ചെറുകിട ധനകാര്യ സ്ഥാപനങ്ങളിൽ ചൈനീസ് ഹാക്കർമാരുടെ ആക്രമണം: നഷ്ടമായത് 300 കോടിയിലേറെ

രാജ്യത്തെ ചെറുകിട ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ്. ദുർബലമായ സൈബർ സുരക്ഷാ സംവിധാനങ്ങളുള്ള ചെറുകിട ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഹാക്കർമാരുടെ ആക്രമണം. പരമ്പരാഗത ഹാക്കിങ് ശൈലിയിൽനിന്ന് വ്യത്യസ്തമായി സ്വയം പ്രവർത്തിക്കുന്ന ഓട്ടോ പൈലറ്റ് രീതിയിലാണ് വൻതോതിൽ തട്ടിപ്പ് നടന്നിരിക്കുന്നത്. ഇതിനകം വ്യത്യസ്ത തട്ടിപ്പുകളിലായി 300 കോടിയോളം രൂപ നഷ്ടമായതായാണ് കണക്ക്.
രണ്ടു മാസത്തിനിടെ 150 പരാതികൾ
സാധാരണ സൈബർ ആക്രമണങ്ങളിൽനിന്ന് വ്യത്യസ്തമായി, കൂടുതൽ സങ്കീർണ്ണവും തുടർച്ചയായതുമായ ആക്രമണങ്ങളാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കുനേരെ നടക്കുന്നത്. ഒക്ടോബർ 15-ലെ കണക്കനുസരിച്ച് റിസർവ് ബാങ്കിൽ 8,502 എൻ.ബി.എഫ്.സി.കൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, വാർഷിക വിറ്റുവരവ് 1,000 കോടി രൂപയിൽ താഴെയുള്ള ചെറുകിട സ്ഥാപനങ്ങളാണ് ആക്രമണത്തിന് ഇരയായവയിൽ ഭൂരിഭാഗവും.
ആകെ നഷ്ടപ്പെട്ട തുക | ₹300 കോടി |
രജിസ്റ്റർ ചെയ്ത പരാതികൾ | 150 |
മുംബൈയിലെ പരാതികൾ | 30 |
ഡൽഹിയിലെ പരാതികൾ | 25-ൽ അധികം |
ചെന്നൈയിലെ പരാതികൾ | 15 - 16 |
ലക്ഷ്യമിട്ട സ്ഥാപനങ്ങൾ | വിറ്റുവരവ് ₹1,000 കോടിയിൽ താഴെയുള്ള എൻബിഎഫ്സികൾ |
ഡൽഹിയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് ആദ്യ ആക്രമണത്തിൽ 7.5 കോടിയും ഏതാനും ദിവസങ്ങൾക്കു ശേഷം നടന്ന രണ്ടാമത്തെ ആക്രമണത്തിൽ 7.25 കോടിയും വീണ്ടും കവർന്ന സംഭവം സുരക്ഷാവീഴ്ചയുടെ ആഴം വ്യക്തമാക്കുന്നു. സുരക്ഷാ സംവിധാനത്തിലെ വീഴ്ചകൾ പൂർണമായി പരിഹരിക്കാൻ കഴിയാത്ത സ്ഥാപനങ്ങളെയാണ് ഹാക്കർമാർ വീണ്ടും വീണ്ടും ലക്ഷ്യമിടുന്നത്.
ചൈനീസ് ഹാക്കർമാർ
ചൈനീസ് ഹാക്കിങ് പ്ലാറ്റ്ഫോമായ CyberStrike ആണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പരമ്പരാഗത ഹാക്കിങ് പ്രക്രിയകൾ ദിവസങ്ങളെടുത്തിരുന്ന സ്ഥാനത്ത്, എ.ഐ. മോഡലുകളിലേക്ക് പ്രത്യേക ഹാക്കിങ് ടൂൾകിറ്റുകൾ നൽകി ലളിതമായ 'പ്രോംപ്റ്റുകൾ' വഴി ആക്രമണം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റാൻ ഹാക്കർമാർക്ക് സാധിക്കുന്നു.
തട്ടിപ്പ് ഇങ്ങനെ
നിരീക്ഷണം: സിസ്റ്റത്തിൽ കടന്നുകയറുന്നതിനു മുൻപ് 10 മുതൽ 12 ദിവസം വരെ എൻ.ബി.എഫ്.സി.യുടെ പേയ്മെന്റ് രീതികൾ, ഐ.ഡി.കൾ, സോഫ്റ്റ്വെയർ കോഡുകളിലെ പോരായ്മകൾ എന്നിവ തട്ടിപ്പുകാർ വിശദമായി പഠിക്കുന്നു.
ഓട്ടോമേറ്റഡ് എ.ഐ. ആക്രമണം: ഓപ്പൺ സോഴ്സ് എ.ഐ. മോഡലുകളിലേക്ക് ടൂൾകിറ്റ് നൽകി പ്രോംപ്റ്റുകൾ വഴി സമാന്തരമായി പ്രവർത്തിക്കുന്ന എ.ഐ. ഏജന്റുകളിലൂടെ യാന്ത്രികമായി ഹാക്കിങ് നടത്തുന്നു. കടന്നുകയറ്റ സമയം ദിവസങ്ങളിൽനിന്ന് മണിക്കൂറുകളായി ഇതിലൂടെ കുറയ്ക്കാൻ കഴിയുന്നു.
ഡാറ്റ ചോർത്തിയ ശേഷം, ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) ഉപയോഗിച്ച് തട്ടിപ്പിന്റെ അടുത്ത ഘട്ടം നടപ്പിലാക്കുന്നു. ഇരകളുടെ പേര്, കടമെടുത്ത സ്ഥാപനം, വായ്പാ തുക എന്നിവ കൃത്യമായി മനസ്സിലാക്കി, ഹിന്ദി, തമിഴ് തുടങ്ങിയ ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ സ്വാഭാവികമായ രീതിയിലുള്ള വ്യാജ സന്ദേശങ്ങളും വോയ്സ് കോളുകളും നിർമിച്ച് ഉപഭോക്താക്കളെ പറ്റിക്കുന്നു.
ഇന്ത്യയിൽ മാത്രമല്ല, ദക്ഷിണ കൊറിയയിലും ജപ്പാനിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ ലോൺ ഇൻക്വയറി സർവീസിൽനിന്ന് ഡാറ്റ ചോർത്തിയ ശേഷം, അത് വിൽക്കാനായി ടെലിഗ്രാം ഗ്രൂപ്പുകൾ കണ്ടെത്തി നൽകാൻ ഹാക്കർമാർ എ.ഐ.യോട് ആവശ്യപ്പെട്ടതായി സൈബർ ഇന്റലിജൻസ് സ്ഥാപനമായ 'സൈബിൾ' കണ്ടെത്തിയിരുന്നു.
എ.ഐ. ഉപയോഗിച്ചുള്ള ഹാക്കിങ് ഭീഷണി കൂടുന്ന സാഹചര്യത്തിൽ ദേശീയ സൈബർ സുരക്ഷാ ഏജൻസികളും വിദഗ്ധരും അടിയന്തര നിർദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Chinese hackers targeted small and medium NBFCs in India with weak cybersecurity., Over Rs 300 crore has been stolen across multiple automated attacks., Hackers used CyberStrike platform and AI models for autopilot hacking and local language voice scams.