ജി.ഡി.പി. കണക്ക് അന്തിമമല്ല: പുനർനിർണയത്തിൽ മാറ്റങ്ങളുണ്ടായേക്കാം

Image:Freepik
Image:Freepik

മുംബൈ: പ്രാഥമിക കണക്കുകൾ വിലയിരുത്തിക്കൊണ്ട് മൊത്തം ആഭ്യന്തര ഉത്പാദനവുമായി (ജി.ഡി.പി.) ബന്ധപ്പെട്ട് സർക്കാർ ആദ്യം പ്രഖ്യാപിക്കുന്ന കണക്കുകൾ പുനർനിർണയത്തിൽ മാറുന്നത് പതിവ്. ആദ്യമായി പുറത്തുവിടുന്ന കണക്കുകൾ പല അവസരങ്ങളിൽ വലിയ അളവിൽ കുറയുകയും കൂടുകയും ചെയ്തിട്ടുണ്ടെന്ന് മുൻകാല കണക്കുകൾ വ്യക്തമാക്കുന്നു.

കണക്കിലെ ഏറ്റക്കുറച്ചിലുകൾ

2023 ഏപ്രിൽ-ജൂൺ കാലയളവിൽ ആദ്യ കണക്കെടുപ്പിൽ 8.2 ശതമാനമാണ് രേഖപ്പെടുത്തിയത്. പുനർനിർണയം പൂർത്തിയാക്കിയപ്പോഴിത് 1.6 ശതമാനം കുറഞ്ഞ് 6.6 ശതമാനമായി. 2023-24 സാമ്പത്തിക വർഷം എല്ലാപാദത്തിലും ഇത്തരത്തിൽ പ്രൊവിഷണൽ കണക്കുകളിൽ രേഖപ്പെടുത്തിയതിനെക്കാൾ കുറഞ്ഞ വളർച്ചനിരക്കാണ് പുനർനിർണയത്തിൽ വന്നത്.

ഇതു തിരിച്ചും സംഭവിച്ചിട്ടുണ്ട്. 2024 ഏപ്രിൽ-ജൂൺ കാലയളവിൽ 6.5 ശതമാനമായിരുന്നു പ്രാഥമിക വളർച്ചനിരക്ക്. പുനർനിർണയത്തിലിത് 7.5 ശതമാനമായി.

2025 ജനുവരി-മാർച്ച് പാദത്തിൽ ആദ്യം കണക്കാക്കിയിരുന്ന 7.4 ശതമാനത്തിൽനിന്ന് 6.6 ശതമാനമായി കുറയുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കണക്കുകളിലെ വ്യതിയാനം ജി.ഡി.പി. കണക്കുകളിൽ പതിവായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജി.ഡി.പി.യുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവിടുന്ന കണക്കുകൾ അന്തിമമായി കണക്കാക്കാനാകില്ല.

വാർഷിക ജി.ഡി.പി. കണക്കുകളിൽ രണ്ട് അനുമാനങ്ങളാണ് ആദ്യമെത്തുക. അതിനുശേഷം പ്രൊവിഷണൽ കണക്കും പിന്നീട് രണ്ടുതവണ പുനർനിർണയവുമുണ്ടാകും. അതുകൊണ്ടുതന്നെ അന്തിമ കണക്കുകൾ വരുന്നതിന് മൂന്നുവർഷംവരെയെടുക്കാറുണ്ട്. നടപ്പുസാമ്പത്തികവർഷത്തെ ആദ്യ പാദത്തിലെ വളർച്ചനിരക്ക് 7.8 ശതമാനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. പുനർനിർണയത്തിലിത് കൂടാനോ കുറയാനോ മാറ്റമില്ലാതെ തുടരാനോ സാധ്യതകളുണ്ട്.

അന്തിമ കണക്കുകൾ 2029-ൽ

ഇപ്പോഴത്തെ രീതിയിൽ 2026-27 സാമ്പത്തികവർഷത്തെ അന്തിമ ജി.ഡി.പി. കണക്കുകൾ 2029-ൽ ആയിരിക്കും പുറത്തുവരുക. 2026-27 സാമ്പത്തിക വർഷത്തെ ജി.ഡി.പി. വളർച്ചയുടെ ആദ്യ ഔദ്യോഗിക അനുമാനം 2027 ജനുവരിയിലെത്തും. രണ്ടാം അനുമാനം ഫെബ്രുവരിയിലും. പ്രൊവിഷണൽ (പ്രാഥമിക വളർച്ചനിരക്ക്) കണക്ക് ജൂണിലാണ് പ്രഖ്യാപിക്കുക. പിന്നീട് രണ്ടുതവണ ഇതു പുനഃപരിശോധിക്കും. പുതുക്കിയ ആദ്യ കണക്ക് 2028 ഫെബ്രുവരിയിലും രണ്ടാമത്തേത് 2029 ഫെബ്രുവരിയിലുമാണ് പ്രസിദ്ധീകരിക്കുക. ഇതായിരിക്കും അന്തിമ കണക്ക്. 2021-22 സാമ്പത്തികവർഷംവരെ മൂന്നാമത്തെ പുനർനിർണയത്തിലായിരുന്നു അന്തിമ കണക്കു വന്നിരുന്നത്. അതിനുശേഷം രണ്ടു പുനർനിർണയമാക്കി ചുരുക്കുകയായിരുന്നു.

Content Highlights: Initial GDP figures announced by the government are provisional and subject to revisions., Historical data shows significant variations between initial estimates and revised growth rates., Final GDP figures take up to three years of revisions and updates to be fully confirmed.