കാളികാവിലെ രണ്ട് ബസ്‌സ്റ്റാൻഡുകളും ശോച്യാവസ്ഥയിൽ

കാളികാവ് : കാളികാവിലെ രണ്ട് ബസ്‌സ്റ്റാൻഡുകളിലും യാത്രക്കാർക്ക് ദുരിതം. ബസുകൾ കയറാതെ വിജനമായിക്കിടക്കുകയാണ് അങ്ങാടി ബസ്‌സ്റ്റാൻഡ്. ജങ്ഷൻ ബസ്‌സ്റ്റാൻഡിലാകട്ടെ അശാസ്ത്രീയമായി നിർമിച്ച ശൗചാലയം യാത്രക്കാർക്ക് പ്രയോജനപ്പെടുന്നുമില്ല.

യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ രണ്ട് സ്റ്റാൻഡുകളിലും ബസുകൾ കയറിയിറങ്ങണമെന്ന ആവശ്യത്തിന് വർഷങ്ങളായിട്ടും പരിഹാരമായിട്ടില്ല. കരുവാരക്കുണ്ട്, നിലമ്പൂർ, മാളിയേക്കൽ, അടയ്ക്കാക്കുണ്ട് ഭാഗങ്ങളിലേക്കുള്ള ബസുകൾ കയറേണ്ട അങ്ങാടി സ്റ്റാൻഡിലേക്ക് വർഷങ്ങളായി ബസുകൾ എത്തുന്നില്ല.

സ്റ്റാൻഡിന് മുൻപിലൂടെ കടന്നുപോകുന്ന ബസുകൾപോലും യാത്രക്കാരെ റോഡരികിലാണ് ഇറക്കുന്നത്. ഇതോടെ സ്റ്റാൻഡിലെത്താനും അവിടെനിന്ന് ബസ് കയറാനും യാത്രക്കാർ പ്രയാസപ്പെടുകയാണ്. നിലമ്പൂർ, കരുവാരക്കുണ്ട് ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കുന്നത് ദുരിതം വർധിപ്പിക്കുകയാണ്.

കോഴിക്കോട്, മഞ്ചേരി, വണ്ടൂർ ഭാഗങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള ബസുകൾ എത്തുന്ന ജങ്ഷൻ സ്റ്റാൻഡിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുണ്ട്. ഇവിടത്തെ ശൗചാലയം പുതുക്കിപ്പണിതെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ശൗചാലയം പ്രവർത്തനസജ്ജമാക്കിയാൽ അങ്ങാടി സ്റ്റാൻഡിലേക്ക് ബസുകൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.

എന്നാൽ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ആദ്യഘട്ടത്തിൽ പോലീസിന്റെ ഗതാഗത നിയന്ത്രണത്തെത്തുടർന്ന് രണ്ട് സ്റ്റാൻഡുകളിലും ബസുകൾ കയറിയിറങ്ങിയിരുന്നു. പിന്നീട് നിയന്ത്രണം ഇല്ലാതായതോടെ അങ്ങാടി സ്റ്റാൻഡിലേക്കുള്ള ബസ് സർവീസ് നിലച്ചു. മലയോര ഹൈവേ നിർമാണം തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പ്രവൃത്തി പൂർത്തിയായിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായില്ല.

സി.പി.എം. രാപകൽ സമരം ഇന്ന്

: സി.പി.എം. കാളികാവ് ലോക്കൽ കമ്മിറ്റി വ്യാഴാഴ്ച രാവിലെ 10 മുതൽ വെള്ളിയാഴ്ച രാവിലെ പത്തുവരെ രാപകൽ സമരം നടത്തും. രണ്ട് സ്റ്റാൻഡുകളിലും ബസുകൾ കയറിയിറങ്ങാൻ ക്രമീകരണം ഏർപ്പെടുത്തുക, ജങ്ഷൻ ബസ്‌സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ യാത്രക്കാർക്ക് ഉപയോഗിക്കാൻ പ്രാപ്തമാക്കുക, രണ്ടിടങ്ങളിലും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.