നടുവട്ടം വികസനം; കൈയേറ്റം തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി

സർവേ വിഭാഗമെത്തിസ്ഥലമളന്നു
എടപ്പാൾ : സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കുകൊണ്ട് വീർപ്പുമുട്ടുന്ന നടുവട്ടം ടൗണിന്റെ നവീകരണത്തിനു വഴിയൊരുക്കാൻ പൊതുമരാമത്തുവകുപ്പ് ഭൂമിയിലെ കൈയേറ്റം തിരിച്ചുപിടിക്കൽ ആരംഭിച്ചു.
തിരുവനന്തപുരത്തുനിന്ന് ടൗൺ വികസനസാധ്യത പഠിക്കാൻ സംഘമെത്തിയതിനു പുറകെയാണ് വികസനത്തിനുപയോഗിക്കാനാകുന്ന പരമാവധി സ്ഥലം പ്രയോജനപ്പെടുത്താൻ സർവേ വിഭാഗം സ്ഥലത്തെത്തിയത്.
ടൗണിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. ഇതിൽ കടക്കാരുടെയും സ്ഥാപന ഉടമകളുടെയും കൈവശത്തിലുള്ള സ്ഥലങ്ങളെല്ലാം അടയാളപ്പെടുത്തി. കൈയേറ്റങ്ങൾ ഉടമകൾ സ്വമേധയാ ഒഴിയാൻ സമയംകൊടുക്കും. ശേഷിക്കുന്നവ പോലീസ് സഹായത്തോടെ തിരിച്ചുപിടിക്കും.
സംസ്ഥാനപാതയിലും കാഞ്ഞിരമുക്ക്-നടുവട്ടം റോഡിന്റെ ആരംഭത്തിലുമാണ് കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ അളന്ന് കല്ലിട്ടിട്ടുണ്ട്.
സംസ്ഥാനപാതയിൽ എടപ്പാളിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള നടുവട്ടത്തെ ഗതാഗതക്കുരുക്കുസംബന്ധിച്ച് മാതൃഭൂമി നൽകിയ വാർത്തയെത്തുടർന്ന് കെ.ടി. ജലീൽ എം.എൽ.എ. നാലുകോടിയുടെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പ്രാവർത്തികമായിരുന്നില്ല. പുത്തൻപള്ളി, കാഞ്ഞിരത്താണി റോഡുകളും തൃശ്ശൂർ-കുറ്റിപ്പുറം റോഡും സംഗമിക്കുന്ന ഈ പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ടൗണിനെ മനോഹരമാക്കി വികസനപാതയിലേക്കു നയിക്കാനുമുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
വി.എസ്. ജോയ് എം.എൽ.എ., മന്ത്രി പി.കെ.ബഷീറിനെ ഇവിടെയെത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടൗൺ വികസനത്തിനുള്ള വഴി തുറന്നത്. ടൗണിൽ തൃശ്ശൂർ റോഡിൽ പിലാക്കൽ പള്ളിക്കപ്പുറംമുതൽ കണ്ണഞ്ചിറവരെയുള്ള ഭാഗത്തെ കൈയേറ്റങ്ങളെല്ലാമൊഴിപ്പിച്ച് വീതികൂട്ടി റോഡും ഡിവൈഡറും ഡ്രൈനേജും കാത്തിരിപ്പുകേന്ദ്രവുമെല്ലാം നിർമിച്ച് മനോഹരമാക്കാനാണ് പദ്ധതി. ടൗണിന്റെ മധ്യത്തിൽ റൗണ്ട് എബൗട്ടുമുണ്ടാകും.
കൈയേറ്റങ്ങൾ ഒഴിപ്പിച്ചശേഷം ആർക്കിടെക്ചർ വിഭാഗം വികസന രൂപരേഖ തയ്യാറാക്കും. അതനുസരിച്ച് പൊന്നാനി പൊതുമരാമത്തുവിഭാഗം തയ്യാറാക്കുന്ന എസ്റ്റിമേറ്റിനാവശ്യമായ തുക അനുവദിച്ചാണ് പദ്ധതി നടപ്പാക്കുക. താലൂക്ക് സർവേയർ പി. പ്രവീൺ, പൊതുമരാമത്തുവകുപ്പ് എ.ഇ. എൻ. ഷജിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സർവേക്ക് എത്തിയത്.