മള്‍ട്ടി ഫാക്ടര്‍ ഫണ്ടുകള്‍: എങ്ങനെ മികച്ച പോര്‍ട്ട്‌ഫോളിയോ നിര്‍മിക്കാം?

Image: Freepik
Image: Freepik

നിങ്ങള്‍ എപ്പോഴെങ്കിലും ഒരു ഓര്‍ക്കസ്ട്ര ആസ്വദിച്ചിട്ടുണ്ടോ? വിവിധ സംഗീതോപകരണങ്ങള്‍ വായിക്കുന്ന ഒരു കൂട്ടം സംഗീതജ്ഞര്‍ ഒരുമിച്ച് ചേരുമ്പോള്‍ അവര്‍ക്ക് മനോഹരമായ ഒരു സിംഫണി സൃഷ്ടിക്കാന്‍ കഴിയും. ഓരോ ഉപകരണത്തിനും അതിന്റേതായ പങ്കുണ്ടെങ്കിലും അവയെല്ലാം ഒരുമിച്ച് കേള്‍ക്കുമ്പോള്‍ ലഭിക്കുന്ന അനുഭവം ശ്രുതിമധുരമായിരിക്കും. ഈ ആശയം നിക്ഷേപ ലോകത്തും ഏറെ പ്രസക്തമാണ്.

'എല്ലാ മുട്ടകളും ഒരേ കൊട്ടയില്‍ ഇടരുത്' എന്ന പ്രശസ്തമായ നിക്ഷേപ തത്വം നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. നഷ്ടസാധ്യത കുറയ്ക്കുന്നതിന് നിക്ഷേപങ്ങളില്‍ വൈവിധ്യവല്‍ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ വാചകം വ്യക്തമാക്കുന്നത്. സാധാരണയായി, ആസ്തികളിലും സെക്ടറുകളിലും ഉടനീളമുള്ള വൈവിധ്യവല്‍ക്കരണത്തെക്കുറിച്ചാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ അതിനപ്പുറം, അത്ര വ്യാപകമല്ലാത്തതും എന്നാല്‍ അതീവ പ്രാധാന്യമുള്ളതുമായ ഒരു മാര്‍ഗ്ഗത്തെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്: ഫാക്ടര്‍ നിക്ഷേപം.

എന്താണ് ഈ 'ഫാക്ടറുകള്‍'? ലളിതമായി പറഞ്ഞാല്‍, സെക്യൂരിറ്റികളുടെ നഷ്ടസാധ്യതയും വരുമാന സ്വഭാവവും വിശദീകരിക്കാന്‍ സഹായിക്കുന്ന അവയുടെ സവിശേഷതകളെയോ ഗുണങ്ങളെയോ ആണ് ഫാക്ടറുകള്‍ എന്ന് പറയുന്നത്. പ്രധാനപ്പെട്ട ചില ഫാക്ടറുകള്‍ താഴെ പറയുന്നവയാണ്:

ഗുണമേന്മ: സാമ്പത്തികമായി സ്ഥിരതയുള്ള കമ്പനികള്‍ ഈ വിഭാഗത്തില്‍ വരുന്നു. ഇവയ്ക്ക് കൂടുതല്‍ പ്രവചിക്കാവുന്ന വരുമാനവും പണമൊഴുക്കും ഉണ്ടാകാം. കൂടാതെ, അവയുടെ സ്ഥിരതയുള്ള ബിസിനസ്സുകള്‍ കാരണം സ്റ്റോക്കുകള്‍ക്ക് ഉയര്‍ന്ന പണലഭ്യതയും (ലിക്വിഡിറ്റി) ഉണ്ടായിരിക്കാം.

മൂല്യം: മികച്ച അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടായിട്ടും വിപണിയില്‍ കുറഞ്ഞ മൂല്യനിര്‍ണ്ണയത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന കമ്പനികളാണ് ഇവ. കുറഞ്ഞ വില-വരുമാന (പ്രൈസ്-ടു-ഏണിംഗ്സ്) അനുപാതമുള്ള മികച്ച ബിസിനസ്സുകള്‍ എന്നതാണ് ഇത്തരം കമ്പനികളുടെ പൊതുവായ ഗുണം.

മൊമെന്റം: വിപണിയുടെ ചലനങ്ങള്‍ക്ക് അനുസരിച്ച് ശരാശരിയേക്കാള്‍ വേഗത്തില്‍ ഉയരുകയും താഴുകയും ചെയ്യുന്ന സ്റ്റോക്കുകളാണ് ഇവ. ഇത്തരം കമ്പനികളുടെ സ്റ്റോക്കുകള്‍ക്ക് സാധാരണയായി ഉയര്‍ന്ന ചാഞ്ചാട്ടം (volatility) ഉണ്ടാകാം.

നിക്ഷേപങ്ങള്‍ക്ക് വൈവിധ്യവല്‍ക്കരണത്തിന്റെ പുതിയ തലം നല്‍കാന്‍ ഈ ഫാക്ടറുകള്‍ക്ക് കഴിയും. ആസ്തികളിലും സെക്ടറുകളിലും മാത്രം ഒതുങ്ങുന്നതിനപ്പുറം പോര്‍ട്ട്ഫോളിയോയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സഹായിക്കുന്നു.

നിശ്ചിത മാര്‍ക്കറ്റ് സൈക്കിളില്‍ എല്ലാ ഫാക്ടറുകളും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കില്ല. വിപണിയുടെ ഓരോ ഘട്ടത്തിലും ഓരോ ഫാക്ടറിനായിരിക്കും മുന്‍തൂക്കം. ഈ പ്രതിഭാസത്തെ 'ഫാക്ടര്‍ റൊട്ടേഷന്‍' എന്ന് പറയുന്നു. 2020-ലെ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വിപണി മോശം അവസ്ഥയിലായിരുന്നപ്പോള്‍, 'ക്വാളിറ്റി' എന്ന ഫാക്ടറാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സുരക്ഷിതത്വത്തിന് നിക്ഷേപകര്‍ പ്രാധാന്യം നല്‍കിയതായിരുന്നു ഇതിന് കാരണം.

എന്നാല്‍, 2021-ല്‍ കോവിഡിന് ശേഷമുള്ള ഘട്ടത്തില്‍ വിപണി ശക്തമായി മുന്നേറിയപ്പോള്‍, 'മൊമെന്റം' ഫാക്ടറാണ് മികച്ച പ്രകടനം നടത്തിയത്.

ഒരൊറ്റ ഫാക്ടറില്‍ മാത്രം നിക്ഷേപിക്കുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാരണം, മാര്‍ക്കറ്റ് സൈക്കിള്‍ മാറുമ്പോള്‍ ആ ഫാക്ടര്‍ മോശം പ്രകടനം കാഴ്ചവെക്കുകയും പോര്‍ട്ട്‌ഫോളിയോയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. എപ്പോഴും വിജയിക്കുന്ന ഒരൊറ്റ തന്ത്രത്തിനായി തിരയുന്നവര്‍ക്ക് ഇതൊരു വൈരുധ്യമായി തോന്നാം, എന്നാല്‍ യാഥാര്‍ത്ഥ്യം ഇതാണ്.

വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ ഫാക്ടറിന്റെയും പ്രകടനം മാറുമെങ്കില്‍, ഈ ചാഞ്ചാട്ടത്തെ എങ്ങനെയാണ് ഒരു നിക്ഷേപകന്‍ അവസരമാക്കുന്നത്? ഇവിടെയാണ് ആധുനിക നിക്ഷേപ തന്ത്രങ്ങള്‍ പ്രസക്തമാകുന്നത്.

വൈദഗ്ധ്യവും സാങ്കേതികവിദ്യയും ചേരുമ്പോള്‍

ഒന്നിലധികം ഫാക്ടറുകളിലുടനീളം നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിലൂടെ ഒരൊറ്റ ഫാക്ടര്‍ നിക്ഷേപത്തിന്റെ പോരായ്മകളെ മറികടക്കാന്‍ സാധിക്കും. ഇവിടെയാണ് ആധുനിക സാങ്കേതികവിദ്യയുടെയും വിദഗ്ദ്ധരുടെ വൈദഗ്ധ്യത്തിന്റെയും പ്രസക്തി. 'സജീവമായി കൈകാര്യം ചെയ്യുന്ന മള്‍ട്ടി-ഫാക്ടര്‍ ഫണ്ടുകള്‍' ഈ ആശയം പ്രാവര്‍ത്തികമാക്കുന്നു.

പ്രവര്‍ത്തനം ഇങ്ങനെ:

വിവിധ മാര്‍ക്കറ്റ് സൈക്കിളുകളിലുടനീളം മികച്ച സ്റ്റോക്കുകളെ ചലനാത്മകമായി തിരിച്ചറിയാന്‍ സാങ്കേതികവിദ്യയും ക്വാണ്ടിറ്റേറ്റീവ് ഡാറ്റാ മോഡലുകളും ഉപയോഗിക്കുന്നു.

ഈ ക്വാണ്ട്-അധിഷ്ഠിത തന്ത്രങ്ങളെ പ്രൊഫഷണല്‍ പോര്‍ട്ട്‌ഫോളിയോ മാനേജരുടെ വൈദഗ്ധ്യവും ഉള്‍ക്കാഴ്ചകളുമായി സംയോജിപ്പിക്കുന്നു.

ഇപ്രകാരം, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി വൈവിധ്യവല്‍ക്കരിക്കപ്പെട്ടതും ഏത് വിപണി സാഹചര്യങ്ങളെയും നേരിടാന്‍ കരുത്തുള്ളതുമായ ഒരു പോര്‍ട്ട്‌ഫോളിയോ രൂപീകരിക്കാന്‍ സാധിക്കുന്നു.

ഒരു ഓര്‍ക്കസ്ട്രയില്‍ വിവിധ സംഗീതോപകരണങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് മനോഹരമായ ഒരു സിംഫണി ഉണ്ടാക്കുന്നതുപോലെ, വ്യത്യസ്ത ഫാക്ടറുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയും കൂടുതല്‍ മികച്ചതും സുരക്ഷിതവുമാകുന്നു.പ്രശസ്ത നിക്ഷേപകനായ സര്‍ ജോണ്‍ ടെമ്പിള്‍ട്ടണ്‍ പറഞ്ഞതുപോലെ:'100% സമയവും ശരിയായി തീരുമാനമെടുക്കുന്ന നിക്ഷേപകര്‍ക്ക് മാത്രം വൈവിധ്യവല്‍ക്കരണം ആവശ്യമില്ല.'

Content Highlights: Explore multi-factor investing to diversify beyond assets & sectors. Learn how quality, value, and momentum factors can build a resilient portfolio.