നിരക്കുയർത്തിയും സർവീസ് റദ്ദാക്കിയും കൊള്ളതുടർന്ന് വിമാനക്കമ്പനികൾ

കരിപ്പൂർ: പശ്ചിമേഷ്യൻ സംഘർഷത്തിലെ അയവും കൂടുതൽ വിമാന കമ്പനികൾ സർവീസ് തുടങ്ങിയതും പ്രവാസികളെ തുണച്ചില്ല. ടിക്കറ്റ് നിരക്കിലെ കൊള്ള തുടർന്ന് വിമാനക്കമ്പനികൾ. 100 ശതമാനം വരെ ഉയർന്ന നിരക്കാണ് നിലവിൽ കമ്പനികൾ ഈടാക്കുന്നത്. 7500 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന യു.എ.ഇ.യിലേക്ക് ഒരു ലക്ഷത്തിനു മുകളിലാ പല ദിവസങ്ങളിലും ഈടാക്കുന്നത്.
ഇതിനു പുറമേയാണ് വിമാനം റദാക്കുന്നതുമൂലമുള്ള പകൽക്കൊള്ള. ഇന്ത്യൻ വിമാന കമ്പനികളാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്.
നിലവിൽ യു.എ.ഇ.യിലെ ദുബായ്, ഷാർജ, റാസൽ ഖൈമ തുടങ്ങിയ വിമാനത്താവളങ്ങളിൽനിന്ന് നാട്ടിലേക്കുള്ള ചുരുക്കം ചില സ്ഥലങ്ങളിലേക്കല്ലാതെ പല സെക്ടറിലേക്കും ഇന്ത്യൻ എയർലൈനുകൾ സർവീസ് നടത്തുന്നില്ല.
എങ്കിലും ടിക്കറ്റുകൾ ഒഫീഷ്യൽ ഓൺലൈൻ വെബ്സൈറ്റുകളിലും മറ്റും സുലഭമാണ്. ഈ ടിക്കറ്റുകൾ വിശ്വസിച്ച് അത്യാവശ്യമായി നാട്ടിലെത്തേണ്ടവർ വൻ തുക നൽകി ടിക്കറ്റ് ബുക്ക് ചെയ്യുന്നു. ജോലി നഷ്ടമായവരും അടിയന്തര അവധി ആവശ്യമുള്ളവരും ഇതിലുണ്ട്. യാത്രയുടെ തലേ ദിവസം പലർക്കും വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിക്കും. റീഫണ്ടിനു പകരം ദിവസമാറ്റമാണ് കമ്പനികൾ അനുവദിക്കുന്നത്. ഇറങ്ങേണ്ട വിമാനത്താവള മാറ്റവും അനുവദിക്കും. റീഫണ്ട് ആവശ്യപ്പെടുന്ന യാത്രക്കാർക്ക് വിവിധ കിഴിവുകൾ കഴിഞ്ഞ് മുപ്പതു ശതമാനം തുകമാത്രമാണ് തിരിച്ചുനൽകുന്നത്.
സർവീസുകൾ നടക്കുന്ന കാര്യത്തിൽ ഉറപ്പില്ലാതെ ടിക്കറ്റുകൾ നൽകുകയും എഴുപത് ശതമാനംവരെ ടിക്കറ്റ് നിരക്ക് അനധികൃതമായി കീശയിലാക്കുകയുമാണ് ഇന്ത്യൻ വിമാനക്കമ്പനികൾ.
വിദേശ വിമാനക്കമ്പനികൾ ഇതിൽനിന്ന് വ്യത്യസ്‌തമാണെന്ന് യാത്രക്കാർ പറയുന്നു. ടിക്കറ്റ് നിരക്കുകൾ കൂടുതലാണെങ്കിലും വിമാനം റദ്ദാക്കൽ പരിമിതമാണെന്നും റദ്ദാക്കിയാൽത്തന്നെ ടിക്കറ്റ് നിരക്ക് കാര്യമായ കുറവില്ലാതെ തിരിച്ചു തരുന്നതായും ഇവർ പറയുന്നു.
Content Highlights: Airlines charging up to 100% higher fares despite reduced regional tensions., Indian airlines frequently canceling flights after accepting bookings., Unfair refund policies where airlines retain 70% of the ticket value., Significant contrast between Indian carriers and foreign airlines in service reliability., Impact on NRIs facing job losses and emergency travel needs.