താക്കീതായി സി.പി.എം. മാർച്ച്

അക്രമത്തിന്റെ വാൾ ഉറയിലിട്ടില്ലെങ്കിൽ ശക്തമായ പ്രതിരോധം -എ. വിജയരാഘവൻ

മലപ്പുറം : കാലിക്കറ്റ്‌ സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ താക്കീതായി സി.പി.എമ്മിന്റെ എസ്.പി. ഓഫീസ് മാർച്ച്. നൂറുകണക്കിനു പ്രവർത്തകർ അണിനിരന്ന മാർച്ചിൽ മുസ്‍ലിം ലീഗിനും പോലീസിനുമെതിരേ രൂക്ഷമായ വിമർശനമാണുയർന്നത്. എസ്.എഫ്.ഐ. പ്രവർത്തകരെ ആശുപത്രിയിൽക്കയറി ആക്രമിച്ച എം.എസ്.എഫ്. നേതാക്കളെ അറസ്റ്റുചെയ്യുക, പോലീസിന്റെ വിദ്യാർഥിവേട്ട അവസാനിപ്പിക്കുക, കാലിക്കറ്റ് സർവകലാശാലാ കാമ്പസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തിൽ നീതിപൂർവമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കുള്ള റോഡിൽ ബാരിക്കേഡുവെച്ച് പോലീസ് മാർച്ച് തടഞ്ഞു.

മുസ്‍ലിം ലീഗും എം.എസ്.എഫും അക്രമത്തിന്റെ വാൾ ഉറയിലിട്ടില്ലെങ്കിൽ ശക്തമായ പ്രതിരോധം തീർക്കുമെന്ന് മാർച്ച് ഉദ്ഘാടനംചെയ്ത സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. അടിയേറ്റ എസ്.എഫ്.ഐ.ക്കാരുടെ വീട്ടിൽ പോലീസും മർദിച്ച എം.എസ്.എഫുകാർക്ക് അൽഫാമും എന്നതാണ് അവസ്ഥ. പോലീസ് നീതിപൂർവം പെരുമാറിയില്ലെങ്കിൽ പ്രതിരോധിച്ചുതന്നെ സി.പി.എം. മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസുകാർ ക്രിമിനലുകളായി രംഗത്തുവന്നാൽ തിരിച്ചടിക്കുമെന്നും സഹിക്കാൻപറ്റാത്ത അവസ്ഥയുണ്ടായാൽ കമ്യൂണിസ്റ്റുകൾ നോക്കിനിൽക്കില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ പറഞ്ഞു. ജില്ലാ സെക്രട്ടറി വി.പി. അനിൽ, സംസ്ഥാനകമ്മിറ്റിയംഗം പി.കെ. സൈനബ എന്നിവർ പ്രസംഗിച്ചു.