വയോജനങ്ങളെ ചേർത്തുപിടിച്ച്...

പെരിന്തൽമണ്ണ : ലോക വയോജനദിനത്തിൽ വിവിധ പ്രദേശങ്ങളിൽ വയോജനങ്ങളെ ആദരിച്ചു. മികച്ച പ്രവർത്തനങ്ങളിലൂടെയാണ് നാട്ടുകാർ മുതർന്ന പൗരന്മാർക്ക് ആദരമൊരുക്കിയത്. നഗരത്തിന്റെ ശ്രദ്ധയാകർഷിച്ച് പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വയോജന സ്‌നേഹാദര വിളംബരജാഥ. പെരിന്തൽമണ്ണ നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.

ഐ.എം.എ. പെരിന്തൽമണ്ണ, പെരിന്തൽമണ്ണ നഗരസഭ, മർച്ചന്റ്സ് അസോസിയേഷൻ, ട്രോമാകെയർ എന്നിവയുടെ സഹകരണത്തോടെയാണ് സ്‌നേഹാദര വിളംബരജാഥ നടന്നത്.

വ്യാഴാഴ്ച രാവിലെ 7.30-ന് പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനു സമീപമുള്ള ഹൈടെക്ക് ഷോപ്പിങ് കോംപ്ലക്‌സിൽ നിന്ന്‌ ആരംഭിച്ച വിളംബരജാഥ നഗരം ചുറ്റി പെയിൻ ആൻഡ് പാലിയേറ്റീവ് കോംപ്ലക്സിൽ സമാപിച്ചു. ജാഥയിൽ അൽജാമിയ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, അലിഗഡ് മുസ്‍ലിം യൂണിവേഴ്‌സിറ്റി, എം.എസ്.ടി.എം. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ഓക്‌സ്ട്രാക്ക്‌സ് അക്കാദമി, എൻ.എസ്.എസ്. സ്റ്റുഡന്റ് പാലിയേറ്റീവ്, ഡോട്ട് സൈനിക് അക്കാദമി, പെരിന്തൽമണ്ണ മെക് സെവൻ തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനയുടെയും പ്രാതിനിധ്യമുണ്ടായി.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ കദീജ, യൂസഫ് രാമപുരം, ഡോ. വി.യു. സീതി, പി.പി. സൈതലവി, കുറ്റീരി മാനുപ്പ, പി.പി. അബൂബക്കർ, ഡോ. ഫെബിന സീതി, ഡോ. നീലാർ മുഹമ്മദ്, ട്രോമാകെയർ പെരിന്തൽമണ്ണ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, കെ.പി. ഷൈജൽ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം നഗരസഭാ ഉപാധ്യക്ഷൻ എം.ബി. ഫസൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. ഷാജി അബ്ദുൾ ഗഫൂർ അധ്യക്ഷനായി. ഡോ. എസ്. രാംദാസ്, കെ.പി.എം. സക്കീർ, ഇ.കെ. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.

മങ്കട : ലോക വയോജന ദിനാചരണത്തോടനുബന്ധിച്ച് മങ്കട ബ്ലോക്ക് പഞ്ചായത്തും ആർ.ജി.എസ്.എ. ബ്ലോക്ക് പ്രോഗ്രാം മാനേജ്മെൻറ് യൂണിറ്റും ചേർന്ന് ദിനാചരണം നടത്തി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ജുവൈരിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. കെ.പി. സാദിഖലി, റുമൈസ കുന്നത്ത്, ആലുക്കൽ അയ്യപ്പൻ, സബിദ രാജേഷ്, സെക്രട്ടറി എം. മജീദ്, പി.പി. നാരായണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

പട്ടിക്കാട് : മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയം പഴയ തലമുറയുടെ പാട്ടും പറച്ചിലും ഒത്തുചേരലും സൗഹൃദവുമൊക്കെയായി ‘കട്ടനും പാട്ടും’ എന്ന പേരിൽ വയോജനസംഗമം നടത്തി. ഒരു കപ്പ് കട്ടൻചായക്കൊപ്പം പഴയകാല ഓർമ്മകളും സൗഹൃദവും പങ്കുവെച്ച സംഗമം മുതിർന്നവർക്ക് വേറിട്ട ഒരനുഭവമായി മാറി.

ഗ്രന്ഥാലയം പ്രസിഡന്റ് ജാഫർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിറോസ് കാരാടൻ, അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. മണികണ്ഠൻ തേലക്കാട്, സലീം പച്ചീരി, ഹംസ തെക്കൻ, നജീബ് പച്ചീരി, ഉസ്മാൻ കാരാടൻ, മുഹമ്മദലി മുണ്ടന്തോടി, ലിഷിത സുഭാഷ് തുടങ്ങിയവർ പാട്ടുകൾ പാടി ഓർമ്മകൾ പങ്കുവെച്ചു.

ആലിപ്പറമ്പ് : ആലിപ്പറമ്പ് മണ്ഡലം ഐ.എൻ.ടി.യു.സി. കമ്മിറ്റി വയോജനദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന വിമുക്തഭടൻ കരുപറമ്പിൽ ബാലകൃഷ്ണനെ ആദരിച്ചു. വാർഡംഗം നെടുമ്പട്ടി മോഹൻദാസ്, ഒലിയത്ത് മോഹനൻ, വെള്ളിത്തൊടി മോഹൻദാസ്, കരിയങ്ങാട്ടിൽ കൃഷ്ണൻ, റഫീഖ് ആലിപ്പറമ്പ്, ആയിഷക്കുട്ടി, മഹിളാ കോൺഗ്രസ് നേതാക്കളായ ശ്രീജ, ജീന, ആശ വർക്കർ സുധ, വേരേങ്ങിൽ ദാസൻ, വട്ടത്തൊടി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

താഴേക്കോട് പി.ടി.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ മാനു ഹാജി, മുൻ പ്രഥമാധ്യാപകനായിരുന്ന വീരാവുണ്ണി എന്നിവരെ ആദരിച്ചു.

പ്രഥമാധ്യാപകൻ ടി. അബ്ബാസ്, മൻസൂർ അലി, സിന്ധു, ബുഷ്‌റ, ഖമർ ലൈല, ജലീൽ, റഫീഖ് മുഹമ്മദ്, ഷാജി മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു.

കൊളത്തൂർ : രാജ്യത്തിന്റെ പുരോഗതിക്ക് ജീവിതത്തിലെ നല്ലകാലം ഉപയോഗപ്പെടുത്തിയ മുതിർന്ന പൗരന്മാരെ ചേർത്തുപിടിച്ച് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ പറഞ്ഞു. ലോക വയോജന ദിനാചരണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തും ആർ.ജി.എസ്.എ.യും ബ്ലോക്ക് പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഹനീഫ പെരിഞ്ചീരി അധ്യക്ഷനായി.

സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. സ്വാദിഖലി, റുമൈസ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആലുക്കൽ അയ്യപ്പൻ, സബിദ രാജേഷ്, ടി. സാബിറ, സെക്രട്ടറി എം. മജീദ്, പി.പി.എം. നാരായണിക്കുട്ടി, കെ. യശോദ, പി. സാവിത്രി എന്നിവർ സംസാരിച്ചു.