നടപ്പാത കൈയേറ്റം കാൽനടക്കാർ എന്തുചെയ്യാൻ

എടപ്പാൾ : നഗരത്തിലെ റോഡുകൾ ഗതാഗതക്കുരുക്കിലമരുമ്പോൾ കാൽനടയാത്രികരാണ് പ്രയാസപ്പെടുന്നത്.

നടപ്പാതകളിൽ കച്ചവടക്കാരുടെയും കച്ചവടവാഹനങ്ങളുടെയും തിരക്കാണ്. എടപ്പാൾ, തൃശ്ശൂർ റോഡിൽ ബി.എസ്.എൻ.എൽ. ഓഫീസിന് എതിർവശത്ത് പെട്ടി ഓട്ടോയിലെത്തുന്ന കച്ചവടക്കാരുടെ തിരക്കാണ്.

പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വ്യാപാരകേന്ദ്രമാണിവിടം. ഉപജീവനത്തിനായുള്ള കച്ചവടമാണെങ്കിലും നടപ്പാതയിലേക്കിറങ്ങിയുള്ള കച്ചവടത്തിൽ കാൽനടയാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

കുറ്റിപ്പുറം റോഡിൽ പുതിയ കെട്ടിടങ്ങളെല്ലാം നിർമിക്കുന്നത് റോഡിൽനിന്നും നടപ്പാതയിൽനിന്നും കൃത്യമായ അകലം പാലിച്ചാണ്. എന്നാൽ ചില വ്യാപാരികൾ ഈ സ്ഥലങ്ങൾകൂടി തങ്ങളുടേതാക്കി സ്ഥാപനം നടപ്പാതയിലേക്കിറക്കുംവിധമാണ് കച്ചവടം നടത്തുന്നത്. തട്ടുകടകളെന്നപേരിൽ നിരവധി സ്ഥാപനങ്ങളാണ് ഷെഡുകൾ കെട്ടി റോഡരികിൽ പ്രവർത്തിക്കുന്നത്.

അനധികൃത കച്ചവടത്തെക്കുറിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ ഇക്കാര്യമുന്നയിച്ചതിനെത്തുടർന്ന് ഇവ ഒഴിപ്പിക്കാൻ മിനിറ്റ്‌സിൽ തീരുമാനമെഴുതിവെച്ചെങ്കിലും ഒന്നും നടന്നില്ല.

പഞ്ചായത്ത് സെക്രട്ടറി വിളിച്ചാൽ വരുമെന്നതാണ് പോലീസ് നിലപാട്.

സെക്രട്ടറി വിളിച്ചിട്ടുമില്ല. ലക്ഷങ്ങൾ അഡ്വാൻസും വാടകയും നൽകി മുറിയെടുത്ത് നിയമാനുസൃതം കച്ചവടംചെയ്യുന്നവർ കച്ചവടമില്ലാതെ പ്രയാസപ്പെടുമ്പോഴാണ് വാടകയും നിയമവുമൊന്നുമില്ലാതെ വലിയ കച്ചവടങ്ങൾ തെരുവിൽ നടക്കുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം.