നിക്ഷേപകരുടെ മനോഭാവം മാറുന്നു: തന്ത്രത്തില്‍ പ്രകടമായ വ്യതിയാനം: വിശദമായി അറിയാം

നിക്ഷേപകരുടെ മനോഭാവത്തില്‍ കാര്യമായ മാറ്റം പ്രകടം. വിപണിയിലെ അസ്ഥിരതയും ഉയര്‍ന്ന മൂല്യവും കാരണം നിക്ഷേപകര്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്ന് സുരക്ഷിതമായ ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകളിലേയ്ക്ക് മാറുന്നതായി സൂചന.
മുന്‍വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍(സാമ്പത്തികവര്‍ഷത്തെ ആദ്യ പകുതി) ഇക്വിറ്റി ഫണ്ടുകളിലെ അറ്റ നിക്ഷേപം 69 ശതമാനം കുറഞ്ഞതായി കാണാം. അതേസമയം, ഡെറ്റ് സ്‌കീമുകളിലെ നിക്ഷേപത്തില്‍ 13 ശതമാനം വര്‍ധനവുമുണ്ടായി. ഹൈബ്രിഡ് ഫണ്ടുകളിലാകട്ടെ വളര്‍ച്ച 31 ശതമാനവുമാണ്. പുതിയ ഫണ്ട് ഓഫറു(എന്‍.എഫ്.ഒ)കളുടെ എണ്ണം വര്‍ധിച്ചെങ്കിലും സമാഹരിച്ച തുകയില്‍ കാര്യമായ കുറവുണ്ടായി.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) പുറത്തുവിട്ട കണക്കുകളിലാണ് ഈ വസ്തുതകളുള്ളത്.
ഫണ്ട് | H1 FY25 അറ്റനിക്ഷേപം (Rs Cr.) | H1 FY26 അറ്റനിക്ഷേപം (Rs Cr.) | വളർച്ച/ഇടിവ് (%) |
ഇക്വിറ്റി ഫണ്ടുകൾ | 5,55,000 | 1,73,000 | -69% |
ഡെറ്റ് സ്കീമുകൾ | 1,76,000 | 1,98,000 | +13% |
ഹൈബ്രിഡ് സ്കീമുകൾ | 80,634 | 1,05,000 | +31% |
പാസ്സീവ് സ്കീമുകൾ | 74,393 | 68,505 | -8% |
എന്തുകൊണ്ട് മാറ്റം
സുരക്ഷയ്ക്ക് മുന്‍ഗണന
ഹ്രസ്വകാലയളവിലെ സുരക്ഷിത നിക്ഷേപത്തിനാണ് ഡെറ്റ് ഫണ്ടുകള്‍ മുന്‍ഗണന നല്‍കുന്നത്. പലിശ നിരക്കിലെ അനിശ്ചിതത്വം കാരണം ദീര്‍ഘകാലയളവിലെ നിക്ഷേപത്തില്‍നിന്ന് നിക്ഷേപകര്‍ ഒഴിഞ്ഞുനില്‍ക്കുന്ന പ്രവണതയും ദൃശ്യമാണ്.
ഓവര്‍നൈറ്റ്, അള്‍ട്ര ഷോട്ട് ടേം ഫണ്ടുകള്‍: ഓവര്‍നൈറ്റ് ഫണ്ടുകളിലെ നിക്ഷേപം 789 ശതമാനം വര്‍ധിച്ച് 2,892 കോടി രൂപയില്‍നിന്ന് 25,721 കോടിയായി. മണിമാര്‍ക്കറ്റ് ഫണ്ടുകളിലേതാകട്ടെ 20 ശതമാനം വളര്‍ച്ചയോടെ നിക്ഷേപം 81,009 കോടി രൂപയായി. പെട്ടെന്ന് പണമാക്കിമാറ്റാവുന്ന ആസ്തികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നു.
ദീര്‍ഘകാല ഫണ്ടുകളിലെ സമ്മര്‍ദം: ഗില്‍റ്റ് ഫണ്ടുകള്‍, ലോങ് ഡ്യൂറേഷന്‍ ഫണ്ടുകള്‍, മീഡീയം ടു ലോങ് ഡ്യൂറേഷന്‍ ഫണ്ടുകള്‍ എന്നിവയില്‍നിന്ന് കാര്യമായി നിക്ഷേപം പിന്‍വലിച്ചതായി കാണാം. പലിശ നിരക്കില്‍ കുറവുണ്ടാകുമെന്ന സൂചനകള്‍ക്കിടയിലും ദീര്‍ഘകാല റിസ്‌കിന് തയ്യാറല്ലെന്ന സൂചനയാണിത് നല്‍കുന്നത്.
ഇക്വിറ്റി ഫണ്ടുകള്‍
ഉയര്‍ന്ന മൂല്യം കാരണം ഇക്വിറ്റി ഫണ്ടുകളിലെ മൊത്തം നിക്ഷേപത്തില്‍ 69 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എസ്‌ഐപി തുടര്‍ന്നുവെങ്കിലും നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിവരെ മൊത്തം ഇക്വിറ്റി നിക്ഷേപം 1.73 ലക്ഷം കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5.55 ലക്ഷം കോടിയായിരുന്നു.
ഫ്‌ളക്‌സി ക്യാപ് ഫണ്ടുകളില്‍ 106 ശതമാനം വര്‍ധനവോടെ നിക്ഷേപം ഇരട്ടിയായി(37,479 കോടി രൂപ). മിഡ് ക്യാപില്‍ 73 ശതമാനവും സ്‌മോള്‍ ക്യാപില്‍ 74 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
മുന്‍വര്‍ഷത്തെ കുതിപ്പിന് ശേഷം ലാഭമെടുപ്പിന്റെ ഭാഗമായി സെക്ടറല്‍/ തീമാറ്റിക് ഫണ്ടുകളില്‍നിന്ന് 77,420 കോടി രൂപയാണ് പിന്‍വലിച്ചത്. 80 ശതമാനം ഇടിവ്. ഒരു പ്രത്യേക ആശയത്തില്‍ ഊന്നിയ നിക്ഷേപത്തിന് പകരം വൈവിധ്യവത്കരിച്ച സാധ്യതകള്‍ തേടുകയാണ് നിക്ഷേപകര്‍.
ഹൈബ്രിഡിലെ സമീപനം
ഓഹരിയിലെ നേട്ടസാധ്യതയും ഡെറ്റിലെ സുരക്ഷയും ഒരുപോലെ നല്‍കുന്ന ഹൈബ്രിഡ് ഫണ്ടുകള്‍ നിക്ഷേപകര്‍ക്കിടയില്‍ പ്രിയപ്പെട്ടതായി. ബാലന്‍സ്ഡ്, ഹൈബ്രിഡ് വിഭാഗങ്ങളിലെ നിക്ഷേപം 581 ശതമാനം വര്‍ധിച്ച് 1,141 കോടിയില്‍നിന്ന് 7,769 കോടിയായി. മള്‍ട്ടി അസറ്റ് ഫണ്ടുകളില്‍ 15 ശതമാനവും ആര്‍ബിട്രേജില്‍ 39 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. വിപണിയിലെ അനിശ്ചിതത്വം മറികടക്കാന്‍ സഹായിക്കുന്ന നിക്ഷേപ തന്ത്രങ്ങളിലാണ് നിക്ഷേപകരുടെ ശ്രദ്ധയെന്ന് വ്യക്തം.
Content Highlights: Discover the shift in investor sentiment. Find out why investors are moving from equity funds to debt and hybrid options for safety and stability amidst market volatility.