മെക്‌സിക്കന്‍ തീരുവ: ഇന്ത്യയെ എങ്ങനെ ബാധിക്കും, ഏതൊക്കെ മേഖലകള്‍ക്ക് തിരിച്ചടിയാകും?

സ്വതന്ത്ര വ്യാപാര കരാര്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ കൂട്ടാനുള്ള നീക്കം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കാം. ജനുവരി ഒന്നു മുതലാണ് തീരുവ പ്രാബല്യത്തില്‍ വരുന്നത്. അമേരിക്കയുടെ സമ്മര്‍ദം, ചൈനയില്‍നിന്ന് കുറഞ്ഞ വിലയിലുള്ള ഇറക്കുമതി തടയല്‍, ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള ശ്രമം എന്നിവയാണ് ഈ നീക്കത്തിന് പിന്നില്‍.
ഇന്ത്യയുടെ വാഹന, ഉരുക്ക്, യന്ത്രസാമഗ്രി, തുണിത്തര മേഖലകള്‍ക്കാകും കനത്ത തിരിച്ചടി നേരിടേണ്ടിവരിക. വാഹനങ്ങള്‍ക്ക് നിലവിലെ 20 ശതമാനത്തില്‍നിന്ന് 50 ശതമാനമായി തീരുവ ഉയരും. മെക്‌സിക്കോയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 40 ശതമാനംവരെ ഇടിവുണ്ടാകാന്‍ ഇതിടയാക്കുമെന്നാണ് വിലയിരുത്തല്‍.
മെക്‌സിക്കോയുടെ നീക്കം
മെക്‌സിക്കന്‍ സെനറ്റ് അംഗീകരിച്ച പുതിയ താരിഫ് ഘടനപ്രകാരം സ്വതന്ത്ര വ്യാപാര കരാറില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള 1,460-ല്‍ അധികം ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് 5% മുതല്‍ 50% വരെ ഇറക്കുമതി തീരുവ ചുമത്തും. 2026 ജനുവരി ഒന്നു മുതലാണ് ഈ പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നത്.
ബാധകമാകുന്ന രാജ്യങ്ങള്‍
ഇന്ത്യ, ചൈന തുടങ്ങിയ മെക്‌സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെയാണ് ഈ നിയമം പ്രധാനമായും ബാധിക്കുക.
ഒഴിവാക്കപ്പെട്ട രാജ്യങ്ങള്‍
അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ നിലവില്‍ വ്യാപാര കരാറുകളുള്ള രാജ്യങ്ങളെ താരിഫ് വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഉല്‍പ്പന്നങ്ങള്‍
വാഹനങ്ങള്‍, യന്ത്രസാമഗ്രികള്‍, ഉരുക്ക്, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് ഉപകരണങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്തുക്കള്‍ക്ക് പുതിയ തീരുവ ബാധകമാകും.
താരിഫ് വര്‍ധനവിന്റെ കാരണങ്ങള്‍
ചൈനയില്‍ നിന്നുള്ള ഇറക്കുമതി: ചൈനയില്‍ നിന്ന് കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി മെക്‌സിക്കോയുടെ ഉരുക്ക്, വാഹന ഭാഗങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ആഭ്യന്തര വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചു.
അമേരിക്കന്‍ സമ്മര്‍ദം: 2026-ല്‍ നടക്കാനിരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ കരാര്‍ (USMCA) പുനഃപരിശോധനയ്ക്ക് മുന്നോടിയായി, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മെക്‌സിക്കോ വഴി അമേരിക്കയിലേക്കെത്തുന്നതിനെതിരെ യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തര വ്യവസായ സംരക്ഷണം: കുറഞ്ഞ വിലയിലുള്ള ഇറക്കുമതിയില്‍ നിന്ന് ആഭ്യന്തര വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമും ഭരണകക്ഷിയായ മൊറേന പാര്‍ട്ടിയും ഇതിനെ മെക്‌സിക്കന്‍ തൊഴിലാളികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടിയായിട്ടാണ് അവതരിപ്പിച്ചത്.
വരുമാന വര്‍ധനവ്: പുതിയ താരിഫ് ഘടനയിലൂടെ പ്രതിവര്‍ഷം ഏകദേശം 70 ബില്യണ്‍ പെസോ (ഏകദേശം 3.7 മുതല്‍ 3.75 ബില്യണ്‍ ഡോളര്‍ വരെ) അധിക വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഇന്ത്യയ്ക്ക് മെക്‌സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഇല്ലാത്തതിനാല്‍ ഈ തീരുമാനം കയറ്റുമതിയെ നേരിട്ട് ബാധിക്കും. 2024-ല്‍ ഇന്ത്യ മെക്‌സിക്കോയിലേക്ക് 890 കോടി ഡോളറിന്റെ സാധനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. 2025-ലെ ട്രേഡിംഗ് ഇക്കണോമിക്‌സ് ഡാറ്റ പ്രകാരം ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭാഗങ്ങള്‍ ഇവയാണ്:
- വാഹനങ്ങള്‍: 186 കോടി ഡോളര്‍
- ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍: 61.24 കോടി ഡോളര്‍
- യന്ത്രസാമഗ്രികള്‍: 56.08 കോടി ഡോളര്‍
- ഓര്‍ഗാനിക് രാസവസ്തുക്കള്‍: 38.80 കോടി ഡോളര്‍
- അലുമിനിയം: 38.60 കോടി ഡോളര്‍
- ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍: 21.12 കോടി ഡോളര്‍
ദക്ഷിണാഫ്രിക്കയ്ക്കും സൗദി അറേബ്യക്കും പിന്നില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ യാത്രാവാഹന കയറ്റുമതി വിപണിയാണ് മെക്‌സിക്കോ. സ്‌കോഡ, ഫോക്‌സ്വാഗണ്‍, ഹ്യുണ്ടായ്, നിസ്സാന്‍, മാരുതി സുസുക്കി എന്നിവയാണ് പ്രധാന കയറ്റുമതിക്കാര്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രാവാഹന കയറ്റുമതിയുടെ പകുതിയോളം സ്‌കോഡയുടെ സംഭാവനയാണ്.
ഇന്ത്യയുടെ നീക്കം
താരിഫ് വര്‍ധന തടയാന്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ ശ്രമിച്ചിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മെക്‌സിക്കന്‍ സെനറ്റില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല. വാഹന കയറ്റുമതിക്കാര്‍ സര്‍ക്കാരിനോടും ഇടപെടാന്‍ അഭ്യര്‍ഥിച്ചിരുന്നു. നയതന്ത്ര തലത്തില്‍ വിഷയം ഇപ്പോള്‍ ചര്‍ച്ചയിലാണ്. പുതിയ തീരുവകള്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ള ആഘാതം ലഘൂകരിക്കുന്നതിനായി മെക്‌സിക്കോയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറോ അല്ലെങ്കില്‍ വാഹന, ഉരുക്ക് പോലുള്ള മേഖലകളെ ഉള്‍ക്കൊള്ളുന്ന ഒരു ഭാഗിക കരാറോ ഇന്ത്യ പരിഗണിക്കുന്നുണ്ട്.
Content Highlights: Mexico raises import tariffs on products from non-FTA countries like India. Discover how this impacts Indian auto, steel, and textile sectors and what solutions are being explored.