സേവന നിരക്ക് ഉയരുന്നു: ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും അക്കൗണ്ട് നിലനിർത്താനും ചെലവേറി

ബാങ്ക് അക്കൗണ്ട് നിലനിർത്താനും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനും ഉപഭോക്താക്കൾ കൂടുതൽ തുക ചെലവഴിക്കേണ്ടിവരുന്നു. ഡെബിറ്റ് കാർഡ് കൈവശം വെയ്ക്കുന്നതിന് പൊതുമേഖല ബാങ്കുകൾ ഈടാക്കുന്ന തുകയിൽ 90 ശതമാനം വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. മിനിമം ബാലൻസിനായി ഈടാക്കുന്ന ശരാശരി തുക 21 ശതമാനമാണ് കൂടിയത്. ഇക്കാര്യത്തിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ.
12 പൊതുമേഖലാ ബാങ്കുകൾ 2021-22 സാമ്പത്തിക വർഷത്തിൽ 3,905.5 കോടി രൂപ ഡെബിറ്റ് കാർഡുകൾക്കുള്ള സേവന നിരക്കായി ഈടാക്കി. 2025-26 ആയപ്പോഴേക്കും 7,563.8 കോടി രൂപയായി. 93.7% വർധനയാണ് ഈ കാലയളവിൽ ഉണ്ടായത്.
പ്രതി ശീർഷ നിരക്ക് (Per-card charge): ഒരു കാർഡിന്മേൽ ഈടാക്കുന്ന ശരാശരി തുകയിലും വലിയ വർധനവുണ്ടായി. 2021-22-ൽ ഒരു ഡെബിറ്റ് കാർഡിന് ശരാശരി 61 രൂപയായിരുന്ന മെയിന്റനൻസ് ചാർജ്, 2025-26-ൽ 115.1 രൂപയായി. (88.8% വർധന).
വർഷം | ആകെ ശേഖരിച്ച തുക (കോടിയിൽ) | കാർഡിന് ശരാശരി തുക (₹) |
|---|---|---|
2021-22 | ₹3,905.5 | ₹61 |
2025-26 | ₹7,563.8 | ₹115.1 |
മിനിമം ബാലൻസ്
അക്കൗണ്ടുകളിൽ കുറഞ്ഞ ശരാശരി ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്കുകൾ ഈടാക്കുന്ന പിഴയിലും മാറ്റമുണ്ടായി. 2022-23 മുതൽ 2025-26 വരെയുള്ള നാല് വർഷത്തിനിടയിൽ 27 ശതമാനമാണ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം പൊതു-സ്വകാര്യ ബാങ്കുകൾ ചേർന്ന് 7,086.6 കോടി രൂപ പിഴയായി ഈടാക്കി.
ജൻധൻ അക്കൗണ്ടുകൾ ഒഴികെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകളിൽ, ഒരു അക്കൗണ്ടിന് ശരാശരി 31 രൂപയായിരുന്ന പിഴ (2022-23), 2025-26ൽ 38 രൂപയായി ഉയർന്നു. സ്വകാര്യ ബാങ്കുകൾ ഈടാക്കുന്ന ശരാശരി പിഴയിലാകട്ടെ 45 ശതമാനവും വർധനവുണ്ടായി. അതേസമയം, പൊതുമേഖലാ ബാങ്കുകൾ ഈടാക്കുന്ന ശരാശരി പിഴ 14 ശതമാനം കുറഞ്ഞു.
സർക്കാർ നയം
- ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, പ്രത്യേകിച്ച് പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) പ്രകാരമുള്ള അക്കൗണ്ടുകൾ എന്നിവയെ കുറഞ്ഞ ബാലൻസ് പിഴയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
- 12 പൊതുമേഖലാ ബാങ്കുകളിൽ 10 എണ്ണം സേവിംഗ്‌സ് അക്കൗണ്ടുകളിൽ കുറഞ്ഞ ബാലൻസ് സൂക്ഷിക്കാത്തതിനുള്ള പിഴ ഈടാക്കുന്നത് നിർത്തി. രണ്ട് ബാങ്കുകൾ വാണിജ്യ താത്പര്യം മുൻനിർത്തി ഈ നിരക്കുകൾ പരിഷ്‌കരിച്ചു.
- അക്കൗണ്ടുകളിൽ ബാലൻസ് കുറവാണെങ്കിൽ എസ്എംഎസ് (SMS), ഇമെയിൽ അല്ലെങ്കിൽ കത്തുകൾ വഴി ഉപഭോക്താക്കളെ അറിയിക്കണമെന്ന് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.
- പിഴ ഈടാക്കുന്നതിന് മുൻപായി അക്കൗണ്ടിലെ ബാലൻസ് ശരിയാക്കാൻ ഉപഭോക്താക്കൾക്ക് ആവശ്യമായ സമയം നൽകണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Debit card maintenance charges increased by 93.7% between 2021-22 and 2025-26., Average per-card charge rose from Rs 61 to Rs 115.1 in 2026., Minimum balance penalties saw a 27% increase over the last four years., PMJDY and basic savings accounts are exempted from minimum balance penalties., RBI mandates banks to notify customers before deducting penalties.