കുളവാഴയിൽനിന്ന് ജൈവവളം നിർമിച്ച് സീഡ് വിദ്യാർഥികൾ

പെരിങ്ങാവ്: ജലാശയങ്ങൾക്ക് ഭീഷണിയും അപകടകാരിയുമായ കുളവാഴ ശേഖരിച്ച് പോഷകസമ്പന്നമായ ജൈവവളമാക്കി മാറ്റുന്ന നൂതന പദ്ധതിയുമായി പെരിങ്ങാവ് എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്. പരിസ്ഥിതി സംരക്ഷണവും കൃഷിയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.
സസ്യവളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ പൊട്ടാസ്യം ഉൾപ്പെടെയുള്ള പോഷകഘടകങ്ങൾ കുളവാഴയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്നതിലൂടെ വയലുകളിൽ കുളവാഴ ശല്യം കുറയ്ക്കാനും രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും സാധിക്കും.
സ്കൂളിന് സമീപത്തെ വയലുകളിൽ നിന്ന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് വിദ്യാർത്ഥികൾ കുളവാഴ ശേഖരിച്ചത്. തുടർന്ന് ഇത് ഉണക്കി നുറുക്കി ജൈവവള നിർമ്മാണ പ്രക്രിയയിൽ ഏർപ്പെടുകയായിരുന്നു. സ്കൂളിലെ പച്ചക്കറിത്തോട്ടത്തിലേക്കും ചെടിച്ചട്ടികളിലേക്കും ആവശ്യമായ വളം ഇതിലൂടെ സ്വയം ഉത്പാദിപ്പിക്കുന്നു.
Content Highlights: Mathrubhumi SEED Club students of Peringavu AUP School produce nutrient-rich organic fertilizer from water hyacinth.