‘സുബേദാർ സജീഷിന് ജന്മനാട്ടിൽ ഉചിതസ്മാരകം വേണം’

ഒതുക്കുങ്ങൽ: ‘ഓപ്പറേഷൻ രക്ഷക്’ സൈനികദൗത്യത്തിനിടെ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സുബേദാർ കാട്ടുമുണ്ട സജീഷിന് ജന്മനാട്ടിൽ ഉചിതമായ സ്മാരകം നിർമിക്കണമെന്ന് അനുസ്മരണയോഗം ആവശ്യപ്പെട്ടു. സജീഷിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഒതുക്കുങ്ങൽ പഞ്ചായത്തും ചെറുകുന്ന് കൂട്ടായ്മാ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. ചെറുകുന്ന് ബാലപ്രബോധിനി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മെഹനാസ് ഉദ്ഘാടനംചെയ്തു. കൂട്ടായ്മാ പ്രസിഡന്റ് ഹുസൈൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എ.കെ. ഖമറുദ്ദീൻ അനുസ്മരണപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. മുഹമ്മദ്, വാർഡംഗങ്ങളായ റുഖിയ കോറാടൻ, സാബിറ, കെ. രാജീവ്, കൂട്ടായ്മാ സെക്രട്ടറി കെ. അഹമ്മദ്കുട്ടി, വൈസ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ, അബൂബക്കർ തൊട്ടിയിൽ, റഹൂഫ്, ഷംസുദീൻ, മുസ്തഫ നെച്ചിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: A memorial meeting held in Othukkungal demanded the construction of a suitable memorial for Subedar Sajeesh on his first death anniversary.