സെബി മേധാവിക്കെതിരേ 'ഹിന്‍ഡെന്‍ബര്‍ഗ് മാത്രം പോരാ'' -ലോക്പാല്‍

ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ സെബി മേധാവിക്കെതിരേ അന്വേഷണം നടത്താനാവില്ലെന്ന് ലോക്പാല്‍. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആധികാരികതയും വിശ്വാസ്യതയും പരിശോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മോയ്ത്ര എം.പി. ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് ലോക്പാല്‍ ചോദിച്ചു. അന്വേഷണത്തിന് കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരോട് നിര്‍ദേശിച്ച ലോക്പാല്‍, വിഷയം പരിഗണിക്കുന്നത് ഒക്ടോബര്‍ 17-ലേക്ക് മാറ്റി.
സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ലോക്പാലാണ് പരാതികള്‍ പരിഗണിച്ചത്. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഫണ്ടുകളില്‍ സെബി മേധാവി മാധബി പുരി ബുച്ചും ഭര്‍ത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് യു.എസിലെ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മഹുവ ലോക്പാലിനെ സമീപിച്ചത്.
ലോക്പാല്‍ ആന്‍ഡ് ലോകായുക്ത നിയമത്തിലെ 20-ാം വകുപ്പുപ്രകാരം തുടര്‍നടപടിയെടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ മഹുവയുടെ പരാതിയിലില്ലെന്ന് ലോക്പാലിന്റെ ഉത്തരവില്‍ പറഞ്ഞു.
പരാതിനല്‍കിയ മറ്റൊരാളാവട്ടെ, (പരാതിക്കാരുടെ പേര് പറയുന്നില്ല) ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് പരാതിയില്‍ അതേപോലെ എഴുതിവെച്ചതല്ലാതെ പരിശോധിക്കാന്‍ തയ്യാറായില്ല. തന്റെ പരാതി പരസ്യമാക്കിയ മഹുവയെ വിമര്‍ശിക്കുകയും ചെയ്തു.
അന്വേഷണം പൂര്‍ത്തിയാകുംവരെ പരാതി നല്‍കുന്നവരുടെയും ആരോപണം നേരിടുന്നവരുടെയും പേരുകള്‍ വെളിപ്പെടുത്തരുതെന്ന് ലോക്പാലിന്റെ നാലാംചട്ടം വ്യക്തമാക്കുന്നുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
എങ്ങനെയാണ് സെബി മേധാവിയുടെ പ്രവര്‍ത്തനങ്ങള്‍ അഴിമതി തടയല്‍ നിയമപ്രകാരം കുറ്റകരമാകുന്നതെന്ന് വിശദീകരിക്കാനും പരാതിക്കാരോട് ആവശ്യപ്പെട്ടു. മാധബി ബുച്ച് സെബിയില്‍ ചുമതലയെടുക്കുന്നതിനുമുന്‍പ് അവരുടെ വരുമാനംകൊണ്ട് നടത്തിയ വ്യക്തിഗത നിക്ഷേപങ്ങള്‍ അഴിമതി തടയല്‍ നിയമപ്രകാരം എങ്ങനെയാണ് കുറ്റകരമാകുന്നതെന്ന് വിശദീകരിക്കണം. ഇത്തരം നിക്ഷേപം വെളിപ്പെടുത്താതിരിക്കുന്നത് എങ്ങനെ അഴിമതിയാകുമെന്നും വ്യക്തമാക്കണം.
അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരേ സെബി നടത്തുന്ന അന്വേഷണത്തില്‍ സുപ്രീംകോടതി തൃപ്തി പ്രകടിപ്പിച്ചതാണെന്ന് ലോക്പാല്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും ലോക്പാല്‍ വ്യക്തമാക്കി.
Content Highlights: Can't order probe against Sebi chief: Lokpal