തിരുനാവായയിൽ നടക്കുന്നത് കുംഭമേളയല്ല, മാഘമഹോത്സവം -സ്വാമി ചിദാനന്ദപുരി

മഞ്ചേരി : 2027 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തിരുനാവായയിൽ നടക്കുന്നത് കുംഭമേളയല്ലെന്നും 28 ദിവസത്തെ മാഘമഹോത്സവമാണെന്നും സ്വാമി ചിദാനന്ദപുരി. 'സനാതനം' മഞ്ചേരി അഭയവരദഹസ്ത ഹാളിൽ സംഘടിപ്പിച്ച സത്സംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാഘത്തിന് കേരളത്തിലെ സന്ന്യാസിമാരുടെ കൂട്ടായ്‌മയായ മാർഗദർശകമണ്ഡലിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻകൂടിയായ സ്വാമി പറഞ്ഞു.

ചടങ്ങിൽ സപ്തനദികൾക്കൊപ്പം ഭാരതപ്പുഴയെയും ചേർത്ത് എട്ടുനദികൾക്കും കേരളീയ, ഉത്തരേന്ത്യൻ രീതികളിൽ മഹാആരതി നടത്തും. വിവിധ സന്ന്യാസിമാരുടെയും താന്ത്രിക, വൈദിക, യോഗ, ജ്യോതിഷ, വാസ്തു ആചാര്യരുടെയും നേതൃത്വത്തിൽ നദീപൂജയുമുണ്ടാകും. ഹരിതചട്ടം പാലിച്ചായിരിക്കും ഉത്സവം സംഘടിപ്പിക്കുക.

മഹോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം 12-ന്‌ വൈകീട്ട് മൂന്നിന് തിരുനാവായ ഭവൻസ് സ്‌കൂളിൽ ചേരും. പി.കെ. വിജയൻ അധ്യക്ഷനായി. രവീന്ദ്രനാഥൻ കരുവാരക്കുണ്ട്, കെ. ബാലസുബ്രഹ്മണ്യൻ, പി.വി. മുരളീധരൻ, രാമചന്ദ്രൻ പാണ്ടിക്കാട് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജാവലിൻ ത്രോയിൽ ഒന്നാംസ്ഥാനം നേടിയ എം. നന്ദകിഷോറിനെ സ്വാമി ചിദാനന്ദപുരി ഉപഹാരംനൽകി അനുമോദിച്ചു.