മൂളപ്പുറം-വെള്ളായിക്കോട് പാലം; പ്രതീക്ഷയോടെ നാട്ടുകാർ

വാഴയൂർ : മൂളപ്പുറം-വെള്ളായിക്കോട് പാലത്തിനായുള്ള മൂന്നു പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിന് ഇത്തവണയെങ്കിലും അറുതിയാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ.

കഴിഞ്ഞദിവസം ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തതാണ് പ്രതീക്ഷയ്ക്ക് വകനൽകുന്നത്.മലപ്പുറം ജില്ലയിലെ വാഴയൂർ, കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ചാലിയാറിന് കുറുകെയുള്ള നിർദിഷ്ട മൂളപ്പുറം- വെള്ളായിക്കോട് പാലം. 1994-ൽ മൂളപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച തോണിമറിഞ്ഞ് ആറുപേർ മരിച്ചതിനു പിന്നാലെ, ഇവിടെ പാലം നിർമിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതാണ്. നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും പ്രതിഷേധപരിപാടികൾ നടത്തിയിട്ടും പാലംവരുന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല.രണ്ടുതവണ ബജറ്റിൽ ടോക്കൺ സംഖ്യ വകയിരുത്തുകയും മണ്ണു പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

നിർദിഷ്ട പാലത്തിന് കിഴക്ക് രണ്ടുകിലോമീറ്ററിനുള്ളിൽ ഗ്രീൻഫീൽഡ് ഹൈവേയിൽ പാലത്തിന് ശുപാർശയുണ്ട്. പടിഞ്ഞാറ് ഭാഗത്ത് രണ്ടുകിലോമീറ്ററിനുള്ളിൽ പൊന്നേംപാടം, മണക്കടവ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് പാലം നിർമിക്കണമെന്ന ആവശ്യവുമായി കർമസമിതി രംഗത്തുണ്ട്. ഇതിനിടയിലാണ് മൂളപ്പുറം-വെള്ളായിക്കോട് പാലം നിർമാണം വീണ്ടും ചർച്ചയാകുന്നത്.ടി.പി. അഷ്‌റഫലി എം.എൽ.എ. കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.

ജില്ലാ പഞ്ചായത്തംഗം ജൈസൽ എളമരം, പാലം ആക്ഷൻ കമ്മിറ്റി ചെയർമാൻ ദിനേഷ് പെരുമണ്ണ. കൺവീനർ ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. മൂസാ ഫൗലദ്, പെരുമണ്ണ പഞ്ചായത്തംഗങ്ങളായ എൻ.വി. അബ്ദുൽ മജീദ്, ടി.പി. ബിൽസി, വാഴയൂർ പഞ്ചായത്തംഗം ടി.സി. മുർഷിദ്, ഒ. ബിനിഷ, ടി. ബഷീർ തയ്യിൽതൊടി, ആർ.എം. ഉമ്മുജമീല, രമ്യ തട്ടാടിൽ, വി.പി. മനോജ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ വി.പി. അഹ്‌മദ് കബീർ, ടി.പി. വാസുദേവൻ, കുഞ്ഞുമൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.