ഇതൊരു തുടക്കം മാത്രം: നിരക്ക് വർധന വഴിയേ വരും; സൂചനയുമായി റിസർവ് ബാങ്ക്

#Money Desk
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

1.25 ശതമാനം നിരക്കു കുറച്ചശേഷം തത്സ്ഥിതി ഏറെക്കാലം നിലനിർത്തിയ ആർ.ബി.ഐ. തിരിച്ചുപോക്കിന്റെ പാതയിലാണ്. ഒക്ടോബറിലെ പണനയ തീരുമാനത്തിൽ കാൽ ശതമാനം നിരക്ക് വർധിപ്പിച്ചുകൊണ്ടാണ് അതിനു തുടക്കമിട്ടത്. ഇതിലൂടെ അവസാനിക്കുന്നില്ലെന്ന മുന്നറിയിപ്പ് അതോടൊപ്പം നൽകാനും ആർ.ബി.ഐ. ഗവർണർ മടിച്ചില്ല. ക്രമമായ കർശന നയമെന്ന നിലപാടിലൂടെ പറയാതെ പറയുകയായിരുന്നു ആർ.ബി.ഐ.

44 മാസത്തെ ഇടവേളയ്ക്കുശേഷമാണ് റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി 5.50 ശതമാനമാക്കിയത്. ഈയൊരു വർധന ഉറപ്പായിരുന്നു. സാമ്പത്തിക വിദഗ്ധരെല്ലാം ഒരേ സ്വരത്തിൽ പ്രവചിച്ചു. എന്നാൽ വരുന്ന പണനയ യോഗത്തിലും നിരക്ക് വർധന പ്രതീക്ഷിക്കാമെന്ന നിലപാടാണ് ആർ.ബി.ഐ. സ്വീകരിച്ചത്. നിഷ്പക്ഷ നിലപാട് ക്രമമായ കർശന നയമാക്കി മാറ്റിയത് അതുകൊണ്ടു കൂടിയാണ്. വായ്പാ ചെലവ് കുറയ്ക്കുന്നതിനുള്ള സാധ്യത നിലവിൽ ഇല്ലാതായെന്നും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് ഇനി മുൻഗണനയെന്നും ആർ.ബി.ഐ. ഗവർണർ സഞ്ജയ് മൽഹോത്ര പറയുന്നതുതന്നെ അതിന്റെ വ്യക്തമായ സൂചനയാണ്.

റിപ്പോ നിരക്ക് വർധന വിപണി പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും കർശന നയത്തിലേക്കുള്ള നീക്കം അപ്രതീക്ഷിതമായിരുന്നു. നിരക്ക് വർധന ധനനയ യോഗത്തിൽ ആറ് അംഗങ്ങളും പിന്തുണച്ചെങ്കിലും നയ നിലപാട് മാറ്റത്തിൽ നാല് അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. ഡോ. നാഗേഷ് കുമാർ, പ്രൊഫ. റാം സിങ് എന്നിവർ നിഷ്പക്ഷ നിലപാട് തുടരണമെന്ന് വാദിച്ചു.

പണപ്പെരുപ്പത്തിന്റെ ഗതിയും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ വിലക്കയറ്റത്തെ എപ്രകാരം ബാധിക്കുമെന്നതും ആഭ്യന്തര ഡിമാൻഡിലെ വർധനവും കണക്കിലെടുത്താകും അടുത്ത നിരക്ക് വർധന പരിഗണിക്കുക. അതിനായി ഇനി ഡിസംബർ നാല് വരെ കാത്തിരിക്കേണ്ടിവരും.

വെല്ലുവിളികൾ

തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ കുറവ്, ശക്തയാർജിച്ച എൽനിനോ പ്രതിഭാസം, ക്രൂഡ് വില വർധന, ആഗോള അനിശ്ചിതത്വങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവയാണ് ആർ.ബി.ഐ. നേരിടുന്ന വെല്ലുവിളികൾ. ഉത്പാദന ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറുമ്പോഴുണ്ടാകുന്ന പണപ്പെരുപ്പ സാധ്യതകളെ പ്രതിരോധിക്കാതിരിക്കാൻ ആർ.ബി.ഐക്ക് ആവില്ല.

രാജ്യത്തെ ജി.ഡി.പി. വളർച്ച പണനയത്തെ ഉൾക്കൊള്ളാൻ പ്രാപ്തമാണെന്ന് ആർ.ബി.ഐ. ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര ഡിമാൻഡ്, സ്വകാര്യ ഉപഭോഗം, സ്ഥിര നിക്ഷേപം, കയറ്റുമതി, സേവന മേഖല എന്നിവ സമ്പദ്ഘടനയ്ക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്നാണ് കേന്ദ്ര ബാങ്കിന്റെ വിലയിരുത്തൽ.

Also Read| ഭവനവായ്പാ പലിശ ഉയരും: പ്രതിമാസ വർധന ഇപ്രകാരം, എങ്ങനെ മറികടക്കാം?

ആർ.ബി.ഐയുടെ പുതിയ നിലപാട് പണപ്പെരുപ്പ നിവാരണത്തിനാണ് പ്രഥമ പരിഗണന നൽകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്. റിപ്പോ നിരക്ക് 5.50 ശതമാനം ആയി ഉയർത്തിയതോടെ ഭവന, വാഹന വായ്പാ പലിശ കൂടും. ഇനിയുള്ള കാലയളവിൽ പണപ്പെരുപ്പ നിരക്കുകളിലും അന്താരാഷ്ട്ര സാമ്പത്തിക രംഗത്തും ഉണ്ടാകുന്ന മാറ്റങ്ങളെ ആശ്രയിച്ചായിരിക്കും പലിശ നിരക്കുകൾ ഇനിയും ഉയർത്തണമോ അതോ നിലവിലുള്ള അവസ്ഥയിൽ നിർത്തണമോ എന്ന് തീരുമാനിക്കുക.

Content Highlights: RBI increased the repo rate by 0.25% to 5.50% after a 44-month pause., Governor Sanjay Malhotra signaled further rate hikes to prioritize inflation control., Home and auto loan interest rates and EMIs are expected to rise., Next monetary policy review meeting scheduled for December 4.