പണി തുടങ്ങി, മൂന്നുമാസത്തിനകം പൂർത്തിയാക്കും

കെ.എസ്.ആർ.ടി.സി.യിലെ വാഹനം പൊളിക്കൽ കേന്ദ്രം

ഏഴുവാഹനങ്ങൾ പൊളിക്കാനെടുത്തു

എടപ്പാൾ : പതിനഞ്ചുവർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാനായി കേന്ദ്രസർക്കാർ നിർദേശാനുസരണം കേരളത്തിലാരംഭിക്കുന്ന വാഹനംപൊളിക്കൽ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. കണ്ടനകം കെ.എസ്.ആർ.ടി.സി. വർക്‌ഷോപ്പിന്റെ ഭൂമിയിൽനിന്ന് വാടകക്കനുവദിച്ച മൂന്നേക്കർ ഭൂമിയിലാണ് കേന്ദ്രം ആരംഭിക്കുന്നത്.

ഇവിടുത്തെ മരങ്ങളെല്ലാം മുറിച്ചുമാറ്റി മണ്ണുനീക്കി കെട്ടിടം നിർമിക്കാനുള്ള ജോലികൾക്കാണ് തുടക്കമായിട്ടുള്ളത്. കെ.എസ്.ആർ.ടി.സി.യും-സിംകോ ആർ.വി.എസ്.എഫും സംയുക്തമായാണ് ഈ സംരംഭമാരംഭിക്കുന്നത്. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് താമസിക്കാൻ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച തകരാറായ ക്വാർട്ടേഴ്‌സുകൾ പൊളിച്ച് അതടക്കമുള്ള സ്ഥലത്താണ് സംരംഭമാരംഭിക്കാനിരുന്നത്.

ഫെബ്രുവരി 19-ന് അന്നത്തെ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ തറക്കല്ലിടലും നടത്തി. പിന്നീട് ചെറിയ പ്രവൃത്തികൾ മാത്രമാണ് നടന്നത്.

എട്ടുമാസത്തിനകം പ്രവർത്തനസജ്ജമാകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും സാങ്കേതികപ്രശ്നങ്ങളും തിരഞ്ഞെടുപ്പു വന്ന് സർക്കാർ മാറിയതുമടക്കമുള്ള പ്രശ്നങ്ങളുമാണ് കാലതാമസത്തിന് കാരണമെന്ന് സിംകോ എക്സിക്യുട്ടീവ് ഡയറക്ടർ സന്ദീപ് കൃഷ്ണൻ പറഞ്ഞു.

ഇവർക്ക് നൽകിയ ഭൂമിയിലുള്ള മൂന്ന് ക്വാർട്ടേഴ്‌സുകൾക്ക് പകരം പുതിയത് പണിത് താമസക്കാരെ മാറ്റാനുള്ള ശ്രമങ്ങളുമാരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തിലേക്ക് സംസ്ഥാന പാതയിൽനിന്ന് നേരിട്ട് പ്രവേശിക്കാനുള്ള വഴിയും അഗ്നിശമന സേനയുടെ അംഗീകാരവുമെല്ലാമായിട്ടുണ്ട്.

ഇതുകഴിഞ്ഞാൽ പൂനെയിൽനിന്നുള്ള കേന്ദ്ര പ്രതിനിധി സംഘം പരിശോധിച്ച് അംഗീകാരം നൽകിയാൽ മൂന്നുമാസത്തിനകം കേന്ദ്രം പ്രവർത്തനമാരംഭിക്കും. പൊളിക്കാനുള്ള വാഹനങ്ങൾ എടുക്കാനും അവയ്ക്ക് സർട്ടിഫിക്കറ്റ് നൽകാനുമുള്ള അംഗീകാരം ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഏഴു വാഹനങ്ങൾ ഇവർ പൊളിക്കാനെടുക്കുകയും ചെയ്തു. ഇതിൽ രണ്ടെണ്ണം എടപ്പാളിലും ബാക്കി ചാലക്കുടി യാർഡിലും സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളാണ് എടപ്പാൾ കേന്ദ്രത്തിന്റെ പ്രവർത്തന പരിധിയിലുൾപ്പെടുക.