എസ്ഐപി നിക്ഷേപം 1.03 കോടിയായി: ബറോഡ ടാക്സ് സേവർ ഫണ്ട് നൽകിയത് 12.90% ആദായം

നിക്ഷേപകർക്ക് മികച്ച നേട്ടം നൽകി ബറോഡ ബിഎൻപി പാരിബാസ് ടാക്സ് സേവിങ് ഫണ്ട് 20 വർഷം പൂർത്തിയാക്കി. ഫെബ്രുവരി 10 ലെ കണക്കുകൾ പ്രകാരം 922 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെ 11.65 ശതമാനം വാർഷിക ആദായം നൽകാനും ഫണ്ടിനായി.
ഫണ്ടിന്റെ തുടക്കത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ജനുവരി അവസാനത്തെ കണക്കുപ്രകാരം 91.48 ലക്ഷം രൂപയാകുമായിരുന്നു. 10,000 രൂപയുടെ എസ്ഐപിയായിരുന്നുവെങ്കിൽ നിലവിൽ അതിന്റെ മൂല്യം 1.03 കോടി രൂപയിലെത്തിയിട്ടുണ്ടാകും. 12.90 ശതമാനമാണ് റിട്ടേൺ.
വിപണി സൂചികകളെ മാത്രം പിന്തുടരാതെ മികച്ച വളർച്ചാ സാധ്യതയുള്ള കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്ന രീതിയാണ് ഫണ്ട് സ്വീകരിക്കുന്നത്. സ്ഥിരത ഉറപ്പാക്കാനായി വൻകിട കമ്പനികൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നു. ചാഞ്ചാട്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി അത്തരത്തിലുള്ള ഓഹരികളും കമ്മോഡിറ്റികളും കടബാധ്യതയുള്ളവയും ഒഴിവാക്കുന്നു. സ്ഥിരമായി പണമൊഴുക്കുള്ള മികച്ച കമ്പനികളാണ് പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നികുതി ഇളവിനൊപ്പം മികച്ച ആദായവും ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. പഴയ നികുതി വ്യവസ്ഥയിലെ 80സി പ്രകാരം വർഷം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതി കിഴിവ് ലഭിക്കും. നിക്ഷേപത്തിന് മൂന്നുവർഷത്തെ നിർബന്ധിത കാലയളവ് ബാധകമാണ്.
Content Highlights: Baroda BNP Paribas ELSS, ELSS Tax Saver Fund, Tax Saving Investment, Wealth Creation, Mutual Funds India, ELSS Returns, 80C Investment, Long Term Investment