ഉച്ചാരക്കടവ് പാലം ഉഷാർ; തകർന്ന് കൈവരികൾ

#ഷാജി മേലാറ്റൂർ

മേലാറ്റൂർ : വെള്ളിയാറിനു കുറുകെ ബ്രീട്ടീഷുകാരുടെ കാലത്ത് നിർമിച്ച ഉച്ചാരക്കടവ് പാലം ഉഷാറാണെങ്കിലും കൈവരികളെല്ലാം കാലപ്പഴക്കത്താലും വാഹനങ്ങളിടിച്ചും തകർന്ന അവസ്ഥയാണ്.

രണ്ടു സംസ്ഥാനപാതകൾ കടന്നുപോകുന്നതാണ് ഉച്ചാരക്കടവ് പാലം. വർഷമേറെ പഴക്കമുണ്ടെങ്കിലും ഭാരംകയറ്റിയതുൾപ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങളെ താങ്ങാനുള്ള ശേഷിയുണ്ട് പാലത്തിന്.

എന്നാൽ കൈവരികളിൽ ചിലതിന്റെ സിമന്റ് ഇളകിനീങ്ങിയും കമ്പികൾ പുറത്തേക്കു തള്ളിയ അവസ്ഥയിലുമായിട്ടുണ്ട്. പൊതുവേ വീതികുറഞ്ഞ പാലമായതിനാൽ ഒരേസമയം വലിയ രണ്ടു വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നുപോകാൻ പ്രയാസമാണ്.

ഇതറിയാതെ പാലത്തിലേക്കു വാഹനങ്ങൾ കയറ്റുമ്പോൾ ഇടിച്ചും രാത്രികാലങ്ങളിൽ വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുമ്പോൾ ഇടിച്ചുമാണ് കൈവരികൾ മിക്കതും തകർന്നത്. പാലത്തിനിരുവശത്തും റോഡിൽ വലിയ വളവായതിനാൽ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണമൊന്നുതെറ്റിയാൽ പാലത്തിൽ വന്നിടിക്കുമെന്നത് ഉറപ്പാണ്.

അതുകൊണ്ടുതന്നെ പാലത്തിൽ ചെറുതും വലുതുമായ ഇടികൾ പതിവാണ്. നിലവിൽ കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാനപാതയും നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാനപാതയും കടന്നുപോകുന്ന പാലംകൂടിയാണിത്.

റോഡ് നവീകണത്തിലുൾപ്പെടുത്തി പാലം പുതുക്കിപ്പണിയണമെന്ന ജനകീയ ആവശ്യം നിലനിൽക്കുന്നുണ്ടെങ്കിലും അതിനുള്ള നടപടികളൊന്നും നിലവിലില്ല. പാലത്തിന്റെ പൊട്ടിയതും തകർന്നതുമായ കൈവരികളെങ്കിലും പുതിക്കിപ്പണിയാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.