ജിഎസ്ടി: പ്രീമിയം ഉത്പന്നങ്ങളുടെ വില്‍പ്പന കൂടി, എന്‍ട്രി ലെവല്‍ മോഡലുകളുടെ കുറഞ്ഞു

.
.

ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയതോടെ ഉയര്‍ന്ന വിലയുള്ള ഉത്പന്നങ്ങലുടെ ഡിമാന്‍ഡ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 55-65 ഇഞ്ച് വലിപ്പമുള്ള ടെലിവിഷനുകള്‍, എസി, പ്രീമിയം കാറുകള്‍, ആയിരത്തിനും രണ്ടായിരത്തി അഞ്ഞൂറിനും ഇടയിലുള്ള വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ വില്‍പ്പന കുതിച്ചുയര്‍ന്നതായാണ് വിലയിരുത്തല്‍. എന്‍ട്രി ലെവല്‍ മോഡലുകളില്‍ താത്പര്യം കുറഞ്ഞതായും പറയുന്നു.

കൂടുതല്‍ നികുതി ആനുകൂല്യം ലഭിച്ച ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 35 ശതമാനംവരെ വര്‍ധനവുണ്ടായിതായാണ് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുളള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പ്രീമിയം ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ്

വിലക്കുറവിന്റെ നേട്ടം സ്വന്തമാക്കാന്‍ ഉപഭോക്താക്കളിലേറെയും ഉയര്‍ന്ന മോഡലുകള്‍ വാങ്ങുന്ന പ്രവണത പ്രകടമാണ്. ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, കാറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇത് കൂടുതലും പ്രകടം.

താത്പര്യക്കുറവ് എന്‍ടി ലെവല്‍ മോഡലുകളില്‍

പ്രീമിയം ഉത്പന്നങ്ങളുടെ വില്‍പ്പയില്‍ കതിപ്പുണ്ടായെങ്കിലും എന്‍ട്രി ലെവല്‍ മോഡലുകളില്‍ ഉപഭോക്താക്കളുടെ താത്പര്യം കുറഞ്ഞു. നേരത്തെ വിപണിയില്‍ കൂടുതല്‍ വിറ്റിരുന്ന 32 ഇഞ്ച് ടെലിവിഷനുകളുടെ വില്പനയില്‍ കഴിഞ്ഞ നവരാത്രി വില്‍പ്പനയെ അപേക്ഷിച്ച് 12 ശതമാനംവരെ കുറവുണ്ടായതായി കമ്പനികള്‍ പറയുന്നു.

ഓണ്‍ലൈനില്‍ കൂടി

ജിഎസ്ടി കുറച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ആനുകൂല്യം ലഭിച്ച ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 35 ശതമാനംവരെ വര്‍ധനവുണ്ടായതായി ആമസോണ്‍, ഫ്‌ളിപ്കാര്‍ട്, ജിയോമാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഹൈയര്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30% വര്‍ധനവുണ്ടായതായി കമ്പനി പറയുന്നു. ദസറയോടനുബന്ധിച്ച് ഓഫ്ലൈന്‍ സ്റ്റോറുകളിലും സമാനമായ പ്രവണതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്

വലിയ സ്‌ക്രീന്‍ ടിവികളും ഉയര്‍ന്ന റേറ്റിംഗ് ഉള്ള എസികളും: 55-65 ഇഞ്ച് വലിപ്പമുള്ള ടിവികള്‍, 5-സ്റ്റാര്‍ റേറ്റിംഗ് ഉള്ള എസികള്‍ എന്നിവയുടെ വില്‍പ്പന കുതിച്ചുയര്‍ന്നു. ഹൈയര്‍ ഇന്ത്യയുടെ കണക്കനുസരിച്ച്, ഈ വിഭാഗത്തിലെ ഉത്പന്നങ്ങള്‍ മൊത്തം വില്പനയുടെ 70 ശതമാനത്തോളമായി. കഴിഞ്ഞ വര്‍ഷം ഇത് 50 ശതമാനമായിരുന്നു.

വിലയിലെ ആകര്‍ഷണീയത:

പ്രീമിയം ടിവികളുടെ വിലയില്‍ 4,000 രൂപ മുതല്‍ 6,000 രൂപവരെയാണ് കുറവുണ്ടായത്. ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് സ്‌കീമുകളും കൂടിയായപ്പോള്‍ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടായി.

ഓട്ടോമൊബൈല്‍

ഉയര്‍ന്ന വേരിയന്റുകളോടുള്ള പ്രിയം:കാറുകളുടെ ഉയര്‍ന്ന വേരിയന്റുകളിലെ വിലക്കുറവ് ഉപഭോക്താക്കളെ കാര്യമായി ആകര്‍ഷിച്ചിട്ടുണ്ട്.

ഉയര്‍ന്ന മോഡലുകള്‍ക്ക് നല്‍കേണ്ടിവരുന്ന അധിക തുകയ്ക്ക് തുല്യമായ വിലക്കിഴിവ് ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ബജറ്റ് അല്പം കൂട്ടി മികച്ച മോഡലുകള്‍ തിരഞ്ഞെടുക്കുന്നു.

മാരുതി സുസുക്കി ബ്രെസ്സയുടെ വിഎക്‌സ്‌ഐ വേരിയന്റിന് 49,100 രൂപയാണ് കുറഞ്ഞത്. അതേസമയം, ഉയര്‍ന്ന മോഡലായ ഇസെഡ്.എക്‌സ്.ഐ വേരിയന്റിന് 86,100 രൂപയുടെ ആനുകൂല്യം ലഭിച്ചു. ഇത് ഉപഭോക്താക്കളെ ഇസെഡ്.എക്‌സ്.ഐ വാങ്ങാന്‍ പ്രേരിപ്പിച്ചു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര: എക്‌സ്.യു.വിയുടെ എ.എക്‌സ് 5 വേരിയന്റില്‍നിന്ന് എ.എക്‌സ് 7-ലേയ്ക്ക് നിരവധിപേര്‍ മാറിച്ചിന്തിച്ചു.

പുതിയ ഉപഭോക്താക്കള്‍ ടിയാഗോ സിഎന്‍ജി മോഡല്‍ തിരഞ്ഞെടുക്കുമ്പോള്‍ നിലവിലുള്ളവര്‍ നെക്‌സോണ്‍, പഞ്ച് എന്നിവയുടെ ഉയര്‍ന്ന വേരിയന്റിലേയ്‌ക്കോ ഹാരിയര്‍, സഫാരി പോലുള്ള പ്രീമിയം എസ്യുവികളിലേക്കോ മാറുന്നതായി ടാറ്റ മോട്ടോഴ്സ് പറയുന്നു.

വസ്ത്രങ്ങള്‍, പാദരക്ഷകള്‍

2,500 രൂപവരെയുള്ള വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും ജിഎസ്ടി 5% ആയി കുറച്ചത് ഈ മേഖലയില്‍ ഉണര്‍വുണ്ടാക്കി. മുമ്പ് 1,000-ന് മുകളിലുള്ളവയ്ക്ക് 12% ആയിരുന്നു നികുതി.

ജിഎസ്ടി പരിഷ്‌കരണം പ്രീമിയം ഉത്പന്നങ്ങള്‍ താങ്ങാവുന്ന വിലയിലെത്തിച്ചുവെന്നതാണ് വിപണിയില്‍നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ വാങ്ങല്‍ ശൈലിയിലാണ് പ്രധാനമായും മാറ്റമുണ്ടായത്. വിലക്കുറവിന്റെ പ്രയോജനം പണം ലാഭിക്കാനായി ഉപയോഗിക്കുന്നതിന് പകരം, അതേ ബഡ്ജറ്റില്‍ കൂടുതല്‍ മികച്ചതും വില കൂടിയതുമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് പ്രേരണയായി.

Content Highlights: GST revisions boost premium product sales like TVs, ACs, cars, apparel. Entry-level models see decline. Online platforms report 35% increase.