ഡിജിറ്റല്‍ ഗോള്‍ഡ് അനിശ്ചിതത്വം: സെബിക്ക് കത്തയച്ച് സംഘടനകള്‍, സര്‍ക്കാരിനെ സമീപിച്ചേക്കും

#Money Desk
Image: Freepik
Image: Freepik

ഡിജിറ്റല്‍ ഗോള്‍ഡ് നിയന്ത്രണ പരിധിയില്‍ വരില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വ്യക്തമാക്കിയതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ തുടങ്ങിയത് ഈ മേഖലയെ അനിശ്ചിതത്വത്തിലാക്കി. ഇതേതുടര്‍ന്ന് ഡിജിറ്റല്‍ ഗോള്‍ഡിനെ നിയന്ത്രണ പരിധിക്ക് കീഴില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലറി അസോസിയേഷന്‍ ഉള്‍പ്പടെയുള്ള വ്യാപാര സംഘടനകള്‍ സെബിയെ സമീപിച്ചു.

ആവശ്യം നിരസിക്കുകയാണെങ്കില്‍ റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍ രൂപീകരിച്ച് സര്‍ക്കാരിന്റെ അനുമതി തേടാനാണ് നീക്കം. സെബിയുടെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ധനമന്ത്രാലയത്തെയോ കോര്‍പ്പറേറ്റ് മന്ത്രാലയത്തെയോ സമീപിക്കാനുമാണ് തീരുമാനം.

സ്വന്തമായി റെഗുലേറ്ററി സംവിധാനം

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (AMFI) പോലെ സ്വന്തമായി റെഗുലേറ്ററി സംവിധാനം രൂപീകരിച്ച് ഡിജിറ്റല്‍ ഗോള്‍ഡ് കമ്പനികളെ കീഴില്‍ കൊണ്ടുവരാനാണ് നീക്കംനടക്കുന്നത്.

സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് (റെഗുലേഷന്‍) ആക്റ്റ്, 1956 (SCRA) പ്രകാരം ഡിജിറ്റല്‍ ഗോള്‍ഡിനെ വിജ്ഞാപനത്തിലൂടെ 'സെക്യൂരിറ്റി' ആയി തരംതിരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇങ്ങനെ ചെയ്താല്‍ സെബിക്ക് ഡിജിറ്റല്‍ ഗോള്‍ഡിന്റെ വിതരണം, വ്യാപാരം, കസ്റ്റഡി എന്നിവ നിയന്ത്രിക്കാന്‍ സാധിക്കും.

2021-ല്‍ SCRA ഭേദഗതി ചെയ്ത് ഇലക്ട്രോണിക് ഗോള്‍ഡ് റെസീപ്റ്റുകളെ (EGR) സെക്യൂരിറ്റികളായി തരംതിരിച്ചിരുന്നു. സുതാര്യമായ ഒരു എക്‌സ്‌ചേഞ്ച് അധിഷ്ഠിത സംവിധാനം കൊണ്ടുവരാന്‍ ഇതിലൂടെ കഴിഞ്ഞു. ഇതേ മാതൃക ഡിജിറ്റല്‍ ഗോള്‍ഡിനും സ്വീകരിക്കാവുന്നതാണ്.

വൈകിപ്പോയ നീക്കം

ഡിജിറ്റല്‍ ഗോള്‍ഡ് സംബന്ധിച്ച പ്രശ്‌നം ഇപ്പോള്‍ തുടങ്ങിയതല്ല. 2021ല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) അംഗങ്ങളോട് പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നത് നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. സെബിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്നിട്ടും ഡിജിറ്റല്‍ ഗോള്‍ഡ് വിപണി അതിവേഗം വളരുന്ന സാഹചര്യത്തിലാണ് സെബി വീണ്ടും മുന്നറിയിപ്പ് കര്‍ശനമാക്കിയത്.

സെബിയുടെ മുന്നറിയിപ്പ്

സെക്യൂരീറ്റീസ്, കമ്മോഡിറ്റി ഡെറിവേറ്റീവ് എന്നീ വ്യവസ്ഥകള്‍ പ്രകാരം ഡിജിറ്റല്‍ ഗോള്‍ഡിനെ തരംതിരിച്ചിട്ടില്ലെന്നും നിയന്ത്രണ പരിധിയില്‍ വരില്ലെന്നും കഴിഞ്ഞ നവംബര്‍ എട്ടിനാണ് സെബി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പിനു ശേഷം ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തില്‍നിന്ന് പണം പിന്‍വലിക്കുന്നത് മൂന്നിരട്ടിയായി വര്‍ധിച്ചിരുന്നു.

പ്രധാന ആശങ്കകള്‍:

1. നിയന്ത്രണമില്ല: ഡിജിറ്റല്‍ ഗോള്‍ഡ് സെബിയുടെയോ റിസര്‍വ് ബാങ്കിന്റെയോ മേല്‍നോട്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്. പ്ലാറ്റ്‌ഫോം തകരുകയോ സാമ്പത്തിക പ്രതിസന്ധി നേരിടുകയോ ചെയ്താല്‍ നിക്ഷേപകര്‍ക്ക് പരിമിതമായ നിയമപരിരക്ഷമാത്രമേ ലഭിക്കൂ.

2. പരിശോധനയുടെ അഭാവം: ഉപയോക്താക്കളുടെ കൈവശമുള്ള ഡിജിറ്റല്‍ ഗോള്‍ഡിന് തുല്യമായി ഭൗതിക സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഔദ്യോഗിക സംവിധാനമില്ല. സ്വര്‍ണത്തിന്റെ പരിശുദ്ധി, അളവ്, ലോക്കര്‍ മാനേജ്‌മെന്റ് എന്നിവയെക്കുറിച്ച് വ്യക്തമായ ഉറപ്പില്ല. എംഎംടിസി-പിഎഎംപി പോലുള്ള വലിയ സ്ഥാപനങ്ങള്‍ സ്വതന്ത്ര ഓഡിറ്റുകള്‍ നടത്തുന്നുണ്ടെങ്കിലും ചെറിയ പ്ലാറ്റ്ഫോമുകളുടെ കാര്യത്തില്‍ ഈ ഉറപ്പ് ലഭ്യമല്ല.

3. വില നിര്‍ണയത്തിലെ വ്യത്യാസം: ഓരോ പ്ലാറ്റ്ഫോമിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു. പ്ലാറ്റ്‌ഫോമുകളുടെ ലാഭം, ഇടപാട് ചാര്‍ജുകള്‍, പേയ്മെന്റ് ഗേറ്റ്വേ ഫീസ് തുടങ്ങിയവ കാരണം വിലയില്‍ 2-3% വരെ വ്യത്യാസം വരാം. സ്വര്‍ണം വാങ്ങുന്നതിനുള്ള 3% ജിഎസ്ടിക്ക് പുറമെയാണ് ഈ നിരക്ക്.

Content Highlights: Trade bodies urge SEBI to regulate digital gold after investor withdrawals. If not, they plan to approach the government with a proposed regulatory framework.