ലോക ഹൃദയദിനത്തിൽ ഹൃദയചികിത്സയുമായി ഇ.എം.എസ്. ആശുപത്രി

പെരിന്തൽമണ്ണ : ലോക ഹൃദയദിനവുമായി ബന്ധപ്പെട്ട് ഇ.എം.എസ്. മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ആശുപത്രി ഹൃദ്രോഗലക്ഷണങ്ങൾ നേരത്തേ മനസ്സിലാക്കാനും അതിനൂതന ചികിത്സാസൗകര്യങ്ങൾ വിലയിരുത്താനും സി.എം.ഇ. ‘കാർഡിയോളജി അപ്ഡേറ്റ്സ് 2026’ അക്കാദമിക് പ്രോഗ്രാം സംഘടിപ്പിച്ചു.

‘ഡോൺട് മിസ്സ് എ ബീറ്റ്’എന്ന സന്ദേശവുമായി ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ‘ഹൃദയപൂർവം’പരിപാടി ഭാഗമായാണ് പരിപാടി നടത്തിയത്.

ഹൃദയാരോഗ്യ വാരാചരണത്തിന്റെ ഉദ്ഘാടനം ഇ.എം.എസ്. ആശുപത്രി ചെയർമാൻ വി.പി. അനിൽ നിർവഹിച്ചു. ആശുപത്രി വൈസ് ചെയർമാൻ ഡോ. വി.യു. സീതി അധ്യക്ഷനായി. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. മോഹൻദാസ് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചു.

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അംഗം ഡോ. എ.വി. ജയകൃഷ്ണൻ ഹൃദയവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കി. അക്കാദമിക് സെഷനിൽ ഇന്റർവെൻഷൽ കാർഡിയോളജിസ്റ്റുമാരായ ഡോ. സുനിൽ പിഷാരൊടി, ഡോ. രാജഗോപാൽ എന്നിവർ ഹൃദ്രോഗ പ്രതിരോധം, ആധുനിക ഇന്റർവെൻഷണൽ ചികിത്സാരീതി, തുടങ്ങിയവയെക്കുറിച്ച് സംസാരിച്ചു.

ഇ.എം.എസ്. ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ കാർഡിയോളജി മേധാവി ഡോ. സി. സോമനാഥൻ, ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നൂറോളംപേർ പങ്കെടുത്തു.