അസാപ് കേരളയും സ്‌കെയിൽഅപ്പ് വില്ലേജും കൈകോർക്കുന്നു

ധാരണാപത്രത്തിൽ ഒപ്പിട്ടു

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ മണ്ഡലത്തിലെ വിദ്യാഭ്യാസ-സംരംഭകത്വ-തൊഴിൽനൈപുണ്യ രംഗത്ത് മുന്നേറ്റത്തിനു കളമൊരുക്കി സംസ്ഥാന സർക്കാരിനു കീഴിലെ അസാപ് കേരളയും നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള പെരിന്തൽമണ്ണയിലെ ‘സ്‌കെയിൽഅപ്പ് വില്ലേജും’ ൈകകോർക്കുന്നു. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ ഔദ്യോഗിക ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

യുവജനങ്ങൾക്കും വിദ്യാർഥികൾക്കും ആധുനിക കാലഘട്ടത്തിനനുയോജ്യമായ നൈപുണ്യ പരിശീലനവും തൊഴിലവസരങ്ങളും നൽകുകയാണ് ‘സ്‌കെയിൽ അപ്പ്’ പദ്ധതിയുടെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്ന പൊതുമേഖലാ സ്ഥാപനമാണ് അസാപ് കേരള. ഇരുവരും ഒന്നിക്കുന്നത് വിദ്യാർഥികളുടെയും യുവതലമുറയുടെയും സംരംഭകരുടെയും വളർച്ചയ്ക്കും പുരോഗതിക്കും സഹായകരമാകുമെന്ന് നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു. വിദ്യാർഥികളുടെ അഭിരുചിയും കഴിവുകളും ശാസ്ത്രീയമായി വിലയിരുത്തുന്ന അസാപിന്റെ ‘അസാപ് എയ്‌സ്’ പ്ലാറ്റ്ഫോം പദ്ധതിയുമായി സംയോജിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് കൃത്യമായ കരിയർ മാർഗനിർദ്ദേശം ലഭിക്കും.

തൊഴിൽവിപണി ആവശ്യപ്പെടുന്ന നൈപുണ്യങ്ങൾ വളർത്തിയെടുക്കാനും പരമ്പരാഗത വിദ്യാഭ്യാസത്തോടൊപ്പം പ്രായോഗിക പരിശീലനം ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കും. കോർപ്പറേറ്റ് കമ്പനികളുടെ സി.എസ്.ആർ. ഫണ്ടുകൾ, സർക്കാരിന്റെ ഗ്രാന്റുകൾ എന്നിവ ഉപയോഗപ്പെടുത്തി ഫലപ്രദമായ രീതിയിൽ വിവിധ അഭിരുചി പരിശോധനയും പരിശീലന പരിപാടികളും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വിദഗ്ധരുടെ നേതൃത്വത്തിലുള്ള മെന്റർഷിപ്പ്, വർക് ഷോപ്പുകൾ, സെമിനാറുകൾ എന്നിവയിലൂടെ വിദ്യാർഥികളിൽ സംരംഭകത്വ മനോഭാവവും നവീകരണശേഷിയും വളർത്തിയെടുക്കാനും പദ്ധതിയിലൂടെ സാധിക്കും.

അസാപ് കേരള ചീഫ് ഫിനാൻസ് ഓഫീസർ പ്രീതി ലിയോണൾഡും സ്‌കെയിൽഅപ്പ് വില്ലേജ് ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ.യും ചേർന്നാണ് മൂന്ന് വർഷത്തേക്ക് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.