പ്രവാസി കൂട്ടായ്‌മകൾ സമൂഹത്തിന് താങ്ങും തണലും -പി.കെ. നവാസ് എം.എൽ.എ.

താനൂർ : പ്രവാസി കൂട്ടായ്‌മകൾ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്നത് ഏറെ മാതൃകാപരമാണെന്ന് പി.കെ. നവാസ് എം.എൽ.എ.

കുവൈത്ത് കെ.എം.സി.സി. സെക്യൂരിറ്റി സ്‌കീം അംഗമായിരിക്കെ മരിച്ച ഒഴൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡ് സ്വദേശിയുടെ കുടുംബത്തിന് സെക്യൂരിറ്റി സ്‌കീം വിഹിതമായി ലഭിച്ച അഞ്ചുലക്ഷം രൂപ കൈമാറുകയായിരുന്നു അദ്ദേഹം.

വൃക്കരോഗിക്കുള്ള സഹായധനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. മുത്തുക്കോയ തങ്ങൾ എം.കെ. കുഞ്ഞേനിക്ക്‌ കൈമാറി.

എം.എൽ.എ.യ്ക്കുള്ള കുവൈത്ത് കെ.എം.സി.സി. താനൂർ മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് ജാഫർ പറമ്പാട്ട് സമ്മാനിച്ചു. ജില്ലാ ട്രഷറർ ഷിയാസ് പുകയൂർ അധ്യക്ഷനായി.

മുസ്‌ലിം ലീഗ് മണ്ഡലം ജനറൽസെക്രട്ടറി നൂഹ് കരിങ്കപ്പാറ, ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് സക്കീന കുന്നത്ത്, പഞ്ചായത്തംഗം സി.പി. മുംതാസ്, സമീർ ചെട്ടിപ്പടി, ജില്ലാസെക്രട്ടറി അയ്യൂബ് പുതുപ്പറമ്പ്, കുവൈത്ത് കെ.എം.സി.സി. മണ്ഡലം പ്രസിഡന്റ് ജാഫർ പറമ്പാട്ട് എന്നിവർ സംസാരിച്ചു.