നന്ദിപറയാൻ ഒന്നാംറാങ്കുകാരി മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി

മലപ്പുറം : അനിശ്ചിതത്വം അവസാനിച്ചതിന്റെയും അസി. പ്രൊഫസറായി നിയമനം ഉറപ്പായതിന്റെയും സന്തോഷം പ്രകടിപ്പിക്കാൻ ഒന്നാം റാങ്കുകാരി എം. റഷീദ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി.
പി.എസ്.സി. ഉറുദു അസി. െപ്രാഫസർ റാങ്ക് പട്ടികയിൽ ഒന്നാംറാങ്ക് നേടിയിട്ടും നിയമനസാധ്യത മങ്ങിയ ഘട്ടത്തിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുകയും കാലാവധി അവസാനിക്കുന്നതിനുമുൻപ് പട്ടികയിലെ ഒന്നാംറാങ്കുകാരെ നിയമിക്കാനുള്ള ശുപാർശ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് റഷീദയ്ക്കും നിയമനം ഉറപ്പായത്.
2023 ഫെബ്രുവരിയിൽ നിലവിൽവന്ന പട്ടികയിൽനിന്ന് നിയമനമുണ്ടാകുമെന്ന് മുൻ സർക്കാർ ഉറപ്പുനൽകിയിരുന്നെങ്കിലും കാലാവധി അവസാനിക്കാറായിട്ടും നടപടിയുണ്ടായില്ല.
വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെത്തുടർന്ന് വിഷയം മന്ത്രിസഭായോഗം ചർച്ചചെയ്യുകയും ഉറുദു അസി. െപ്രാഫസർ ഉൾപ്പടെയുള്ള കാലാവധിതീരുന്ന നാല് റാങ്കുപട്ടികകളിലെ ഒന്നാംറാങ്കുകാരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്താൻ തീരുമാനിക്കുകയും ചെയ്തു.
നിയമനത്തിനായി ഉന്നതവിദ്യാഭ്യാസവകുപ്പ് ഇറക്കിയ ഉത്തരവ് വെള്ളിയാഴ്ച റഷീദയ്ക്ക് കൈമാറി.
പി.എസ്.സി. നിയമന നടപടികൾ വൈകാതെ തുടങ്ങുന്നതോടെ കോളേജ് അധ്യാപനമെന്ന സ്വപ്നത്തിലേക്ക് വഴിതുറക്കും.
ഇതിന്റെ സന്തോഷം അറിയിക്കാനാണ് റഷീദയും ഭർത്താവ് പടിഞ്ഞാറ്റുമുറി കുരുണിയൻപറമ്പിൽ അസ്കർ അലിയും മക്കളായ അമാനുൽ അയാനും ആദം സയാനുമൊപ്പം പാണ്ടിക്കടവത്ത് വീട്ടിലെത്തിയത്. ‘നന്ദി പറയാൻ വാക്കുകളില്ല. നഷ്ടപ്പെട്ടൂവെന്ന് കരുതിയ ജീവിതമാണ് തിരിച്ചുതന്നത്..’ റഷീദ പറഞ്ഞു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.എ. സലാം, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി, യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി കെ. ഫാരിസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.