കടുത്ത പ്രതിസന്ധിയിൽ കയറ്റുമതി: ചരക്കുകൾ തിരികെ വിളിക്കുന്നു, ആഭ്യന്തര വിപണിയിൽ വിറ്റഴിക്കും

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്ന ചരക്കുകൾ തിരികെവളിച്ച് കയറ്റുമതിക്കാർ. 38,000ത്തോളം കണ്ടെയ്നറുകൾ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണക്ക്. ഇവയിൽ പകുതിയോളം തിരിച്ചുവിളിച്ച് ആഭ്യന്തര വിപണിയിൽ വിൽക്കാനോ സംഭരിക്കാനോ ആണ് ശ്രമം നടത്തുന്നത്. ചരക്ക് നീക്കത്തിലുണ്ടാകുന്ന കാലതാമസത്തിന് നൽകേണ്ട വൻതുക ഉൾപ്പടെയുള്ളവ ഒഴിവാക്കാനാണ് ഈ നീക്കം. പെട്ടെന്ന് കേടാകുന്ന സാധനങ്ങൾക്കാകും മുൻഗണ നൽകുക. ഷിപ്പിങ് വഴികളിലെ തടസ്സങ്ങളും ഭീമമായ സർച്ചാർജുകളും കയറ്റുമതി പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നീരീക്ഷിച്ചുവരികയാണ് സർക്കാർ.
കയറ്റുമതിയിൽ പ്രതിസന്ധി
പശ്ചിമേഷ്യൻ പ്രതിസന്ധി കയറ്റുമതിക്കാരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തുറമുഖങ്ങളിൽ ചരക്ക് കെട്ടിക്കിടക്കുമ്പോൾ നൽകേണ്ടി വരുന്ന വൻ തുക, മറ്റ് ചാർജുകൾ എന്നിവ ഒഴിവാക്കാനാണ് പ്രാഥമിക പരിഗണന. പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം കപ്പലുകൾ പ്രധാന റൂട്ടുകൾ ഒഴിവാക്കുകയാണ്. ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള യാത്ര ഷിപ്പിംഗ് ചെലവ് ഗണ്യമായി വർദ്ധിപ്പിച്ചു.
നിലവിൽ 2,000 ഡോളർ വരെ സർചാർജ് ഈടാക്കുന്നത് കയറ്റുമതി അപ്രായോഗികമാക്കുന്നുവെന്ന് കമ്പനികൾ പറയുന്നു. സുരക്ഷാ കാരണങ്ങളാൽ കപ്പൽ കമ്പനികൾ യാത്രകൾ പാതിവഴിയിൽ റദ്ദാക്കുകയോ സർവീസുകൾ കുറയ്ക്കുകയോ ചെയ്യുന്നുമുണ്ട്.
| ഉത്പന്നങ്ങൾ | ബാധിക്കുന്ന രീതി |
|---|---|
പെട്ടെന്ന് കേടാകുന്നവ | പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ എന്നിവയ്ക്ക് മുൻഗണന നൽകി ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാൻ ശ്രമിക്കുന്നു. |
എൻജിനിയറിങ് ഉത്പന്നങ്ങൾ | ദോഹ (ഖത്തർ), സോഖ്ന (ഈജിപ്ത്) എന്നിവിടങ്ങളിലേക്ക് അയക്കാൻ തയ്യാറാക്കിയ പല ഉത്പന്നങ്ങളും മറ്റ് വിപണികളിൽ വിൽക്കാൻ കഴിയില്ല. അവ അതാത് വിപണികൾക്കായി പ്രത്യേകം തയ്യാറാക്കിയവയാണ്. |
മറ്റ് ചരക്കുകൾ | ആഭ്യന്തര വിപണിയിൽ വിൽക്കുന്നതിന് അധിക പാക്കേജിംഗ് ചെലവുകൾ കയറ്റുമതിക്കാർക്ക് വഹിക്കേണ്ടി വരുന്നു. |
ചരക്ക് നീക്കത്തിലെ വെല്ലുവിളികൾ
ആക്രമണം നടത്തുന്നത് അമേരിക്കൻ, ഇസ്രയേൽ, യൂറോപ്യൻ എന്നിവിടങ്ങളിൽനിന്നുള്ള കപ്പലുകൾക്ക് നേരെ മാത്രമാണെന്ന് ഇറാൻ പറയുമ്പോഴും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കപ്പൽ കമ്പനികൾ ജാഗ്രതയെടെയാണ് നീങ്ങുന്നത്. ഷാർജയ്ക്ക് സമീപമുള്ള ഖോർഫക്കാൻ തുറമുഖത്ത് അത്യാവശ്യമുള്ള ചരക്കുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും മറ്റ് പല പ്രധാന തുറമുഖങ്ങളും അനിശ്ചിതത്വത്തിലാണ്. നവി മുംബൈയിലെ ജെ.എൻ.പി.ടി പോലുള്ള തുറമുഖങ്ങളിൽ കണ്ടെയ്നറുകൾ കെട്ടിക്കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി വിവിധ തലങ്ങളിൽ ശ്രമം നടത്തുന്നുണ്ട്. കയറ്റുമതിയിലുണ്ടായ ആഘാതവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിലയിരുത്താൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. കപ്പൽ ഉടമകൾ, ചരക്ക് ഉടമകൾ, കണ്ടെയ്നർ കാരിയറുകൾ എന്നിവരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഓൺലൈൻ കൺസൾട്ടേഷൻ യോഗങ്ങൾ വിളിക്കും. ഷിപ്പിംഗ് കമ്പനികൾ കയറ്റുമതിക്കാർക്ക് മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കരുതെന്നും ഇതിനകം ലക്ഷ്യസ്ഥാനത്ത് എത്തിയ ചരക്കുകളുടെ ഡെലിവറി ചാർജുകൾ ഷിപ്പിംഗ് ലൈനുകൾ തന്നെ വഹിക്കണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ടേഴ്സ് ഓർഗനൈസേഷൻസ് ഡയറക്ടർ ജനറൽ അജയ് സഹായ് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷം സുരക്ഷാ പ്രശ്നം എന്നതിലുപരി രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പ്രതിസന്ധിയായി മാറിയിട്ടുണ്ട്. കണ്ടെയ്നറുകൾ തിരികെ വിളിക്കുന്നതും ആഭ്യന്തര വിപണിയിൽ വിൽക്കുന്നതും താത്കാലിക ആശ്വാസം നൽകുമെങ്കിലും വിതരണ ശൃംഖലയിലെ അനിശ്ചിതത്വം നീളുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കയറ്റുമതി മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും. സർക്കാർ തലത്തിലുള്ള ഇടപെടലുകളും ഷിപ്പിംഗ് കമ്പനികളുമായുള്ള ഏകോപനവും വരും ദിവസങ്ങളിൽ നിർണായകമാകും.
Content Highlights: Middle East conflict is severely disrupting major global shipping routes., An estimated 38,000 containers carrying Indian goods are stranded at various ports., Exporters are recalling shipments to sell domestically and avoid high demurrage fees., Shipping surcharges have soared to as high as $2,000, making exports unviable., The Indian government has formed a committee to address the supply chain disruptions.