10 വർഷത്തെ എസ്‌ഐപി നിക്ഷേപത്തിന് നഷ്ടസാധ്യതയുണ്ടോ? ഈ കണക്കുകൾ അവഗണിക്കാതിരിക്കാം

#Money Desk
Image:Freepik
Image:Freepik

വിപണിയിലെ ചാഞ്ചാട്ടങ്ങളെ മറികടക്കാനും ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനും 10 വർഷത്തെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) വഴിയുള്ള നിക്ഷേപം സഹായകരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, പത്തു വർഷം തുടർച്ചയായി നിക്ഷേപിച്ചാലും നഷ്ടമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ കഴിയില്ലെ എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് സ്‌മോൾ ക്യാപ് ഫണ്ടുകളിൽ.

'നിഫ്റ്റി സ്‌മോൾക്യാപ് 250 ടോട്ടൽ റിട്ടേൺസ് ഇൻഡക്‌സ്' രേഖപ്പെടുത്തിയ ഏറ്റവും മോശം 10 വർഷത്തെ റോളിങ് എസ്‌ഐപി റിട്ടേൺ-0.13 ശതമാനമായിരുന്നു. അതേസമയം, 5 വർഷത്തെയും 10 വർഷത്തെയും എസ്‌ഐപി കാലയളവുകളിൽ ശരാശരി റിട്ടേണിന്റെ കാര്യത്തിൽ ലാർജ്-ക്യാപ്, സ്‌മോൾ-ക്യാപ് വിഭാഗങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചത് മിഡ്-ക്യാപ് വിഭാഗമാണ്.

പത്തു വർഷ നേട്ടം: പ്രധാന കണ്ടെത്തലുകൾ

പത്തു വർഷ കാലയളവിൽ സ്‌മോൾ-ക്യാപ് എസ്‌ഐപി റിട്ടേണിലാണ് കൂടുതൽ വ്യതിയാനം പ്രകടമായത്. അനുകൂല വിപണി സാഹചര്യങ്ങളിൽ ഉയർന്ന റിട്ടേൺ നൽകാൻ സ്‌മോൾ-ക്യാപ്പുകൾക്ക് സാധിക്കുമെങ്കിലും പ്രതികൂല സാഹചര്യങ്ങളിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്താനുമിടയുണ്ട്.

നിഫ്റ്റി സ്‌മോൾക്യാപ് 250 ടിആർഐ: സൂചികയുടെ കുറഞ്ഞ വാർഷിക റിട്ടേൺ-0.13 ശതമാനവും പരമാവധി റിട്ടേൺ 22.20 ശതമാനവുമായിരുന്നു. ശരാശരി റോളിങ് റിട്ടേൺ 15.01 ശതമാനവും രേഖപ്പെടുത്തി.

നിഫ്റ്റി മിഡ്ക്യാപ് 150 ടിആർഐ: ശരാശരി റിട്ടേണിൽ മിഡ്-ക്യാപ്പുകൾ മികച്ച പ്രകടനം നടത്തി. 17.61 ശതമാനം ശരാശരി വാർഷിക റിട്ടേൺ നൽകിയ സൂചികയുടെ റിട്ടേൺ പരിധി 6.37 ശതമാനം മുതൽ 23.60 ശതമാനംവരെയായിരുന്നു.

നിഫ്റ്റി 100 ടിആർഐ (ലാർജ്-ക്യാപ്): ലാർജ്-ക്യാപ് സൂചിക ശരാശരി 12.95 ശതമാനം റിട്ടേൺ നൽകി. കുറഞ്ഞ റിട്ടേൺ 5.07 ശതമാനവും പരമാവധി റിട്ടേൺ 17.02 ശതമാനവുമായിരുന്നു.

സൂചിക

കുറഞ്ഞ റിട്ടേൺ

കൂടിയ റിട്ടേൺ

ശരാശരി റിട്ടേൺ

Nifty 100 TRI

(ലാർജ്-ക്യാപ്)

5.07%

17.02%

12.95%

Nifty Midcap 150 TRI

(മിഡ്-ക്യാപ്)

6.37%

23.60%

17.61%

Nifty Smallcap 250 TRI

(സ്മോൾ-ക്യാപ്)

-0.13%

22.20%

15.01%

(ഉറവിടം: എഡൽവെയ്‌സ് മ്യൂച്വൽ ഫണ്ട്. 2026 സെപ്റ്റംബർ 30 വരെയുള്ള ഡാറ്റ)

അഞ്ചു വർഷ എസ്‌ഐപി റിട്ടേൺ

അഞ്ചു വർഷത്തെ എസ്‌ഐപി റിട്ടേൺ കണക്കാക്കുമ്പോൾ ലാർജ്, മിഡ്, സ്‌മോൾ-ക്യാപ് വിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും റിസ്‌കും കൂടുതൽ വ്യക്തമാകും.

സ്‌മോൾ-ക്യാപ്: സ്‌മോൾ ക്യാപ് 250 ടിആർഐ സൂചിക രേഖപ്പെടുത്തിയ കുറഞ്ഞ റിട്ടേൺ -16.81 ശതമാനമാണ്. എന്നാൽ, അനുകൂല തരംഗത്തിൽ 38.26 ശതമാനം വരെ ഉയർന്ന റിട്ടേൺ നൽകി.

മിഡ്, ലാർജ്-ക്യാപ് പ്രകടനം: നിഫ്റ്റി മിഡ്ക്യാപ് 150 ടിആർഐയുടെ ഏറ്റവും കുറഞ്ഞ റിട്ടേൺ -6.71 ശതമാനവും പരമാവധി റിട്ടേൺ 36.14 ശതമാനവും ആയിരുന്നു. ലാർജ്-ക്യാപ് (Nifty 100 TRI) സൂചികയിൽ കുറഞ്ഞ റിട്ടേൺ -3.03 ശതമാനവും കൂടിയ റിട്ടേൺ 22.95 ശതമാനവുമാണ്.

ശരാശരി റിട്ടേൺ: അഞ്ചു വർഷ കാലയളവിലും ശരാശരി റിട്ടേണിൽ മിഡ്-ക്യാപ് വിഭാഗം (17.64%) തന്നെയാണ് മുന്നിലെത്തിയത്. സ്‌മോൾ-ക്യാപ് 15.48 ശതമാനവും ലാർജ്-ക്യാപ് 13.01 ശതമാനവും ശരാശരി റിട്ടേൺ നൽകി.

സൂചിക

കുറഞ്ഞ റിട്ടേൺ

കൂടിയ റിട്ടേൺ

ശരാശരി റിട്ടേൺ

Nifty 100 TRI

(ലാർജ്-ക്യാപ്)

-3.03%

22.95%

13.01%

Nifty Midcap 150 TRI

(മിഡ്-ക്യാപ്)

-6.71%

36.14%

17.64%

Nifty Smallcap 250 TRI

(സ്മോൾ-ക്യാപ്)

-16.81%

38.26%

15.48%

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കാലയളവും നഷ്ടസാധ്യതയും: 5 വർഷത്തെ നിക്ഷേപ കാലയളവിനെ അപേക്ഷിച്ച് 10 വർഷത്തെ കാലയളവ് (മോശം സാഹചര്യങ്ങളിൽ) നഷ്ടസാധ്യത കാര്യമായി കുറയ്ക്കുന്നുണ്ട്. എന്നിരുന്നാലും, 10 വർഷത്തെ നീണ്ട കാലയളവിലും സ്‌മോൾ-ക്യാപ് വിഭാഗത്തിൽ നിക്ഷേപം നേരിയ തോതിൽ (0.13%) നെഗറ്റീവ് ആകാനുള്ള സാധ്യത പൂർണമായി ഒഴിവാകുന്നില്ല.

മിഡ്-ക്യാപ്പുകളുടെ സ്ഥിരത: 5 വർഷത്തെ കാലയളവിൽ ഏറ്റവും ഉയർന്ന ഒറ്റപ്പെട്ട റിട്ടേൺ (38.26%) സ്‌മോൾ-ക്യാപ്പുകൾക്കാണ് ലഭിച്ചതെങ്കിലും ശരാശരി റിട്ടേണിൽ മിഡ്-ക്യാപ്പുകൾ സ്‌മോൾ-ക്യാപ്പുകളെ മറികടന്നു. 10 വർഷത്തെ കാലയളവിൽ ശരാശരി റിട്ടേണിലും പരമാവധി റിട്ടേണിലും മിഡ്-ക്യാപ്പുകൾ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്.

എസ്‌ഐപി അടിസ്ഥാന അപകടസാധ്യതകളും: കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കുന്നത് (SIP) വിപണിയുടെ വിവിധ ഘട്ടങ്ങളിൽ ശരാശരി ചെലവിൽ നിക്ഷേപിക്കാൻ സഹായിക്കുമെങ്കിലും നിക്ഷേപം നടത്തുന്ന ആസ്തിയിലെ റിസ്‌കിൽനിന്ന് നിക്ഷേപകനെ സംരക്ഷിക്കുന്നില്ല.

നിശ്ചിത തീയതിയിലെമാത്രം പ്രകടനം നോക്കാതെ, വിവിധ കാലഘട്ടങ്ങളിൽ ആരംഭിച്ച നിക്ഷേപങ്ങളുടെ പ്രകടനം അളക്കുന്ന 'റോളിങ് എസ്‌ഐപി റിട്ടേൺ' രീതിയാണ് ഈ പഠനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഓരോ മാസത്തിന്റെയും അവസാനത്തിൽ നടത്തുന്ന നിക്ഷേപങ്ങളാണ് കണക്കുകൂട്ടലിനായി പരിഗണിച്ചിട്ടുള്ളത്.

ശ്രദ്ധിക്കാൻ: മ്യൂച്വൽ ഫണ്ട് സ്‌കീമുകളിലെ യഥാർഥ റിട്ടേൺ അല്ല, സൂചികകൾ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഈ പഠനത്തിനായി ഉപയോഗിച്ചിട്ടുള്ളത്. എഡൽവെയ്‌സ് മ്യൂച്വൽ ഫണ്ട് നടത്തിയ പഠനത്തെയാണ് ഈ വിശകലനത്തിന് ആധാരമാക്കിയിട്ടുള്ളത്.

Content Highlights: Even a 10-year SIP can occasionally yield negative returns, particularly in small-cap funds (-0.13% worst rolling return)., Mid-cap funds outperformed both large-cap and small-cap categories in terms of average rolling returns over 5 and 10-year periods., SIP mitigates rupee cost averaging risks, but it does not completely eliminate underlying asset volatility., Study based on Edelweiss Mutual Fund analysis utilizing rolling SIP return methodology.