വിപണിയ്‌ക്കൊപ്പം തകര്‍ന്ന് ഫണ്ടുകള്‍: പ്രകടനം എങ്ങനെ വിലയിരുത്തും?

ആദായ നികുതിയിളവ് ലഭിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ പ്രവീണ്‍ ടാക്‌സ് സേവിങ് ഫണ്ടുകളില്‍ മൂന്നു വര്‍ഷം മുമ്പ് നിക്ഷേപം തുടങ്ങിയത്. എസ്‌ഐപിയായി പ്രതിമാസം നിക്ഷേപിക്കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. വര്‍ഷങ്ങളായി മികച്ച പ്രകടന ചരിത്രമുള്ള ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടില്‍ മാസംതോറും 7,000 രൂപയാണ് അദ്ദേഹം നിക്ഷേപിച്ചുവരുന്നത്. ഈയിടെ ഫണ്ടിന്റെ പ്രകടനം വിലയിരുത്തിയപ്പോഴുണ്ടായ ആശങ്കയാണ് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കിയത്.
ഫണ്ടിലെ നിക്ഷേപം തുടരണോ? നിലവിലെ നിക്ഷേപം(നിര്‍ബന്ധ കാലാവധി കഴിഞ്ഞത്)തിരിച്ചെടുക്കണോ? എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സംശയം. ഈ സാഹചര്യത്തില്‍, കഴിഞ്ഞ കാലങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ചില ഫണ്ടുകളുടെ പ്രകടനം വിലയിരുത്താം.
ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടിന്റെ ആദായം പരിശോധിക്കാം. നടപ്പ് കലണ്ടര്‍വര്‍ഷം ഇതുവരെ(ഒക്ടോബര്‍ 12) 12.33 ശതമാനം നെഗറ്റീവ് റിട്ടേണാണ് ഈ ഫണ്ട് നല്‍കിയത്. ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇക്വിറ്റി അഡ്വാന്റേജ് ഫണ്ട് 14.99 ശതമാനവും ആക്‌സിസ് ഫോക്കസ്ഡ് ഫണ്ട് 14.10ശതമാനവും എച്ച്എസ്ബിസി സ്‌മോള്‍ ക്യാപ് ഫണ്ട് 14.22ശതമാനവും യുടിഐ ഫ്‌ളക്‌സി ക്യാപ് ഫണ്ട് 12.17ശതമാനവും നെഗറ്റീവ് റിട്ടേണാണ് ഈ കാലയളവില്‍ നല്‍കിയതെന്നുകാണാം.
നിക്ഷേപം പിന്‍വലിക്കണോ?
ഹ്രസ്വകാലയളവില്‍ ഫണ്ടിന്റെ പ്രകടനം മോശമാണെന്നു കണ്ടാല്‍ നിക്ഷേപകരില്‍ ഏറെപ്പേരും എസ്‌ഐപി നിര്‍ത്തുകയോ നിക്ഷേപം മുഴുവന്‍ പിന്‍വലിക്കുകയോ ചെയ്യുന്നതുകാണാം. പിന്‍വലിച്ച തുകമുഴുവന്‍ മികച്ച റിട്ടേണ്‍ നല്‍കിയ ഫണ്ടിലേയ്ക്കുമാറ്റുകയുംചെയ്യും. വ്യത്യസ്ത വിപണി സാഹചര്യങ്ങളിലെ ചാഞ്ചാട്ടത്തിനനുസരിച്ച് ഫണ്ടുകളുടെ പ്രകടനത്തില്‍ വ്യതിയാനം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലെ പ്രകടനംനോക്കി തീരുമാനമെടുക്കരുത്. ലാര്‍ജ് ക്യാപ് ഫണ്ടുകളുടെ പ്രകടനം മിഡ് ക്യാപ് ഫണ്ടുകളുടേതുമായി താരതമ്യം ചെയ്യുകയുമരുത്. അതാത് കാറ്റഗറികളിലെ ഫണ്ടുകളുടെ പ്രകടനത്തോടൊപ്പം ആ ഫണ്ടുകള്‍ ആധാരമാക്കിയിട്ടുള്ള സൂചികയിലെ നേട്ടവും താരതമ്യംചെയ്യണം.
രണ്ടുമാനദണ്ഡങ്ങളും വിലയിരുത്തി ഓരോ ആറുമാസം കൂടുമ്പോഴും പ്രകടനത്തില്‍ വ്യത്യാസമുണ്ടാകുന്നില്ലെങ്കില്‍മാത്രം തീരുമാനമെടുത്താല്‍ മതി. തകര്‍ച്ച, ഉയര്‍ച്ച എന്നിവയൊക്കെ ഉള്‍പ്പെട്ട മുഴുവന്‍ വിപണി ചക്രവും പൂര്‍ത്തിയാക്കിയിട്ടുള്ള പ്രകടനം പരിശോധിക്കേണ്ടതുണ്ട്. ഇതിനായി 12 മാസം മുതല്‍ 18 മാസംവരെ കാത്തിരിക്കേണ്ടിവന്നേക്കാം.
നേട്ടത്തിന്റെ അളവുകോല്‍
ബെഞ്ചമാര്‍ക്ക് സൂചികയിലെ നേട്ടത്തെക്കാള്‍ കൂടുതല്‍ ആദായം നല്‍കുകയെന്ന ലക്ഷ്യമാണ് ഫണ്ട് മാനേജര്‍ക്കുള്ളത്. അതേസമയം, ഒരേ കാറ്റഗറിയിലെതന്നെ മറ്റ് ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന നേട്ടം ലഭിക്കണമെന്നതാണ് നിക്ഷേപക താല്‍പര്യം. മികച്ച നേട്ടംമാത്രം നല്‍കിവരുന്ന ഫണ്ടുകളില്‍ എപ്പോഴും നിക്ഷേപം നിലനിര്‍ത്തുകയെന്നത് അസാധ്യമാണ്.
കഴിഞ്ഞ വര്‍ഷം മികച്ച ആദായം നല്‍കിയ ഫണ്ടില്‍നിന്ന് അത്രയും ഇപ്പോള്‍ ലഭിക്കണമെന്നില്ല. ആദായത്തിലെ ഏറ്റക്കുറച്ചില്‍ കാലാകാലങ്ങളില്‍ സംഭവിക്കുമെന്നകാര്യത്തില്‍ സംശയമില്ല. റിട്ടേണ്‍ മാത്രംനോക്കി മുന്നോട്ടുപോയാല്‍ ദീര്‍ഘകാലയളവില്‍ പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതുമാത്രമല്ല, നഷ്ടവും നേരിട്ടേക്കാം.
മുകളില്‍ വിശദീകരിച്ച മാനദണ്ഡ പ്രകാരം പ്രകടനം ശ്രദ്ധയോടെ വിലയിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഫണ്ടിന് ഉയരാന്‍ കഴിയുന്നില്ലെങ്കില്‍ അതേ വിഭാഗത്തിലെ മറ്റൊരു ഫണ്ടിലേയ്ക്ക് മാറുന്നത് പരിഗണിക്കാം. നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ബാധ്യതകൂടി അറിഞ്ഞിരിക്കണം. സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ദീര്‍ഘ കാല മൂലധനനേട്ടത്തിന് 10ശതമാനം ആദായ നികുതി നല്‍കേണ്ടതുണ്ട്. നേട്ടം ഒരു ലക്ഷം രൂപയ്ക്കുതാഴെയാണെങ്കില്‍ നികുതിയെക്കുറിച്ച് ആലോചിക്കേണ്ടതില്ല.
മോശം പ്രകടനം നടത്തിയ ഫണ്ടില്‍നിന്ന് പുറത്തുകടന്നാലുടനെ മികച്ച ഫണ്ടിലേയ്ക്ക് ആതുക നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. രണ്ട് ഇടപാടുകളും തമ്മിലുള്ള കാലയളവ് കഴിയുന്നത്ര കുറച്ചാലേ വിപണിയിലെ നേട്ടത്തിന്റെ തുടര്‍ച്ച സ്വന്തമാക്കാന്‍ കഴിയൂ.
antonycdavis@gmail.com
Content Highlights: When to exit a poorly performing fund?