കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വിറ്റഴിച്ചത്‌ 50 ബില്യണ്‍ ഡോളര്‍

#Money Desk
Photo: Gettyimages
Photo: Gettyimages

യുഎസ് ഡോളറിന്റെ മുന്നേറ്റത്തില്‍ കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യയിലെ വിവധ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍. ഡോളിന്റെ നിരന്തരമായ മുന്നേറ്റത്തില്‍നിന്ന് കറന്‍സികളെ പ്രതിരോധിക്കാനണ് ഇത്രയും തുക വിപണിയിലിറക്കിയത്. 

ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍  ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്. ജപ്പാനും കൂടി ചേരുമ്പോള്‍ ഈ തുക 50 ബില്യണാകും. 2020 മാര്‍ച്ചിനുശേഷമുള്ള ഉയര്‍ന്ന വില്പനയാണിത്. ആഗോള മൂലധന നീക്കം നിരീക്ഷിക്കുന്ന എക്‌സാന്റെ ഡാറ്റ- എന്ന സ്ഥാപനത്തിന്റേതാണ് വിലയിരുത്തല്‍. രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍, മറ്റ് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്കെടുപ്പ്. 

1980നുശേഷം ഇതാദ്യമായി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് തുടര്‍ച്ചയായി കൂട്ടിയതാണ് ഡോളര്‍ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്താനിടയാക്കിയത്. ഏഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ  കറന്‍സികളുടെ മൂല്യത്തെ കാര്യമായി ഇത് ബാധിക്കുകയുംചെയ്തു.

സെപ്റ്റംബറില്‍ ജപ്പാന്‍ 20 ബില്യണ്‍ ഡോളര്‍ വിറ്റഴിച്ചപ്പോള്‍ ദക്ഷിണ കൊറിയ 17 ബില്യണാണ് വിപണിയിലിറക്കിയത്. ദക്ഷിണ കൊറിയ, ഇന്ത്യ, തായ് വാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഡോളര്‍ വിറ്റഴിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. മറ്റ് രാജ്യങ്ങളിലെ വിവരങ്ങള്‍ കേന്ദ്ര ബാങ്കുകള്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. 

30 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ യെനിന്റെ മൂല്യം ഏറ്റവും താഴ്ചയിലേയ്ക്ക് പതിച്ചതോടെയാണ് ജപ്പാന്‍ വന്‍തോതില്‍ കരുതല്‍ ശേഖരം വിറ്റഴിക്കാന്‍ തയ്യാറായത്. വിദേശ-വിനിമയ വിപണിയില്‍ ഇടപെട്ട് ചാഞ്ചാട്ടം കുറയ്ക്കാനും നിയന്ത്രിക്കാനും കറന്‍സികളുടെ മൂല്യമിടിവ് പരിധിവിട്ട് താഴാതിരിക്കാനും വിവിധ രാജ്യങ്ങള്‍ കിണഞ്ഞു ശ്രമിക്കുകതന്നെ ചെയ്തു.  

വിപണിയില്‍ ഇടപെട്ട് കറന്‍സികളുടെ മൂല്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍ ലോകമാകെയുള്ള രാജ്യങ്ങളിലെ വിദേശനാണ്യ കരുതല്‍ ശേഖരം കുറയുകയാണെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷം കോടിയിലധികം ഡോളറിന്റെ കുറവാണ് കരുതല്‍ ശേഖരത്തിലുണ്ടായത്. 12 ലക്ഷം കോടി ഡോളറില്‍ താഴെയാണ് വിവിധ രാജ്യങ്ങളുടെ കൈവശമുള്ള ഇപ്പോഴത്തെ കരുതല്‍ശേഖരം.

Content Highlights: Asia spent $50 billion to defend currencies from US dollar