഉയർന്ന ഡിമാൻഡ് പരിഗണിച്ച് പുതിയ മോഡലുകൾ പുറത്തിറക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.
എച്ച്.എം.ടി.യുടെ ക്ലാസിക് മെക്കാനിക്കൽ വാച്ചുകൾ വീണ്ടും വിപണിയിലിറക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് മെക്കാനിക്കൽ മോഡലുകൾ വിപണിയിലിറക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.
Content Highlights: HMT to set up a new manufacturing plant in Jalahalli, Bengaluru., Monthly production target to increase from 13,000 to 25,000 watches., Surge in demand driven by popular releases like the Kannadiga edition., Revival of classic mechanical watch models in response to customer demand., Growing popularity among Gen Z and younger generations.