ക്രൂഡ് പ്രതിസന്ധി: ഇന്ധന വില വർധിപ്പിക്കാതെ എത്രകാലം മുന്നോട്ടുപോകാൻ കഴിയും?

#Money Desk
Image: Freepik
Image: Freepik

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളർ പിന്നിട്ടു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂന്നാഴ്ച പിന്നിടുമ്പോൾ വിതരണ തടസ്സത്തിന് പിന്നാലെ എണ്ണ-വാതക പാടങ്ങളുടെ നാശത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. യുഎസ്, ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ധനവില ഇതിനകം വർധിപ്പിച്ചു. എന്നാൽ ഇന്ത്യ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ ഭാരം മുഴുവൻ ഓയിൽ കമ്പനികൾ വഹിക്കുന്നതിനാൽ ലാഭത്തെ കാര്യമായി ബാധിക്കും. എക്‌സൈസ് ഡ്യൂട്ടി കുറച്ച് വിലക്കയറ്റം ഒരുപരിധിവരെ തടയാമെങ്കിലും ദീർഘകാലത്തേക്ക് അതൊരു പരിഹാരമാകില്ല.

ഊർജ പ്രതിസന്ധി

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള ഊർജ വിതരണ ശൃംഖലയെ ഇതിനകം ഗുരുതരമായി ബാധിച്ചുകഴിഞ്ഞു.

വിതരണ തടസ്സം: ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ആരംഭിച്ച വിതരണ തടസ്സം ഇപ്പോൾ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമായി മാറിയിരിക്കുന്നു. ഇസ്രായേൽ ഇറാന്റെ സൗത്ത് പാർസ് പ്രകൃതി വാതകപ്പാടം ആക്രമിച്ചു.

ഇതിന് മറുപടിയായി ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഫെസിലിറ്റി ഉൾപ്പെടെയുള്ള പ്രാദേശിക ഊർജ ആസ്തികൾ ഇറാൻ ആക്രമിച്ചു. ഈ സംഭവവികാസങ്ങൾ അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളറിലേക്ക് എത്തിച്ചു. ബാരലിന് 45 ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയുടെ പ്രതികരണം

ആഗോളതലത്തിൽ വില ഉയരുമ്പോഴും ഉപഭോക്താക്കൾക്ക് മേലുള്ള ഭാരം ലഘൂകരിക്കാനാണ് രാജ്യത്തിന്റെ ശ്രമം. അതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾതന്നെയാണ്.

എൽപിജി: മാർച്ച് ഏഴിന് ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് (14.2 കിലോ) 60 രൂപയും വാണിജ്യ ആവശ്യത്തിനുള്ളതിന് (19 കിലോ) 115 രൂപയും കൂട്ടി.

സബ്സിഡി സംരക്ഷണം: പിഎം ഉജ്ജ്വല യോജന പ്രകാരമുള്ള 300 രൂപ സബ്സിഡി (പ്രതിവർഷം 12 സിലിണ്ടർ വരെ) സർക്കാർ നിലനിർത്തി.

പെട്രോൾ, ഡീസൽ വില: അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നിട്ടും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ധനവില വർധന രാഷ്ട്രീയ തീരുമാനമായി മാറിയിരിക്കുകയാണ്.

രാജ്യം

മാറ്റം

അമേരിക്ക

പെട്രോൾ വിലയിൽ ശരാശരി 20% വർധന.

ചൈന

മാർച്ച് 10-ന് ഇന്ധനവില 3.7% കൂട്ടി (2022-ന് ശേഷമുള്ള ഏറ്റവും വലിയ വർധന).

യു.കെ

ഇന്ധനവില 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ.

പാകിസ്താൻ  

പെട്രോൾ, ഡീസൽ വിലയിൽ 20% വരെ വർധന.

ശ്രീലങ്ക

8% വില കൂട്ടി.

ആഘാതം കമ്പനികൾക്ക്

അന്താരാഷ്ട്ര, ആഭ്യന്തര വില തമ്മിലുള്ള വ്യത്യാസം ഓയിൽ കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു:

ലാഭത്തിൽ ഇടിവ്: അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഓരോ 10 ഡോളറിന്റെ വർധനവും പെട്രോളിനും ഡീസലിനും ലിറ്ററിന് 6.3 രൂപ വീതം ലാഭത്തിൽ കുറവുണ്ടാക്കുന്നു. എൽപിജിയുടെ കാര്യത്തിൽ കിലോയ്ക്ക് 10.2 രൂപയാണ് കുറയുക.

വരുമാന നഷ്ടം: അസംസ്‌കൃത എണ്ണവില 100 ഡോളറായി തുടരുകയും റീട്ടെയിൽ വില വർധിപ്പിക്കാതിരിക്കുകയും ചെയ്താൽ പൊതുമേഖല എണ്ണക്കമ്പനികളുടെ വരുമാനത്തിൽ 90 ശതമാനം മുതൽ 190 ശതമാനം വരെ ഇടിവുണ്ടാകാം.

അപര്യാപ്തമായ വർധന: നിലവിൽ വരുത്തിയ എൽപിജി വിലവർധന അധിക ചെലവിന്റെ 50 ശതമാനം മാത്രമേ പരിഹരിക്കുന്നുള്ളൂ.

എന്തുചെയ്യാൻ കഴിയും?

എക്‌സൈസ് ഡ്യൂട്ടി: പെട്രോൾ ലിറ്ററിന് 19.9 രൂപയും ഡീസൽ ലിറ്ററിന് 15.8 രൂപയുമാണ് നിലവിൽ എക്‌സൈസ് ഡ്യൂട്ടി. അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളർ വരെ എക്‌സൈസ് ഡ്യൂട്ടി കുറച്ചുകൊണ്ട് ആഭ്യന്തര വില നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കും.

പ്രതിസന്ധി ഘട്ടം: നിലവിൽ പൊതുമേഖല എണ്ണക്കമ്പനികളാണ് അധികച്ചെലവ് വഹിക്കുന്നത്. വില ഇനിയും ഉയരുകയാണെങ്കിൽ കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വർധന ഉപഭോക്താക്കളിലേക്ക് കൈമാറാൻ സർക്കാർ നിർബന്ധിതമാകും.

രാഷ്ട്രീയ കാരണങ്ങളാൽ ഇന്ധന വില പിടിച്ചുനിർത്തിയിരിക്കുകയാണെങ്കിലും അസ്ഥിരത തുടർന്നാൽ ദീർഘകാലം അതിന് കഴിയില്ല. എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുകയോ ഘട്ടം ഘട്ടമായി വില വർധിപ്പിക്കുകയോ ചെയ്യുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് പോംവഴികളില്ല.