ജയപ്രകാശ് അസോസിയേറ്റ്‌സ് ഏറ്റെടുക്കല്‍: വേദാന്തയെ മറികടന്ന് അദാനിക്ക് നല്‍കാന്‍ നീക്കം

Adani Group Icon | Photo: Mathrubhumi
Adani Group Icon | Photo: Mathrubhumi

പാപ്പരത്ത നടപടി നേരിടുന്ന ജയപ്രകാശ് അസോസിയേറ്റ്‌സിനെ ഏറ്റെടുക്കാന്‍ അദാനിക്ക് പച്ചക്കൊടി. ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത വേദാന്തയെ മറികടന്നാണ് തന്ത്രപരമായ നീക്കം. സെപ്റ്റംബറില്‍ നടന്ന ലേലത്തില്‍ 17,000 കോടി രൂപയായിരുന്നു വേദാന്ത വാഗ്ദാനം ചെയ്തത്.

ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്തവര്‍ക്ക് കമ്പനി കൈമാറുമെന്ന പൊതുധാരണ അസ്ഥാനത്താക്കിയാണ് അദാനി ജയപ്രകാശിനെ സ്വന്തമാക്കുന്നത്. കൂടുതല്‍ തുക മുന്‍കൂറായി നല്‍കാമെന്ന വാഗ്ദാനമാണ് അദാനിക്ക് നേട്ടമായത്. ഭാവിയില്‍ എപ്പോഴോ കിട്ടുമെന്ന് പറയുന്ന വലിയ തുകയേക്കാള്‍ ഉടനടി ലഭിക്കുന്ന പണത്തിനാണ് മൂല്യമെന്ന് വായ്പക്കാര്‍ വിധിയെഴുതി. ഏതായാലും വായ്പക്കാരുടെ യോഗത്തില്‍ അദാനിക്ക് കമ്പനി കൈമാറാനാണ് തീരുമാനം.

അന്തിമ വോട്ടെടുപ്പിന് മുമ്പ് തയ്യാറാക്കിയ സ്‌കോര്‍ പ്രകാരം കൂടുതല്‍ പോയന്റ് ലഭിച്ചത് അദാനിക്കായിരുന്നു. ഉയര്‍ന്ന തുക എന്നതിനപ്പുറം പണം നല്‍കുന്ന രീതി, കരാറിന്റെ വിശ്വാസ്യത തുടങ്ങിയവ പരിഗണിച്ചാണ് അന്തിമ തീരുമാനം വന്നത്. ഏറ്റെടുക്കലിന് താത്പര്യം പ്രകടിപ്പിച്ച് അഞ്ച് സ്ഥാപനങ്ങള്‍ വന്നെങ്കിലും ഉയര്‍ന്ന തുക വാഗ്ദനം ചെയ്ത ഡാല്‍മിയ ഭാരത് അവസാനഘട്ടത്തില്‍ പിന്മാറിയത് തിരിച്ചടിയായിരുന്നു. ജിന്‍ഡാല്‍ പവര്‍, പിഎന്‍സി ഇഫ്രാടെക് എന്നിവരാണ് ലേലത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍. അദാനിയേക്കാള്‍ ഉയര്‍ന്ന തുക വേദാന്ത വാഗ്ദാനം ചെയ്തിട്ടുള്ളതിനാല്‍ തീരുമാനം നിയമനടപിടകളില്‍ കുടുങ്ങാനുള്ള സാധ്യതയും നിയമവൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല.

മനോജ് ഗൗറിന്റെ നേതൃത്വത്തില്‍ ജെഎഎല്‍ പ്രൊമോട്ടര്‍മാര്‍ 18,000 കോടി നല്‍കി ഒത്തുതീര്‍പ്പിന് നീക്കം നടത്തിയിരുന്നു. എന്നാല്‍ അത് അംഗീകരിക്കാതെയായിരുന്നു വായ്പക്കാര്‍ ലേല നടപടികളുമായി മുന്നോട്ടുപോയത്. വാഗ്ദാനം ചെയ്ത പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെന്ന കാരണത്താലായിരുന്നു ഈ നീക്കത്തെ അനുകൂലിക്കാതിരുന്നത്.

55,000 കോടി രൂപയാണ് നിലവില്‍ ജയ്പ്രകാശ് അസോസിയേറ്റ്‌സിന്റെ ബാധ്യത. സിമന്റ്, ഊര്‍ജം, എന്‍ജിനിയറിങ്, റിയല്‍ എസ്‌റ്റേറ്റ്, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ വിവിധ മേഖലകളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. 1,000 ഹെക്ടറിലധികം വ്യാപിച്ചുകിടക്കുന്നതാണ് കമ്പനിയുടെ ഗ്രേറ്റര്‍ നോയ്ഡയിലെ സ്‌പോട്‌സ് സിറ്റി പ്രൊജക്ട്.

Content Highlights: Adani Group wins bid for Jaypee Associates, strategically surpassing Vedanta`s offer. Learn about the financial implications and future outlook of this major acquisition.