സ്വകാര്യ സർവകലാശാലാ ബിൽ കേരളത്തിന്റെ പരിമിതികളെ മറികടക്കും -മഞ്ഞളാംകുഴി അലി

കൊളത്തൂർ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് വരുംകാലങ്ങളിൽ സർഗാത്മകമായ മാറ്റങ്ങളുണ്ടാകുമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ. പറഞ്ഞു. ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ കോഴിക്കോട് മേഖലാ കലോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന സ്വകാര്യ സർവകലാശാലാ ബിൽ വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ പരിമിതികളെ ഉടച്ചുവാർക്കാൻ സഹായിക്കും. ഓപ്പൺ സർവകലാശാലകളിൽ പ്രായഭേദമെന്യേ എല്ലാവരും ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നു എന്നത് ശുഭലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ സിൻഡിക്കറ്റ് അംഗം പി. സുൽഫി അധ്യക്ഷത വഹിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അബൂബക്കർ, ജെംസ് വൈസ് ചെയർമാൻ എം. വാസുദേവൻ, ഡയറക്ടർ പി.ടി. ഹംസ, പ്രിൻസിപ്പൽ ഡോ. നവീൻമോഹൻ, വി.പി. രഞ്ജുഷ, പ്രൊഫ. ഗോപാലകൃഷ്ണൻ, അബ്ദുൽ ലത്തീഫ് അസ്ലം എന്നിവർ സംസാരിച്ചു.
മോണോ ആക്ട്, കഥാപ്രസംഗം, പദ്യപാരായണം, പ്രസംഗം, പ്രച്ഛന്നവേഷം, ഗസൽ, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ മത്സരങ്ങൾ നടന്നു.
Content Highlights: MLA Manjalamkuzhi Ali said the Private University Bill will help overcome Kerala's limitations in the higher education sector while inaugurating an arts festival at GEMS College.