എൻ.എം.സി. തട്ടിപ്പ്: ബി.ആർ. ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും 50,444 കോടി രൂപ നൽകേണ്ടിവരും

എൻ.എം.സി. സ്ഥാപകൻ ബി.ആർ. ഷെട്ടിയും മുൻ സി.ഇ.ഒ. പ്രശാന്ത് മങ്ങാട്ടും 2000 കോടി ദിർഹം (ഏകദേശം 50,444 കോടി രൂപ) കമ്പനിക്ക് തിരികെ നൽകണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു. തട്ടിപ്പ് കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എന്നാൽ, ഓരോരുത്തരും നൽകേണ്ട തുക എത്രയെന്ന് കോടതി വേർതിരിച്ച് നിർണയിച്ചിട്ടില്ല.
2012 മുതൽ 2019 ജൂൺ 30 വരെയുള്ള കാലയളവിൽ എൻ.എം.സി. വൻതോതിൽ കടമെടുത്തതായി പരിശോധനയിൽ കണ്ടെത്തി. 2018 ഡിസംബർ 31-ലെ കണക്കുപ്രകാരം 199 കോടി ഡോളർ കടമെടുത്തതിന് പുറമേ, റിപ്പോർട്ട് ചെയ്യാത്ത 388 കോടി ഡോളറിന്റെ കടബാധ്യതകൂടി ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ഓഡിറ്റർമാരിൽനിന്നും നിക്ഷേപകരിൽനിന്നും മറച്ചുവെക്കുകയായിരുന്നു.
തിരിമറി നടത്താൻ ഇരട്ട അക്കൗണ്ടിങ് രീതിയാണ് ഇവർ അവലംബിച്ചത്. ബാങ്ക് ഓഫ് ബറോഡയിലെ എൻ.എം.സി.യുടെ അക്കൗണ്ടിൽനിന്ന് അതേ ബാങ്കിലുള്ള ഷെട്ടിയുടെ മൂന്ന് വ്യക്തിഗത അക്കൗണ്ടുകളിലേക്ക് 500-ലധികം ഇടപാടുകളിലൂടെ 418 കോടി ദിർഹം മാറ്റിയതായും കോടതി സ്ഥിരീകരിച്ചു.
അതേസമയം, തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് ബി.ആർ. ഷെട്ടിയുടെ വാദം. പ്രശാന്ത് മങ്ങാട്ടും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരിമറിയുടെ ഇരയാണ് താനെന്ന് ഷെട്ടി വിചാരണയിലുടനീളം വാദിച്ചു. എന്നാൽ, വ്യക്തിഗത ലാഭത്തിനുവേണ്ടി ഷെട്ടിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് മങ്ങാട്ടിന്റെ നിലപാട്.
Content Highlights: Abu Dhabi court orders BR Shetty and Prasanth Manghat to pay 2 billion dirhams (approx. Rs 50,444 crore) to NMC., Investigation revealed massive hidden debts and dual accounting methods used between 2012 and 2019., Over 4.18 billion dirhams were fraudulently transferred from NMC to BR Shetty's personal accounts., Both accused blamed each other during the trial regarding the masterminding of the financial scam.