പരിമിതികളിൽ വീർപ്പുമുട്ടി എടവണ്ണ സബ് രജിസ്ട്രാർ ഓഫീസ്

കെട്ടിടം നിർമിക്കാൻ സ്ഥലമില്ല
വയോധികർ ഉൾപ്പെടെയുള്ളവർക്ക് നിൽക്കാനും ഇരിക്കാനുംഇടമില്ല
എടവണ്ണ : പ്രവർത്തനം തുടങ്ങി പത്താംവർഷത്തിലേക്ക് കടക്കുമ്പോഴും പരിമിതികളിൽ വീർപ്പുമുട്ടി എടവണ്ണയിലെ സബ് രജിസ്ട്രാർ ഓഫീസ്. നിയമങ്ങളും പ്രമാണങ്ങളുമൊക്കെ രജിസ്റ്റർ ചെയ്യാനെത്തുന്ന വയോധികർ ഉൾപ്പെടെയുള്ളവർക്ക് ഇവിടെ നിൽക്കാനും ഇരിക്കാനും ഇടമില്ല.
സീതിഹാജി പാലത്തിനടുത്ത് അങ്ങാടിയിലെ വാടക കെട്ടിടത്തിലെ ഒന്നാം നിലയിലാണ് പ്രവർത്തനം. പടികൾ കയറിയിറങ്ങണം. ഒട്ടും ഭിന്നശേഷി സൗഹൃദമല്ല.
രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ സൗജന്യമായി സ്ഥലലഭ്യത ആരാഞ്ഞ് വകുപ്പധികൃതർ പലതവണ കത്ത് നൽകിയിരുന്നു. അനുയോജ്യമായ സ്ഥലം ലഭ്യമായില്ല.
10 സെന്റെങ്കിലും സ്ഥലം ലഭ്യമായാൽ വാഹന പാർക്കിങ് സൗകര്യത്തോടെ ആധുനികരീതിയിൽ കെട്ടിടമൊരുക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എടവണ്ണ പഞ്ചായത്ത് പരിധിയിൽ സ്ഥലം ലഭ്യമായാൽ പരിഗണിക്കാനാകും.
നിലവിൽ എടവണ്ണ, പെരകമണ്ണ, കാരക്കുന്ന്, മമ്പാട് വില്ലേജുകളാണ് സബ് രജിസ്ട്രാർ ഓഫീസിനു കീഴിലുള്ളത്.
മുദ്രപ്പത്രത്തിനും ഓടണം
എടവണ്ണയിൽ മുദ്രപ്പത്രങ്ങളും സ്റ്റാമ്പുകളും ലഭ്യമാക്കുന്ന അംഗീകൃത ഏജൻസിയില്ലാത്തതും നാട്ടുകാർക്ക് പ്രയാസമുണ്ടാക്കുന്നു. നിലവിൽ ഇത്തരം ആവശ്യങ്ങൾക്ക് നിലമ്പൂരിലോ മഞ്ചേരിയിലോ പോകേണ്ട സ്ഥിതിയാണെന്ന് നാട്ടുകാരും ആധാരം എഴുത്തുകാരുമൊക്കെ പറയുന്നു. ലൈസൻസുള്ള സ്റ്റാമ്പ് വെണ്ടർമാർക്ക് സ്റ്റാമ്പ് പേപ്പർ വില്പന നടത്താനുള്ള പരിധി സർക്കാർ ഉയർത്തിയിട്ടുണ്ട്. ഒരുലക്ഷം രൂപയായിരുന്നത് മൂന്നുലക്ഷം രൂപയാക്കിയാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ വെണ്ടറുടെ ആവശ്യകത വർധിക്കുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇ-സ്റ്റാമ്പിങ് സംവിധാനം നിലവിൽവന്നതോടെ പുതിയ സ്റ്റാമ്പ് വെണ്ടർമാർക്ക് ലൈസൻസ് അനുവദിക്കേണ്ടതില്ലെന്ന നിയമമാണ് എടവണ്ണയിലും കുരുക്കായത്.
എന്നാൽ നിലവിൽ വെണ്ടർ ഔട്ട്ലെറ്റുകൾ നടത്തുന്നവരുടെ മരണംമൂലവും മറ്റും വെണ്ടർമാരുടെ ക്ഷാമമുള്ളതായി പലയിടങ്ങളിൽനിന്നും പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇത്തരം ഔട്ട്ലെറ്റുകളിൽ ആശ്രിതരെ നിയമിക്കാമെന്ന ഉത്തരവുമുണ്ടായി. ആശ്രിതരുടെ അഭാവത്തിൽ യോഗ്യരായ മറ്റുള്ളവരെ ആറുമാസ കാലയളവിലേക്ക് പുതുക്കിനൽകുന്ന രീതിയിൽ നിയമനം നൽകാമെന്നും ഉത്തരവിലുണ്ട്. നിലവിൽ ഔട്ട്ലെറ്റുകൾ ഇല്ലാത്ത രജിസ്ട്രാർ ഓഫീസ് പരിധികളിലും സ്റ്റാമ്പ് വെണ്ടർ ലൈസൻസ് അനുവദിക്കണമെന്ന ആവശ്യങ്ങളാണ് ഉയരുന്നത്.